അടൂർ: ഓൺലൈൻ ഷെയർ ട്രേഡ് നടത്തി കടുത്ത സാമ്പത്തിക ബാധ്യത നേരിട്ട യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു. ഏഴംകുളം തൊടുവക്കാട് ഈട്ടിവിളയിൽ ടെസൻ തോമസ് (32) ആണ് മരിച്ചത്. കിടപ്പുമുറിയിൽ ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് മൃതദേഹം കണ്ടത്. കോടികളുടെ ബാധ്യത ടെസനുണ്ടായിരുന്നുവെന്ന് പറയുന്നു.

കഴിഞ്ഞ ഡിസംബർ 28 നായിരുന്നു ടെസന്റെ വിവാഹം. രണ്ടാഴ്ചയ്ക്ക് ശേഷം ഭാര്യ അവരുടെ വീട്ടിലേക്ക് മടങ്ങിയെന്നും പറയുന്നു. കുടുംബത്തിലും അസ്വാരസ്യങ്ങളുണ്ടായി. വീട്ടുകാർക്ക് വലിയ ഒരു തുക ബാധ്യത വരുത്തി വച്ചിരുന്നു. ഓൺലൈനിലും നേരിട്ടും വായ്പയെടുത്തു. നാട്ടിൽ പലരിൽ നിന്നും വൻ തുക ടെസൻ വായ്പയാവയി വാങ്ങിയിരുന്നുവെന്ന് പറയുന്നു.

സാമ്പത്തികമായി വളരെയധികം മെച്ചപ്പെട്ട കുടുംബമായിരുന്നു ടെസന്റേത്. ഓൺലൈൻ ഷെയർമാർക്കറ്റ് ട്രേഡിന് ഇറങ്ങിയതോടെ ഇയാൾ അതിന് അഡിക്ട് ആവുകയായിരുന്നുവെന്ന് പറയുന്നു. ചെറിയ ചെറിയ ബാധ്യതകൾ മറികടക്കാൻ കടം വാങ്ങി വലിയ കടക്കെണിയിൽപ്പെട്ടു പോവുകയായിരുന്നു. കടബാധ്യതയും വീട്ടിലെയും കുടുംബജീവിതത്തിലെയും അസ്വസ്ഥതകളാണ് ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.