- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഴ മാറി നിന്ന അന്തരീക്ഷത്തിൽ നിഹാലിന് നാടിന്റെ യാത്രാമൊഴി; വീട്ടിലും, ജുമാമസ്ജിദ് അങ്കണത്തിലും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത് വൻജനാവലി; തെരുവ്നായ്ക്കൾ കീറിമുറിച്ച കുട്ടിയുടെ വേർപാടിൽ സങ്കടം താങ്ങാൻ വയ്യാതെ മുഴപ്പിലങ്ങാട് നിവാസികൾ; സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കണ്ണൂർ: വീടിന് സമീപം കളിച്ചു കൊണ്ടിരിക്കെ തെരുവ് നായ്ക്കൂട്ടം കടിച്ചു കൊന്ന നിഹാലിന് ജന്മനാടിന്റെ യാത്രാമൊഴി നിഹാലിന് അശ്രുപൂജയേകാൻ മുഴപ്പിലങ്ങാട് കെട്ടിനകത്തെ ദാറുൽ റഹ്‌മ വീട്ടിലും മൃതദേഹം പൊതുദർശനത്തിൽ വെച്ച കെട്ടിനകം ജുമാമസ്ജിദ് അങ്കണത്തിലും വൻ ജനാവലിയാണ് ഒഴുകിയെത്തിയത്.
മഴവിട്ടു മാറിയ മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ തലശേരി ജനറൽ ആശുപത്രിയിൽ നിന്നും പോസ്റ്റുമോർട്ടത്തിനു ശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് വീട്ടിലെത്തിച്ചത്. തുടർന്ന് കുടുംബാംഗങ്ങളും ബന്ധുക്കളും ജനപ്രതിനിധികളും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരും അന്തിമോപചാരമർപ്പിച്ചു. അര മണിക്കൂറോളം വീട്ടിൽ പൊതു ദർശനത്തിന് വെച്ച ശേഷം മൃതദേഹം പൊതു ദർശനത്തിനായി കെട്ടിനകം ജുമാ മസ്ജിദ് അങ്കണത്തിലേക്ക് മാറ്റി. അവിടെയും തെരുവ് നായ്ക്കളാൽ അരുംകൊല ചെയ്യപ്പെട്ട നിഹാലിനെ ഒരു നോക്കു കാണാൻ വൻ ജനാവലി കാത്തു നിന്നിരുന്നു.
മന്ത്രി വി.എൻ വാസവൻ, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ , മുൻ മന്ത്രി പി.കെ ശ്രീമതി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് തുടങ്ങിയവർ വീട്ടിലും കെട്ടിനകം ജുമാ മസ്ജിദ് അങ്കണത്തിലുമായി അന്തിമോപചാരമർപ്പിച്ചു. തുടർന്ന് എടക്കാട് മണ പുറം ജുമാ മസ്ജിദിൽ കബറടക്കി.
മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
തെരുവ് നായയുടെ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ നിഹാൽ മരിക്കാനിടയായ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സംഭവത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ഉത്തരവിട്ടു. ജൂലൈയിൽ കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
നിഹാലിന്റെ ശരീരമാസകലം മുറിവുകൾ
മുഴപ്പിലങ്ങാട് തെരുവുനായകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിഹാൽ നിഷാദിന്റെ ശരീരമാസകലം മുറിവുകളെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. നിഹാലിന്റെ കണ്ണിന് താഴെയും കഴുത്തിനു പുറകിലും അരയ്ക്കു താഴെയും ആഴത്തിൽ മുറിവുകളുണ്ട്. ഇടതുതുടയിലെ മാംസം മുഴുവനായും കടിച്ചെടുത്ത നിലയിലാണ്. അതിക്രൂരമായി കുട്ടി ആക്രമിക്കപ്പെട്ടെന്ന് വ്യക്തമാക്കുന്നതാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്.
കുട്ടിയുടെ ശരീരമാസകലം നായകൾ കടിച്ചതിന്റെ മുറിവകളുണ്ടെന്നാണ് റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്. ഒന്നിലധികം നായകൾ കുട്ടിയെ ആക്രമിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ നിന്ന് മനസ്സിലാകുന്നത്. കുട്ടിയുടെ ഇടത് കാലിന് സാരമായ രീതിയിൽ പരിക്കേറ്റിരുന്നു. പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. നിഹാലിന്റെ പിതാവ് ബഹ്‌റൈനിൽ നിന്ന് വൈകുന്നേരത്തോടെയേ എത്തിച്ചേരൂ. എടക്കാട് മണപ്പുറം ജുമാ മസ്ജിദിലാണ് സംസ്‌കാരം.
ഞായറാഴ്ച വൈകിട്ടാണു തെരുവുനായയുടെ ആക്രമണത്തിൽ നിഹാൽ മരിച്ചത്. കളിക്കുന്നതിനിടെ വൈകിട്ട് അഞ്ചുമണിയോടെ കുട്ടിയെ കാണാതായിരുന്നു. പിന്നീട് തെരുവുനായയുടെ ആക്രമണത്തിൽ ബോധരഹിതനായ കുട്ടിയെ നാട്ടുകാരാണ് ഒഴിഞ്ഞ പറമ്പിൽനിന്നും കണ്ടെത്തിയത്. വീട്ടിൽ നിന്നും അരക്കിലോമീറ്റർ അകലെയാണു കുട്ടി കിടന്നിരുന്നത്. മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടിയാണു നിഹാൽ. സംസാരശേഷിയും ഇല്ല. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
കുട്ടിയുടെ തല മുതൽ കാൽപ്പാദം വരെ നിരവധി മുറിവുകളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കഴുത്തിന് പുറകിലും ചെവിക്ക് പുറകിലും ഇടത് കണ്ണിന് താഴെയും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.
നിഹാലിനെ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് വീട്ടിൽ നിന്നും കാണാതായത്. കുട്ടിക്ക് സംസാര ശേഷിയും ഉണ്ടായിരുന്നില്ല. നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ അരക്കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പുരയിടത്തിൽ നിന്നും എട്ടരയോടെ ചലനമറ്റ നിലയിൽ കുട്ടിയെ കണ്ടെത്തി. അരക്ക് താഴെ മാംസം മുഴുവൻ നായ്ക്കൾ കടിച്ചെടുത്ത നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്.