- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗാളിലെ ചുവപ്പുകോട്ട തകര്‍ത്ത 'മാന്ത്രികന്'; മമതയുടെ വലംകൈ, തൃണമൂലിന്റെ ശില്പി; 34 വര്‍ഷത്തെ ഇടതുകോട്ട തകര്‍ത്ത തന്ത്രശാലി; ബംഗാള്‍ രാഷ്ട്രീയത്തില്‍ തൃണമൂലിന്റെ തേരോട്ടത്തിന് പിന്നിലെ ചാലക ശക്തി; മുന്‍ കേന്ദ്രമന്ത്രി മുകുള്‍ റോയ് അന്തരിച്ചു

കൊല്‍ക്കത്ത: ബംഗാള്‍ രാഷ്ട്രീയത്തിലെ കരുത്തുറ്റ ചാണക്യനും തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖനുമായ മുകുള്‍ റോയ് (71) അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വെറുമൊരു നേതാവെന്നതിലുപരി, മമത ബാനര്‍ജിയുടെ നിഴലായി നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തെ അടിത്തറയില്‍ നിന്ന് പടുത്തുയര്‍ത്തിയ തന്ത്രജ്ഞനായിരുന്നു അദ്ദേഹം.
ബംഗാളിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ച 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പാണ് മുകുള്‍ റോയിയെ ഒരു ഇതിഹാസമാക്കുന്നത്. നീണ്ട 34 വര്‍ഷത്തെ അപ്രമാദിത്യം പുലര്‍ത്തിയിരുന്ന ഇടതുപക്ഷ ഭരണത്തെ കടപുഴകി എറിയുന്നതില്‍ മുകുള്‍ റോയിയുടെ സംഘടനാ മികവ് നിര്‍ണായകമായിരുന്നു. മമത ബാനര്‍ജി തെരുവുകളില്‍ പോരാടിയപ്പോള്‍, അണിയറയില്‍ തന്ത്രങ്ങള്‍ മെനഞ്ഞും താഴേത്തട്ടില്‍ പാര്‍ട്ടി സംവിധാനത്തെ ശക്തിപ്പെടുത്തിയും മുകുള്‍ റോയ് തൃണമൂലിന്റെ തേരാളിയായി മാറി. ഇടതുമുന്നണിയുടെ പതനത്തിന് ശേഷം തൃണമൂലിനെ ഒരു വന്‍മരമാക്കി വളര്‍ത്തുന്നതിലും അദ്ദേഹം അദ്വിതീയമായ പങ്കുവഹിച്ചു.
യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം 1998-ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരണ വേളയില്‍ മമതയുടെ വിശ്വസ്തനായി ഒപ്പമുണ്ടായിരുന്നു. പിന്നീട് കേന്ദ്ര റെയില്‍വേ മന്ത്രിയായും രാജ്യസഭാംഗമായും തിളങ്ങിയ അദ്ദേഹം പാര്‍ട്ടിയുടെ നാഷണല്‍ ജനറല്‍ സെക്രട്ടറിയായിരിക്കെയാണ് തൃണമൂലിനെ ബംഗാളിന്റെ മുക്കിലും മൂലയിലും എത്തിച്ചത്. 2017-ല്‍ അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേക്കേറിയെങ്കിലും 2021-ല്‍ അദ്ദേഹം വീണ്ടും തന്റെ തട്ടകമായ തൃണമൂലിലേക്ക് തന്നെ തിരിച്ചെത്തി.
ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം കുറച്ചുകാലമായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ബംഗാള്‍ രാഷ്ട്രീയത്തിലെ ഒരു തലമുറയുടെ പോരാട്ടവീര്യത്തിനാണ് മുകുള്‍ റോയിയുടെ വിയോഗത്തോടെ തിരശ്ശീല വീഴുന്നത്.


