തിരുവനന്തപുരം: പ്രശസ്ത കലാസംവിധായകന്‍ കെ ശേഖര്‍ (72) അന്തരിച്ചു. 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' ഉള്‍പ്പെടെയുള്ള ഹിറ്റ് സിനിമകളുടെ കലാസംവിധാനം നിര്‍വഹിച്ച ചലച്ചിത്രകാരനാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള സിനിമയിലെ ചരിത്രപുസ്തകത്തില്‍ അടയാളപ്പെടുത്തുന്ന ശ്രദ്ധേയ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് കെ ശേഖര്‍.

കേരള സര്‍വകാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദം നേടിയശേഷമാണ് കലാസംവിധാനരംഗത്തേക്ക് എത്തുന്നത്. 1982-ല്‍ ജിജോ പുന്നൂസ് സംവിധാനം ചെയ്ത 'പടയോട്ടം' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 'പടയോട്ടം 'എന്ന ചിത്രത്തിലെ കോസ്റ്റ്യൂം പബ്ലിസിറ്റി ഡിസൈനര്‍ ആയി പ്രവര്‍ത്തിച്ചു. ഇന്ത്യയിലെ ആദ്യത്തെ 70mm ചിത്രമായിരുന്നു പടയോട്ടം. 1982 നവോദയ സ്റ്റുഡിയോസിന്റെ ഭാഗമായ കെ ശേഖര്‍ മലയാളത്തിലെ ആദ്യ ത്രീഡി ചലച്ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന് വേണ്ടി കലാസംവിധാനം ഒരുക്കി.

'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സിനിമയിലെ 'ആലിപ്പഴം പെറുക്കാം' എന്ന പാട്ടില്‍ ശ്രദ്ധിക്കപ്പെട്ട കറങ്ങുന്ന മുറി രൂപകല്‍പ്പന ചെയ്തത് ഇദ്ദേഹമായിരുന്നു. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ലൂടെ കെ ശേഖറിന്റെ കലാ സംവിധാന മികവ് ഇന്ത്യ ഒട്ടാകെ ചര്‍ച്ച ചെയ്യപ്പെട്ടു. ഫാസില്‍ സംവിധാനം ചെയ്ത നോക്കത്ത ദൂരത്ത് കണ്ണും നട്ട്, പലേരിയുടെ ഒന്നു മുതല്‍ പൂജ്യം വരെ തുടങ്ങിയ സിനിമകളില്‍ കലാസംവിധായകനായി പ്രവര്‍ത്തിച്ചു. കമല്‍ഹാസന്‍ അഭിനയിച്ച മലയാള ചിത്രം ചാണക്യനിലും കെ ശേഖര്‍ കലാ സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.

ദീര്‍ഘനാളായി തിരുവനന്തപുരത്തെ വസതിയില്‍ വിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം. വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം വൈകുന്നേരം അഞ്ചിന് തൈക്കാട് ശാന്തികവാടത്തില്‍ മൃതദേഹം സംസ്‌കരിച്ചു.