- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതം; ഹിന്ദി സിനിമയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചതിന്റെ റെക്കോര്‍ഡും; ബോളിവുഡിന്റെ 'ഹീ-മാന്‍' വിടവാങ്ങി; ഇതിഹാസ നടന്‍ ധര്‍മേന്ദ്രയുടെ വിയോഗം സ്ഥിരീകരിച്ച് കരണ്‍ ജോഹറുടെ ട്വീറ്റ്
മുംബൈ: ബോളിവുഡ് ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചു. 89 വയസ്സായിരുന്നു. ദീര്‍ഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെ തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് ധര്‍മേന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ധര്‍മ്മേന്ദ്രയുടെ വസതിയിലെത്തി. ധര്‍മേന്ദ്രയുടെ മരണവിവരം സ്ഥിരീകിരിച്ച് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്തു. ഡിസംബര്‍ 8ന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് അസുഖബാധിതനായത്. കഴിഞ്ഞ ഏപ്രിലില്‍ ഇദ്ദേഹത്തിന് നേത്രശസ്ത്രക്രിയ നടത്തിയിരുന്നു.
ശ്വാസതടസ്സത്തെത്തുടര്‍ന്ന് ഒക്ടോബര്‍ അവസാനം മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടന്‍, ആശുപത്രി വിട്ട് 12 ദിവസത്തിന് ശേഷമാണ് അന്തരിച്ചത്. 1960-ല്‍ 'ദില്‍ ഭി തേരാ ഹം ഭി തേരേ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ധര്‍മ്മേന്ദ്ര, 1960-കളില്‍ 'അന്‍പഥ്', 'ബന്ദിനി', 'അനുപമ', 'ആയാ സാവന്‍ ഝൂം കേ' തുടങ്ങിയ സിനിമകളില്‍ സാധാരണക്കാരന്റെ വേഷങ്ങള്‍ ചെയ്തുകൊണ്ടാണ് തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് അദ്ദേഹം 'ഷോലെ', 'ധരം വീര്‍', 'ചുപ്കെ ചുപ്കെ', 'മേരാ ഗാവ് മേരാ ദേശ്', 'ഡ്രീം ഗേള്‍' തുടങ്ങിയ ചിത്രങ്ങളില്‍ നായക വേഷങ്ങള്‍ ചെയ്തു. ഷാഹിദ് കപൂറും കൃതി സനോനും അഭിനയിച്ച 'തേരി ബാതോം മേം ഐസ ഉള്‍ഝാ ജിയ' എന്ന ചിത്രത്തിലാണ് ധര്‍മ്മേന്ദ്ര അവസാനമായി അഭിനയിച്ചത്. അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗസ്ത്യ നന്ദ നായകനാകുന്ന 'ഇക്കീസ്' ആണ് അദ്ദേഹത്തിന്റെ അടുത്ത ചിത്രം. ചിത്രം ഡിസംബര്‍ 25-ന് പുറത്തിറങ്ങും. ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് ധര്‍മേന്ദ്ര വിശേഷിപ്പിക്കപ്പെടുന്നത്. നടി ഹേമമാലിനിയാണ് ധര്‍മേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗര്‍ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ ഡിയോള്‍ എന്നിവരുള്‍പ്പെടെ 6 മക്കളുണ്ട്.
പഞ്ചാബിലെ ലുധിയാന ജില്ലയിലെ നസ്രാലി എന്ന ഗ്രാമത്തില്‍ 1935 ഡിസംബര്‍ 8നാണ് ധര്‍മേന്ദ്രയുടെ ജനനം. ലുധിയാനയിലെ ഗവണ്‍മെന്റ് സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആയിരുന്നു വിദ്യാഭ്യാസം. 1952ല്‍ ഫഗ്വാരയില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കി. 1960-ല്‍ പുറത്തിറങ്ങിയ 'ദില്‍ ഭി തേരാ ഹം ഭി തേരേ' എന്ന ചിത്രത്തിലൂടെയാണ് ധര്‍മേന്ദ്ര തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് പതിറ്റാണ്ടുകള്‍ ബോളിവുഡിന്റെ തലപ്പത്ത് ധര്‍മേന്ദ്ര നിലയുറപ്പിച്ചു. 60കളിലും 70കളിലും 80കളിലും ഹിന്ദി സിനിമകളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. ഹഖീഖത്ത്, ഫൂല്‍ ഔര്‍ പത്തര്‍, മേരാ ഗാവ് മേരാ ദേശ്, സീത ഔര്‍ ഗീത, ചുപ്കെ ചുപ്കെ, ഷോലെ തുടങ്ങിയ സിനിമകളിലെ തന്റെ വിസ്മയകരമായ പ്രകടനത്തിലൂടെ ധര്‍മേന്ദ്ര ബിഗ് സ്‌ക്രീനുകള്‍ ഭരിച്ചു. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും സുന്ദരനും വാണിജ്യപരമായി വിജയവും സ്വന്തമാക്കിയ ചലച്ചിത്ര താരങ്ങളില്‍ ഒരാളായി ധര്‍മ്മേന്ദ്ര മാറി.
ബോളിവുഡിന്റെ 'ഹീ-മാന്‍' എന്നായിരുന്നു ധര്‍മ്മേന്ദ്രയ്ക്ക് നല്‍കിയിരുന്ന വിശേഷണം. ആറ് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ അദ്ദേഹം 300ലധികം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹിന്ദി സിനിമയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചതിന്റെ റെക്കോര്‍ഡും ധര്‍മ്മേന്ദ്രയുടെ പേരിലാണ്. 1973ല്‍ അദ്ദേഹം എട്ട് ഹിറ്റുകളും 1987ല്‍ തുടര്‍ച്ചയായി ഏഴ് ഹിറ്റുകളും ഒമ്പത് വിജയ ചിത്രങ്ങളും നല്‍കി. ഇത് ഹിന്ദി സിനിമാ ചരിത്രത്തില്‍ എക്കാലത്തേയും റെക്കോര്‍ഡാണ്.
അന്‍ഖേന്‍, ശിക്കാര്‍, ആയാ സാവന്‍ ഝൂം കെ, ജീവന്‍ മൃത്യു, മേരാ ഗാവ് മേരാ ദേശ്, സീതാ ഔര്‍ ഗീത, രാജാ ജാനി, ജുഗ്‌നു, യാദോന്‍ കി ബാരാത്, ദോസ്ത്, ഛാസ്, പ്രതിഗ്ഗ്, ഗുലാമി, ഹുകുമത്, ആഗ് ഹി ആഗ്, എലാന്‍-ഇ-ജംഗ്, തഹല്‍ക്ക, അന്‍പദ്, ബന്ദിനി, ഹഖീഖത്ത്, അനുപമ, മംമ്ത, മജ്ലി ദീദി, സത്യകം, നയാ സമന, സമാധി, ദോ ദിശയെന്‍, ഹത്യാര്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധേയമായ സിനിമകളാണ്. 1990-കളുടെ അവസാനം മുതല്‍, വിജയകരവും പ്രശംസനീയവുമായ നിരവധി ക്യാരക്ടര്‍ റോളുകളില്‍ ധര്‍മേന്ദ്ര എത്തി. 1997ല്‍ ബോളിവുഡിന് നല്‍കിയ സംഭാവനകള്‍ക്ക് ഫിലിംഫെയര്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡും അദ്ദേഹത്തെ തേടി എത്തിയിരുന്നു.
2012ല്‍, ഇന്ത്യയിലെ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. മുന്‍ എംപി കൂടിയാണ് ധര്‍മേന്ദ്ര. 1954ല്‍ ആയിരുന്നു ആദ്യ ഭാര്യയായ പ്രകാശ് കൗറുമായുള്ള വിവാഹം. പിന്നീട് നടി ഹേമമാലിനിയെ വിവാഹം കഴിച്ചു. അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗസ്ത്യ നന്ദ പ്രധാന വേഷത്തില്‍ എത്തുന്ന ഇക്കിസയിലാണ് ധര്‍മേന്ദ്ര ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.




