ടോക്കിയോ: സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാന്‍ ഒസാമു സുസുക്കി (94) അന്തരിച്ചു. അര്‍ബുദ രോഗബാധിതനായിരുന്നു. ഡിസംബര്‍ 25-നായിരുന്നു മരണമെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. അര്‍ബുദ ബാധിതനായിരുന്നു. അടുത്ത കുടുംബങ്ങള്‍ മാത്രം പങ്കെടുത്തുകൊണ്ട് സംസ്‌കാര ചടങ്ങുകള്‍ സ്വകാര്യമായി നടത്തിയതായും കുടുംബം വ്യക്തമാക്കി.

40 വര്‍ഷത്തോളം സുസുക്കി കമ്പനിയെ നയിച്ചത് ഒസാമുവായിരുന്നു. സുസുക്കിയെ ജനപ്രിയ ബ്രാന്‍ഡാക്കി മാറ്റിയതില്‍ വലിയ പങ്കുവഹിച്ച ഒസാമു 2021ലാണ് കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നു മാറിയത്. 91-ാം വയസ്സിലാണ് അദ്ദേഹം തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 1958 ലാണ് ഒസാമു സുസുക്കിയില്‍ ചേരുന്നത്. പിന്നീട്, 1978-ല്‍ കമ്പനിയുടെ പ്രസിഡന്റായി. 28 വര്‍ഷം കമ്പനിയുടെ പ്രസിഡന്റായി തുടര്‍ന്ന ഒസാമു 2000-ത്തിലാണ് സുസുക്കി ചെയര്‍മാനായി ചുമതലയേല്‍ക്കുന്നത്.

ഒസാമു സുസുക്കിയുടെ ഭരണകാലത്ത് ചെറുകിട കാറുകളുടെ നിര്‍മാതാക്കളെന്ന നിലയില്‍ കമ്പനി തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. 1983-ല്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാനുള്ള തീരുമാനത്തിന് പിന്നിലും ഒസാമു തന്നെയായിരുന്നു.

ഒസാമുവിന്റെ കാലത്താണ് മാരുതി ചെറുകാറുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇന്ത്യയുമായി സഹകരിച്ച് മാരുതി ഉദ്യോഗ് ലിമിറ്റഡ് സ്ഥാപിച്ചതും ഒസാമുവിന്റെ കാലത്താണ്. മാരുതി 800 എന്ന ജനപ്രിയ ബ്രാന്‍ഡിന്റെ ഉപജ്ഞാതാവും അദ്ദേഹമാണ്. ജപ്പാനിലെ ജനപ്രിയ കാറായ സുസുക്കി ഓള്‍ട്ടോയില്‍നിന്നാണ് മാരുതി 800ന്റെ ജനനം.

1958ലാണ് ഒസാമു ഔദ്യോഗികമായി സുസുകി മോട്ടര്‍ കോര്‍പറേഷനില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ജൂനിയര്‍ മാനേജ്‌മെന്റ് തസ്തികയില്‍ തുടങ്ങി കമ്പനിയിലെ വിവിധ തസ്തികകളിലെ അനുഭവ സമ്പത്തുമായി 1963ല്‍ അദ്ദേഹം ഡയറക്ടര്‍ സ്ഥാനത്തെത്തി. ജൂനിയര്‍, സീനിയര്‍ തസ്തികകളിലേക്കുള്ള ചവിട്ടുപടികള്‍ കൂടി പിന്നിട്ട് 1978ല്‍ കമ്പനിയുടെ പ്രസിഡന്റും ചീഫ് എക്‌സിക്യുട്ടിവ് ഓഫിസറുമായി. 2000ല്‍ അദ്ദേഹം ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു. മൂന്നു ദശകങ്ങളായി നേതൃസ്ഥാനത്തു തുടര്‍ന്ന അദ്ദേഹം പ്രസിഡന്റ് പദവി മകന്‍ തൊഷിഹിറോ സുസുകിക്കു കൈമാറിയത്.