- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോസഫ് മാര്‍ ഗ്രിഗോറിയോസ് പിന്‍ഗാമിയാകണം; സഭയ്ക്ക് തീരുമാനിക്കാമെന്ന് വില്‍പ്പത്രത്തില്‍ ശ്രേഷ്ഠ ബാവ; അന്ത്യാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറുമടക്കം പ്രമുഖര്‍; കബറടക്ക ശുശ്രൂഷകളുടെ സമാപനത്തിന് തുടക്കം
ജോസഫ് മാര്‍ ഗ്രിഗോറിയോസ് പിന്‍ഗാമിയാകണമെന്ന് ശ്രേഷ്ഠ ബാവാ
കൊച്ചി: യാക്കോബായ സഭയുടെ ആത്മീയ ചൈതന്യവും കരുത്തുമായിരുന്ന ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് വിശ്വാസികള്‍. കബറടക്ക ശുശ്രൂഷകളുടെ സമാപനത്തിന് തുടക്കമായി. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ മാര്‍ അത്തനേഷ്യസ് കത്തീഡ്രലിലാണ് ചടങ്ങുകള്‍.
ബാവയുടെ വില്‍പ്പത്രം വായിച്ചു. ജോസഫ് മാര്‍ ഗ്രിഗോറിയോസ് പിന്‍ഗാമിയാകണമെന്നാണ് ആഗ്രഹം. എന്നാല്‍ സഭയ്ക്ക് തീരുമാനിക്കാമെന്നും വില്‍പ്പത്രത്തിലുണ്ട്. മൂന്ന് മണിയോടെ കബറടക്ക ശുശ്രൂഷകള്‍ ആരംഭിച്ചു. അഞ്ചോടെ ചടങ്ങുകള്‍ പൂര്‍ത്തിയാകും.
യാക്കോബായ സഭ ആഗോളതലവന്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ പ്രതിനിധികളായി അമേരിക്കന്‍ ആര്‍ച്ച് ബിഷപ്പ് ദിവാന്നാസിയോസ് ജോണ്‍ കവാക് മെത്രാപ്പോലീത്ത, ഇംഗ്‌ളണ്ടിലെ ആര്‍ച്ച് ബിഷപ്പ് അത്താനാസിയോസ് തോമ ഡേവിഡ് മെത്രാപ്പോലീത്ത എന്നിവര്‍ കബറടക്ക ശുശ്രൂഷകളില്‍ പങ്കെടുക്കുന്നുണ്ട്.
പ്രവൃത്തി മണ്ഡലമായിരുന്ന കോതമംഗലത്തും ജന്മസ്ഥലവും സഭാ ആസ്ഥാനവുമായ പുത്തന്‍കുരിശിലേക്കുള്ള വിലാപയാത്രയിലെയും ജനപങ്കാളിത്തം ബാവായ്ക്കുള്ള സ്‌നേഹാഞ്ജലിയായി. കോതമംഗലം മാര്‍ തോമന്‍ ചെറിയ പള്ളിയില്‍ കബറടക്ക ശുശ്രൂഷയുടെ ആദ്യ 2 ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നു. മൂന്നാമത്തെ ക്രമം വലിയ പള്ളിയിലും നടന്നു. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ എത്തിച്ച ശേഷം രാത്രി നാലും അഞ്ചും ക്രമങ്ങള്‍ നടന്നു. ഇന്നു രാവിലെ കുര്‍ബാനയ്ക്കു പിന്നാലെ 3 ക്രമങ്ങള്‍ നടന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി വി എന്‍ വാസവന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, നടന്‍ മമ്മൂട്ടി എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.കോതമംഗലത്ത് ചെറിയപള്ളി, മര്‍ത്തമറിയം വലിയപള്ളി എന്നിവിടങ്ങളില്‍ ഇന്നലെ ഭൗതികദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു.
ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള, എം.പിമാരായ ഡീന്‍ കുര്യാക്കോസ്, ബെന്നി ബഹനാന്‍, മന്ത്രി സജി ചെറിയാന്‍, എം.എല്‍.എമാരായ ആന്റണി ജോണ്‍, മോന്‍സ് ജോസഫ്, പി.വി. ശ്രീനിജിന്‍, എല്‍ദോസ് കുന്നപ്പിള്ളി, ചാണ്ടി ഉമ്മന്‍, മുന്‍ ചീഫ് സെക്രട്ടറി വി.പി. ജോയി തുടങ്ങിയവര്‍ അവിടെ അന്ത്യാഞ്ജലി അര്‍പ്പിച്ചു.വൈകിട്ട് നാലോടെ പ്രത്യേക ബസില്‍ ആരംഭിച്ച വിലാപയാത്ര മൂവാറ്റുപുഴ വഴി രാത്രി വൈകിയാണ് പുത്തന്‍കുരിശില്‍ എത്തിയത്. വഴിനീളെ നൂറുകണക്കിന് വിശ്വാസികള്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ കാത്തു നിന്നിരുന്നു.