ന്യൂഡല്‍ഹി: സാമ്പത്തിക വിദഗ്ധനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ കൂടിയായ ബിബെക് ദെബ്രോയ് (69) അന്തരിച്ചു. രാവിലെ ഏഴുമണിയോടെയായിരുന്നു അന്ത്യമെന്ന് ഡല്‍ഹി എംയിസ് ആശുപത്രി അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക നയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള വ്യക്തിയായിരുന്നു.

പുണെയിലെ ഗോഖലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സ് ആന്‍ഡ് ഇക്കണോമിക്‌സ് (ജിഐപിഇ) ചാന്‍സലറായി പ്രവര്‍ത്തിച്ചിട്ടുള്ള ദെബ്രോയ് പത്മശ്രീ പുരസ്‌കാര ജേതാവുകൂടിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.

ബംഗ്ലാദേശില്‍ നിന്ന് നാല്‍പതുകളുടെ അവസാനം ഇന്ത്യയിലേക്ക് കൂടിയേറിയ കുടുംബമായിരുന്നു ബിബേക് ദെബ്രോയുടേത്. മേഘാലയയിലെ ഷില്ലോംഗില്‍ 1955 ലാണ് ഇദ്ദേഹം ജനിച്ചത്. കൊല്‍ക്കത്തയിലെ പ്രസിഡന്‍സി കോളേജ് വഴി ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കോണോമിക്‌സയിലൂടെ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജില്‍ വരെ എത്തിയ അദ്ദേഹം, സംഘപരിവാര്‍ രാഷ്ട്രീയത്തോട് ചായ്വ് പ്രകടിപ്പിച്ചിരുന്നു.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം നടപ്പാക്കിയ പല സാമ്പത്തിക നയങ്ങളുടെയും തലച്ചോറ് ദെബ്രോയി ആയിരുന്നു. ആസൂത്രണകമ്മീഷന്‍ എടുത്തു കളഞ്ഞ് നിതി ആയോഗ് കേന്ദ്രം നടപ്പാക്കിയപ്പോള്‍ അതിന്റെ ആദ്യ അംഗങ്ങളില്‍ ഒരാളായി ബിബേക് ദെബ്രോയിയെ സര്‍ക്കാര്‍ നിയമിച്ചു.

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ എന്ന ചുമതലക്കൊപ്പം മോദി സര്‍ക്കാരിന്റെ അമൃത്കാല്‍ പദ്ധതിക്കായി ധനമന്ത്രാലയം നിയമിച്ച് സമിതിയെയും അദ്ദേഹം നയിച്ചു. സംസ്‌കൃതത്തില്‍ പാണ്ഡിത്യമുള്ള ദെബ്രോയ് മഹാഭാരതവും ഭഗവദ് ഗീതയും ഉള്‍പ്പെടെയുള്ള ക്ലാസിക്കല്‍ ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 2015ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.