കവന്‍ട്രി: യുകെയിലെത്തി ഒരു വര്‍ഷം പോലും ആകാത്ത മലയാളി കുടുംബത്തെ തേടി വിധിയുടെ പകപോക്കല്‍. കെയറര്‍ വിസയില്‍ എത്തി ജീവിതം കരുപ്പിടിപ്പിക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് കോതമംഗലം സ്വദേശിയായ യുവാവ് ഹനൂജിനെ തേടി മരണം എത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ചെറിയ ജലദോഷം ഉണ്ടായിരുന്നതൊഴിച്ചാല്‍ ആരോഗ്യപരമായ ഒരു കുഴപ്പവും ഇല്ലാതിരുന്നയാളാണ് പ്രിയപ്പെട്ടവരോട് ഒരു വാക്ക് പോലും ഉരിയാടാതെ നടന്നു മറഞ്ഞിരിക്കുന്നത്.

ഇന്ന് രാവിലെ ഉറക്കമെഴുന്നേറ്റ ശേഷം ക്ഷീണം തോന്നുന്നു എന്ന് പറഞ്ഞു വീണ്ടും കിടക്കാന്‍ പോയ ഹനൂജിനെ പിന്നെ കാണുന്നത് ചലനമറ്റ നിലയിലാണ്. രാവിലെ ഏഴര ആയിട്ടും എഴുന്നേറ്റ് വരാതായതോടെ ഭാര്യ വിളിക്കാന്‍ എത്തുമ്പോഴാണ് പ്രതികരണമില്ലാതെ ഹനൂജിനെ ബെഡില്‍ കണ്ടെത്തുന്നത്. ഉടന്‍ സുഹൃത്തുക്കളെ വിളിച്ചു സഹായം തേടുക ആയിരുന്നു. മിനിട്ടുകള്‍ക്കകം പാരാമെഡിക്സ് പാഞ്ഞെത്തുമ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.

പ്രഥമിക വിലയിരുത്തലില്‍ തലച്ചോറിലേക്കുള്ള ധമനികള്‍ പൊട്ടി രക്തസ്രാവം ഉണ്ടായതാകാം പൊടുന്നനെയുള്ള മരണത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. പാരാമെഡിക്സ് ജീവനക്കാര്‍ നല്‍കുന്ന സൂചനയും ഇതുതന്നെയാണ്. മൃതദേഹം ഇപ്പോള്‍ തുടര്‍ നടപടികള്‍ക്കായി പ്ലീമൗത്ത് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ജീവിതത്തിലെക്ക് കടന്നെത്തിയ ഇരുള്‍ നിറഞ്ഞ നിമിഷങ്ങളെ എങ്ങനെ തരണം ചെയ്യും എന്നറിയാതെ വിഹ്വലയായി നില്‍ക്കുന്ന ഹനൂജിന്റെ പത്നിയെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ പ്രയാസപ്പെടുകയാണ് ബ്യുഡിലെ വിരലില്‍ എണ്ണാവുന്ന മലയാളി സമൂഹം. കോണ്‍വല്‍ കൗണ്ടിയിലെ വിദൂരമായ ഗ്രാമങ്ങളില്‍ ഒന്നാണ് ബ്യുഡ്.

കഴിഞ്ഞ പത്തു വര്‍ഷത്തിലേറെ ആയി മലയാളി സാന്നിധ്യം ഉള്ള ചെറുപട്ടണം ആണെങ്കിലും ഇപ്പോഴും ഒരു ഡസനോളം മലയാളി കുടുംബങ്ങള്‍ മാത്രമാണ് ഇവിടെ താമസം. പ്രധാനമായും രണ്ടു കെയര്‍ ഹോമുകളെ ആശ്രയിച്ചാണ് ഇവിടെ മലയാളികള്‍ ജോലി ചെയ്യുന്നത്. ഇതില്‍ ഓരോ കെയര്‍ ഹോമുകളില്‍ ആയാണ് ഹനൂജും ഭാര്യയും ജോലി ചെയ്യുന്നത്. ഈ ദമ്പതികള്‍ക്ക് രണ്ടു കുഞ്ഞുങ്ങള്‍ ഉണ്ട്. സ്‌കൂള്‍ പ്രായമായ മൂത്ത കുട്ടി മാത്രമാണ് ഇപ്പോള്‍ യുകെയില്‍ ഉള്ളത്. രണ്ടു വയസുള്ള ഇളയ കുട്ടി നാട്ടില്‍ ഹനൂജിന്റെ മാതാപിതാക്കള്‍ക്ക് ഒപ്പമാണ് കഴിയുന്നത്.

ബാസില്‍ഡണ്‍ മലയാളിയായ ഹണി എല്‍ദോസ് ഹനൂജിന്റെ സഹോദരിയാണ്. മരണവിവരമറിഞ്ഞു ഹണിയും കുടുംബവും ബ്യുഡിലേക്ക് യാത്രയായിട്ടുണ്ട്. തുടര്‍ നടപടികള്‍ സഹോദരി കൂടി എത്തിയ ശേഷമാകും തീരുമാനിക്കുകയെന്നു ഹനൂജിന്റെ സുഹൃത്തുക്കള്‍ വ്യക്തമാക്കി.