മലപ്പുറം: ജമ്മു കശ്മീരിലെ ലഡാക്കിൽ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് മരിച്ച മലയാളി സൈനികനായ മലപ്പുറം കൊലോത്തും തൊടി നുഫൈലിന്റെ(26) ഭൗതിക ശരീരം കരിപ്പൂർ വഴി നാട്ടിലെത്തിച്ചു. കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് മലപ്പുറം ജില്ലാ കളക്ടർ വി ആർ പ്രേംകുമാർ ഭൗതിക ശരീരം ഏറ്റുവാങ്ങി. ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ കലക്ടർ, എയർപോർട്ട് അഥോറിറ്റി ഡയറക്ടർ, സിഐ.എസ്.എഫ് കാമാൻഡർ, തുടങ്ങിയവർ ഭൗതിക ശരീരത്തിൽ പുഷ്പ ചക്രം സമർപ്പിച്ചു.

കരിപ്പൂർ ഹജ്ജ് ഹൗസിൽ സൂക്ഷിക്കുന്ന ഭൗതിക ശരീരം ഞായർ രാവിലെ ആംബുലൻസിൽ വിലാപയാത്രയായി സ്വദേശമായ അരീക്കോട് കുനിയിൽ കൊടവങ്ങാടേക്ക് കൊണ്ടുപോകും. വീട്ടിലും കൊടുവങ്ങാട്ടെ മിച്ചഭൂമി മൈതാനത്തും പൊതുദർശനത്തിന് വെച്ച ശേഷം കുനിയിൽ ഇരിപ്പാക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഔദ്യോഗിക ബഹുമതികളുടെ ഖബറടക്കും. വ്യാഴാഴ്ച രാവിലെ ജോലിക്കിടയിൽ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ലഡാക്കിലെ സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരണത്തിന് കീഴടങ്ങി.

ലഡാക്കിൽ നിന്ന് പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ഭൗതിക ശരീരം ഡൽഹി വഴി കരിപ്പൂരിൽ എത്തിയത്. ഇൻഡിഗോ വിമാനത്തിലാണ് രാത്രി എട്ടോടെ കരിപ്പൂരിൽ എത്തിയത്. നാട്ടുകാരും ബന്ധുക്കളും ഉൾപ്പെടെ നിരവധി പേർ കരിപ്പൂരിൽ എത്തിയിരുന്നു.

നുഫൈൽ എട്ടുവർഷമായി ആർമി പോസ്റ്റൽ സർവീസിൽ ശിപായിയായി ജോലി ചെയ്യുകയായിരുന്നു. അസം, മേഘാലയ എന്നിവിടങ്ങളിൽ ജോലി ചെയ്ത ശേഷം ഒന്നരവർഷം മുമ്പാണ് ലഡാക്കിലെത്തിയത്. ജനുവരി രണ്ടിന് കുളങ്ങര സ്വദേശിനി മിൻഹ ഫാത്തിമയുമായി നിക്കാഹ് കഴിഞ്ഞ ശേഷം ജനുവരി 22നാണ് ലഡാക്കിലേക്ക് മടങ്ങിയത്. തുടർന്ന് ജമ്മു കാശ്മീരിൽ ഇനി ആറുമാസം ജോലി ചെയ്ത് മറ്റൊരിടത്തേക്ക് മാറാൻ നിൽക്കുന്നതിനിടയിലാണ് സൈനികന്റെ വിയോഗം. സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായ യുവാവിന്റെ വിയോഗം ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്‌ത്തിയിരിക്കുകയാണ്.

ഹയർസെക്കൻഡറി പഠനം വരെ കീഴുപറമ്പ് ജിവിഎച്ച്എസ്എസ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് പഠനം പൂർത്തിയാക്കിയത്. ഇതിനുശേഷമാണ് ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായത്.

പരേതനായ മുഹമ്മദ് കുഞ്ഞാനാണ് പിതാവ്, മാതാവ് ആമിന. സഹോദരങ്ങൾ ഫൗസിയ, ശിഹാബുദ്ദീൻ, മുഹമ്മദ് ഗഫൂർ, സലീന, ജസ്‌ന.