മാവേലിക്കര: മാവേലിക്കര മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എം.മുരളി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 73 വയസായിരുന്നു. രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സമിതി സംസ്ഥാന ചെയര്‍മാനായിരുന്നു. ചെന്നിത്തല ചെറുകോല്‍ സ്വദേശിയായ ഇദ്ദേഹം 1991 മുതല്‍ 20 വര്‍ഷം മാവേലിക്കര എംഎല്‍എ ആയിരുന്നു. കെഎസ്‌യുവിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയത്. നിയമസഭയില്‍ ഏറ്റവും കൂടുതല്‍ സ്വകാര്യ ബില്ലുകള്‍ക്ക് അവതരണാനുമതി തേടി പ്രമേയം അവതരിപ്പിച്ചത് മുരളിയായിരുന്നു.

പതിവ് ചെക്കപ്പിനായി ഇന്നലെ വൈകുന്നേരത്തോടെ ആശുപത്രിയിലേക്ക് പോയതായിരുന്നു. അവിടെ വെച്ച് രോഗം മൂര്‍ച്ഛിക്കുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

മാവേലിക്കര ചെറുകോല്‍ വൈപ്പു വിളയില്‍ പരേതനായ കെ.പി. മാധവന്‍ പിള്ളയുടെയും വി.കെ. രാജമ്മയുടെയും മകനാണ്. 1969-ല്‍ കെ.എസ്.യു. അംഗമായി പൊതുപ്രവര്‍ത്തനത്തിലേക്കെത്തി. കെ.പി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറി, കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ദേശീയകൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

1987-ല്‍ ഡല്‍ഹിയിലെ ചേരിചേരാ രാഷ്ട്രങ്ങളിലെ യുവസമ്മേളനത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍, എം.ജി. സര്‍വകലാശാലയിലെ ആദ്യ സെനറ്റ് അംഗം കെ.എസ്.ഇ.ബി., കെ.എസ്.എഫ്.ഇ., കെ.എസ്.ആര്‍.ടി.സി., കേരള യുവജനക്ഷേമ ബോര്‍ഡ് തുടങ്ങിയവയില്‍ നേതൃസ്ഥാനത്തുണ്ടായിരുന്നു. 1991, 1996, 2001, 2006 വര്‍ഷങ്ങളില്‍ മാവേലിക്കരയെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. ദേവസ്വംബോര്‍ഡ് കോളേജില്‍ അധ്യാപികയായ പ്രൊഫ. കെ.എസ്. രമാദേവിയാണ് ഭാര്യ. മക്കള്‍: ഡോ. മിഥുന്‍, മൃദുല്‍, മൃണാള്‍.

1972 മുതല്‍ 1977 വരെ കെഎസ്യു ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറിയും പ്രസിഡന്റും ആയിരുന്നു മുരളി. 1978 ല്‍ കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റായി. 1979ല്‍ ജനറല്‍ സെക്രട്ടറിയും 1980ല്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റും ആയി. 1991ല്‍ മാവേലിക്കര സീറ്റില്‍ നിന്നും ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. സിപിഎമ്മിന്റെ എസ് ഗോവിന്ദക്കുറുപ്പിനെയാണ് മുരളി പരാജയപ്പെടുത്തിയത്. 2011വരെ മാവേലിക്കര എംഎല്‍എ ആയിരുന്നു. 2011ല്‍ കായംകുളം സീറ്റില്‍ മത്സരിച്ച് പരാജയപ്പെട്ടു.

എംജി സര്‍വകലാശാലയുടെ ആദ്യ സെനറ്റ് അംഗവും കെഎസ്ഇബിയുടെ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗവുമായിരുന്നു. കേരള സംസ്ഥാന ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ബോര്‍ഡ് ഡയറക്ടറായും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലയാള സര്‍വകലാശാലയെന്ന ആശയവും ആദ്യം സഭയില്‍ സ്വകാര്യ ബില്ലായി കൊണ്ടുവന്നതു മുരളിയായിരുന്നു. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് മാതൃകയില്‍ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ഉണ്ടാക്കണമെന്ന ആശയം അടങ്ങിയ ബില്‍ 2001ല്‍ മുരളി അവതരിപ്പിച്ചിരുന്നു.

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കു പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്നതിനു വേണ്ടിയും മുരളി സ്വകാര്യ ബില്‍ കൊണ്ടുവന്നിട്ടുണ്ട്. വനിതാ കമ്മിഷന്‍ മാതൃകയില്‍ വൃദ്ധജനങ്ങള്‍ക്കായി വൃദ്ധജന കമ്മിഷന്‍ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ബില്ലും മുരളിയുടേതായുണ്ട്.