കണ്ണൂർ: ഇം. എം. എസ് ഉൾപ്പെടെയുള്ള നേതാക്കൾക്ക് അടിയന്തിരാവസ്ഥക്കാലത്ത് ആതിഥ്യമരുളിയ ആദ്യകാല കമ്യൂണിസ്റ്റ് നേതാവും ലോകപ്രശസ്ത മാധ്യമപ്രവർത്തകനുമായ ബർലിൻ കുഞ്ഞനന്തൻ നായരുടെ ഭാര്യ ശ്രീദേവിപുരത്തെ കോളങ്കട നടുവിലെ വീട്ടിൽ കെ. എൻ സരസ്വതി അമ്മ(90) അന്തരിക്കുമ്പോൾ അവസാനിക്കുന്നത് സമാനതകളില്ലാത്ത കമ്മ്യൂണിസ്റ്റ് ജീവിതം. സംസ്‌കാരം നാറാത്തെ വീട്ടുവളപ്പിൽ നടക്കും. പരേതരായ പുളിയങ്കോട്ട് കല്യാട് വീട്ടിൽ കണ്ണൻ നായരുടെയും കോളങ്കട നടുവിലെ വീട്ടിൽ പാർവതിയുടെയും മകളാണ്.ഏകമകൾ ഉഷ(ബർലിൻ) മരുമകൻ: ബർണർ റിസ്റ്റൻ(ബർലിൻ) സഹോദരങ്ങൾ:രുഗ്മിണിയമ്മ, പരേതായ തങ്കം.

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളെ ഭരണകൂടം വേട്ടയാടിയിരുന്ന അടിയന്തിരാവസ്ഥക്കാലത്ത് ഒട്ടേറെ കമ്യൂണിസ്റ്റ് നേതാക്കൾ ഒളിവിൽ കഴിഞ്ഞത് ബർലിന്റെ വീട്ടിലായിരുന്നു. ജർമനിയിലെ ബർലിനിൽ ബ്ളിറ്റ്സിൽ ലേഖകനായി ജോലി ചെയ്തിരുന്ന ബർലിൻ കുഞ്ഞനന്തൻ നായർ മടങ്ങിയ ശേഷം ഇരുവരും നാറാത്ത വീട്ടിലായിരുന്നു താമസം. ബർലിന്റെ മരണം ശേഷം വാർധക്യസഹജമായ അസുഖങ്ങളാൽ ഏകാന്തജീവിതം നയിച്ചുവരികയായിരുന്നു സരസ്വതി അമ്മ.സി.പി. എമ്മിലെ വിഭാഗീതയ ആളിക്കത്തിയ കാലത്ത് വി. എസ് അച്യുതാനന്ദനോട് അനുഭാവംകാണിച്ചതിന് പാർട്ടിയിലെ പിണറായി വിഭാഗം ശത്രുവായി തുറന്നു പ്രഖ്യാപിച്ച ബർലിൻ കുഞ്ഞനന്തൻ നായർ പാർട്ടി ഊരുവിലക്കിന് ഇരയായിരുന്നു.

എന്നാൽ പിന്നീട് പിണറായി വിജയൻ മുഖ്യമന്ത്രിയായതിനു ശേഷം പാർട്ടിയിലേക്ക് തിരിച്ചുവന്ന ബർലിൻ കുഞ്ഞനന്തൻ നായർ പിന്നീട് പ്രാദേശിക നേതൃത്വത്തിന്റെ സംരക്ഷണയിലായിരുന്നു. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെയാണ് അദ്ദേഹത്തിന്റെ അവസാനനാളുകൾ തള്ളിനീക്കിയിരുന്നത്. ഇ.കെ നായനാർക്കൊപ്പം ദേശാഭിമാനി ബാലസംഘം രൂപീകരിച്ചതിലും അതിന്റെ പ്രഥമ പ്രസിഡന്റായി പ്രവർത്തിക്കുകയും ചെയ്ത ബർലിൻ സി.പി. എമ്മിലെ ദേശീയ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയെ ഇല്ലാതാക്കാൻ അമേരിക്കൻ ചാരസംഘടനയായ സി. ഐ. എ നടത്തുന്ന അണിയറനീക്കങ്ങൾ തന്റെ പുസ്തകത്തിലൂടെ അനാവരണം ചെയ്ത ബർലിൻ ലോക ശ്രദ്ധ തന്നെ നേടിയ മാധ്യമപ്രവർത്തകരിലൊരാളായിരുന്നു.

എന്നാൽ പാർട്ടി വിഭാഗീയത കത്തി നിൽക്കുന്ന കാലത്ത് അദ്ദേഹം പിണറായി വിജയനും കൂട്ടരുടെയും വലതുപക്ഷ വ്യതിയാനം തുറന്നുകാണിച്ചെഴുതിയ പൊളിച്ചെഴുത്ത് എന്ന ആത്മകഥാംശം നിറഞ്ഞ പുസ്തകം കേരള രാഷ്ട്രീയത്തിൽ തന്നെ ഏറെ വിവാദമായിരുന്നു. അന്നത്തെ പാർട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ മകൾ വീണാവിജയനു കോയമ്പത്തൂരിലെ മാത അമൃതാനന്ദമയിയുടെ എൻജിനിയറിങ് കോളേജിൽ അഡ്‌മിഷനു വേണ്ടി പോയതിന്റെ അനുഭവങ്ങൾ പിണറായി പക്ഷത്തെ ഏറെ പ്രകോപിപ്പിച്ചിരുന്നു. സ്വാശ്രയകോളേജുകൾക്കെതിരെ എസ്. എഫ്. ഐയും ആൾദൈവങ്ങൾക്കെതിരെ ഡി.വൈ. എഫ്. ഐയും സമരം നടത്തുന്ന കാലയളവിലാണ് ശരാശരിയിൽ താഴെ മാർക്കുള്ള വീണാവിജയനു അഡ്‌മിഷനു വേണ്ടി പിതാവെന്ന നിലയിൽ പിണറായി വിജയൻ നടത്തിയ ഇടപെടലുകൾ ബർലിൻ തന്റെ ആത്മകഥയിൽ തുറന്നെഴുതിയത്.

ക്യാപ്റ്റൻ കൃഷ്ണൻനായരെപ്പോലുള്ളവരുടെ സഹായം ഈക്കാലത്ത് പാർട്ടി സംസ്ഥാന സെക്രട്ടറി സ്വീകരിച്ചതും ബർലിന്റെ പൊളിച്ചെഴുത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. വി. എസ് അച്യുതാനന്ദനുമായി ഏറെ വൈകാരിക ബന്ധം പുലർത്തിയ ബർലിനെ കാണാൻ വി. എസ്് മുഖ്യമന്ത്രിയായ വേളയിൽ പലതവണ നാറാത്തെ വീട്ടിലെത്താറുണ്ടായിരുന്നു. പാർട്ടി നാറാത്ത് ബ്രാഞ്ച് അംഗത്തിൽ നിന്നും അച്ചടക്ക നടപടി സ്വീകരിച്ചു പുറത്താക്കിയ ബർലിനെ സന്ദർശിക്കുന്നതിൽ നിന്നും വി. എസ് അച്യുതാനന്ദനെ അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ നേതൃത്വത്തിൽ വിലക്കിയിരുന്നുവെങ്കിലും വി. എസ് അതൊന്നും ഗൗനിക്കാത്തത് രാഷ്ട്രീയ വിവാദമായിരുന്നു.

എം. എൻ വിജയന്റെ നേതൃത്വത്തിൽ പുരോഗമനകലാസാഹിത്യസംഘത്തിലെ ചിലർ പാർട്ടിക്കുള്ളിലെ നാലാംലോകവാദങ്ങളെയും വിദേശഫണ്ടിങിനെയും അതിശക്തമായി എതിർത്തു ഉൾപാർട്ടി സമരം ആരംഭിച്ചതോടെയാണ് ബർലിൻ ഇതിനെ അനുകൂലിച്ചു രംഗത്തു വന്നത്. തോമസ് ഐസക്ക്, എം. എ ബേബിയുൾപ്പെടെയുള്ള പിണറായി വിഭാഗത്തിലെ നേതാക്കൾക്കെതിരെയായിരുന്നു പാർട്ടിയിലെ കലാപം. എന്നാൽ ഇതിനെ ഉരുക്കുമുഷ്ടികൊണ്ടു നേരിട്ട പിണറായി വിജയൻ തന്റെ അദ്ധ്യാപകൻ കൂടിയായ എം. എൻ വിജയനെ വ്യക്തിപരമായി കടന്നാക്രമിക്കുകയും മരിച്ചപ്പോൾ അനുശോചനകുറിപ്പിൽ മികച്ച കലാലയ അദ്ധ്യാപകൻ എന്നു മാത്രം വിശേഷിപ്പിച്ചു അവഹേളിക്കുകയും ചെയ്തു.

ഇതിന്റെ ചുവടുപിടിച്ചു ബർലിൻ കുഞ്ഞനന്തൻ നായരെ പാർട്ടി ശത്രുവായി പ്രഖ്യാപിച്ചു സി.പി. എം കണ്ണൂർ ജില്ലാകമ്മിറ്റി നാറാത്ത് രാഷ്ട്രീയ വിശദീകരണയോഗം വിളിച്ചു ചേർക്കുകയും വ്യക്തിപരമായി ബർലിനെ അവഹേളിക്കുകയും ഭീഷണിപ്പെടുത്തി പ്രസംഗിക്കുകയും ചെയ്തു. താൻ ആദ്യം വിചാരിച്ചത് ബർലിൻ വെളുത്തിട്ടാണെന്നായിരുന്നുവെന്നും എന്നാൽ പിന്നീടാണ് മനസിലായത് അതു വെള്ളപ്പാണ്ടാണെന്നുമാണെന്നാണ് ഈ പൊതുസമ്മേളനത്തിനിടെ ഇന്നത്തെ പിണറായി പക്ഷത്തെ ഒരു പ്രമുഖ നേതാവ് ബോഡിഷെയിം ചെയ്തുകൊണ്ടു ബർലിനെതിരെ പ്രസംഗിച്ചത്.ടി.പി ചന്ദ്രശേഖരന്റെ വിധവ കെ.കെ രമയെ ആശ്വസിപ്പിക്കാൻ ചെന്നതും ടി.പി കൊലപാതകത്തിൽ സി.പി. എമ്മിനെ പ്രതിക്കൂട്ടിൽ നിർത്തിയതും ബർലിനെതിരെ പിണറായിയുടെ പകവർധിപ്പിക്കാൻ ഇടയായി. പാർട്ടിയിൽ വിഭാഗീയതയുടെ കൊടിയിറങ്ങി പിണറായി ഒന്നാംവട്ടം മുഖ്യമന്ത്രിയായപ്പോൾ രോഗശയ്യയിലായ ബർലിൻ ഒന്നു കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോഴും പലതവണ അന്ന് ജില്ലയിൽ വന്നുപോയിരുന്ന പിണറായി തയ്യാറായില്ല.

തന്റെ അവസാനകാലത്ത് ബർലിന്റെ വീട്ടിലേക്ക് പോകാൻ മാധ്യമപ്രവർത്തകർക്കു പോലും അനുമതിയുണ്ടായിരുന്നില്ല. വീട്ടിലുണ്ടായിരുന്ന ലാൻഡ് ലൈൻ ബി. എസ്. എൻ. എൽ ഫോണും പാർട്ടി പ്രാദേശിക നേതാക്കളാണ് കൈക്കാര്യം ചെയ്തിരുന്നത്. പാർട്ടി രാവണൻ കോട്ട കെട്ടി ബർലിനെ അടച്ചിടുകയായിരുന്നു. പാർട്ടിക്കായി തന്റെ സ്വത്തുക്കൾ ദാനം ചെയ്യാൻ തയ്യാറാണെന്ന ബർലിന്റെവാഗ്ദ്ധാനത്തിന്റെ ഭാഗമായിരുന്നു ഈ നിയന്ത്രണമേറ്റെടുക്കൽ.

എന്നാൽ മരിച്ചപ്പോൾ പോലും ബർലിനോടുള്ള പാർട്ടിക്കുള്ള വൈരാഗ്യം മാറിയില്ലെന്നതിന്റെ തെളിവായാണ് വെറും ചരമ പേജിൽ രണ്ടുകോളത്തിൽ ഒരു സാധാരണ ചരമമായി ബർലിന്റെ ഭാര്യ സരസ്വതിയുടെ വിയോഗ വാർത്ത ദേശാഭിമാനി അച്ചടിച്ചത്. ഇം. എം. എസ്, എ.കെ.ജി, സുന്ദരയ്യ, ജ്യോതി ബസു, തുടങ്ങി എണ്ണമറ്റ കമ്യൂണിസ്റ്റ് നേതാക്കളുമായി വ്യക്തിപരമായി ബന്ധമുള്ളവരായിരുന്നു ബർലിൻ കുഞ്ഞനന്തൻ നായരും അദ്ദേഹത്തിന്റെ സഹധർമ്മിണിയും. എന്നാൽ ഇതൊന്നും ദേശാഭിമാനി വാർത്തയിൽ പരാമർശിക്കുന്നില്ല. ബർലിനോട് മരിച്ചാലും തീരാത്ത പകയാണ് പാർട്ടിവെച്ചു പുലർത്തുന്നതെന്നതിന്റെ സൂചനയാണ് ബർലിന്റെ ഭാര്യയുടെ ചരമ വാർത്ത ഒതുക്കിയതിനു പിന്നിലെന്ന ആരോപണവും വിവിധ കോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്.