- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഴ്സായി യുകെയിലെത്തിയതിനു പിന്നാലെ തിരിച്ചറിഞ്ഞത് കാന്‍സര്‍ രോഗം; ഒടുവില്‍ പോരാട്ടം അവസാനിപ്പിച്ച് മരണത്തിന് കീഴടങ്ങി യുകെ മലയാളി അരുണ്‍ ശങ്കരനാരായണന്‍; പ്രിയപ്പെട്ടവന്റെ വേര്‍പാടില്‍ തകര്‍ന്ന് ഭാര്യയും ഏകമകനും
ലണ്ടന്‍: കാന്‍സര്‍ ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരണത്തിനു കീഴടങ്ങി. പെരുമ്പാവൂര്‍ സ്വദേശിയായ അരുണ്‍ ശങ്കരനാരായണന്‍ ആനന്ദ് (39) ആണ് വിടവാങ്ങിയത്. വെള്ളിയാഴ്ച അര്‍ദ്ധരാത്രി 11 മണിയോടെ നോട്ടിംഗ്ഹാം സിറ്റി ഹോസ്പിറ്റലില്‍ വച്ചാണ് മരണം സംഭവിച്ചത്. യുകെയിലെത്തി ജോലിയില്‍ പ്രവേശിച്ച് സ്വപ്നം കണ്ട ജീവിതം പടുത്തുയര്‍ത്താനുള്ള ശ്രമങ്ങള്‍ക്കിടെയാണ് അരുണിനെ കാന്‍സര്‍ ബാധിക്കുന്നതും കുടുംബം തോരാക്കണ്ണീരിലേക്ക് വഴുതിവീണതും. ഭാര്യ ഷീനയ്ക്കും ഏകമകന്‍ ആരവിനും ഒപ്പമായിരുന്നു നോട്ടിംഗ്ഹാമില്‍ അരുണ്‍ താമസിച്ചിരുന്നത്.
2021ലാണ് അരുണ്‍ യുകെയിലെത്തിയത്. തുടര്‍ന്ന് നോട്ടിംഗ്ഹാം സിറ്റി ഹോസ്പിറ്റലില്‍ നഴ്സായി ജോലിയില്‍ പ്രവേശിച്ചു. അതിനിടെയാണ് റെക്ടല്‍ കാന്‍സര്‍ ബാധിച്ചത് തിരിച്ചറിയുന്നത്. രോഗം കണ്ടെത്തിയപ്പോള്‍ തന്നെ അഡ്വാന്‍സ്ഡ് സ്റ്റേജില്‍ ആയതിനാല്‍ ചികിത്സയുടെ ഭാഗമായി അരുണ്‍ ജോലിയില്‍ വിട്ടു നില്‍ക്കുകയായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനാല്‍ കഴിഞ്ഞ ആറു മാസമായി നോട്ടിംഗ്ഹാം സിറ്റി ഹോസ്പിറ്റലിലെ പാലിയേറ്റീവ് വിഭാഗത്തില്‍ അഡ്മിറ്റ് ആയിരുന്നു. ചെറിയ കുട്ടി ഉള്ളതിനാലും അരുണിന് മുഴുവന്‍ സമയ ശുശ്രൂഷ ആവശ്യമുള്ളതിനാലും ഭാര്യ ഷീനയ്ക്കും ജോലിക്കു പോകാന്‍ സാധിച്ചിരുന്നില്ല.
പെരുമ്പാവൂര്‍ വെങ്ങോല സ്വദേശിയായ അരുണ്‍ 2021ല്‍ ആണ് കുടുംബ സമേതം യുകെയില്‍ എത്തിയത്. ഭാര്യ ഷീന ഇടുക്കി ഉപ്പുതറ സ്വദേശി ആണ്. ഏക മകന്‍ ആരവിന് ആറു വയസാണ് പ്രായം. അരുണിന്റെ മരണ വിവരം അറിഞ്ഞപ്പോള്‍ മുതല്‍ തന്നെ സാന്ത്വനവും സഹായ സഹകരണങ്ങളുമായി സുഹൃത്തുക്കളും, സഹപ്രവര്‍ത്തകരും, നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഭാരവാഹികളും കുടുംബത്തോടൊപ്പമുണ്ട്.