- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്ലേറിനെ പോലും പൂമാലയാക്കിയ ജനകീയ നേതാവ്; മുറിവിലൂടെ ചോര പൊടിഞ്ഞിട്ടും പൊലീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു; കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു മുഖ്യമന്ത്രിക്ക് കല്ലേറു കൊണ്ടിട്ടും ലാത്തിചാർജോ പൊലിസ് ഭീകരതയോ സംഭവിച്ചില്ല; ധീരനായ നേതാവ് അന്നൊഴിവാക്കിയത് കലാപം; കണ്ണൂരിനെ കാത്ത ഉമ്മൻ ചാണ്ടി
കണ്ണൂർ: കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു മുഖ്യമന്ത്രിക്ക് നേരെ കല്ലെറിഞ്ഞു പരുക്കേൽപ്പിച്ചിട്ടും ഒരു ചെറിയ ലാത്തിചാർജോ പൊലിസ് ഭീകരതയോടെ നടക്കാത്ത സ്ഥലങ്ങളിലൊന്നായിരുന്നു കണ്ണൂർ. ഉമ്മൻ ചാണ്ടിയെന്ന മുഖ്യമന്ത്രിയുടെ സ്വതസിദ്ധമായ മഹത്വവും തന്റെ കല്ലെറിഞ്ഞവരോടു പോലും ക്ഷമിക്കാനുള്ള വിശാലഹൃദയവുമായിരുന്നു കണ്ണൂരിനെ രക്ഷിച്ചത്.
മറ്റേതു മുഖ്യമന്ത്രിയായിരുന്നുവെങ്കിലും പാർട്ടി പ്രവർത്തകരുടെ തിരിച്ചടിയും പൊലിസ് ഭീകരതയുമുണ്ടായിരുന്നേനെ. അത്രമാത്രം സ്ഫോടനാത്മകമായിരുന്നു 2013 ഒക്ടോബർ 27ന് കണ്ണൂർ നഗരത്തിലെ അവസ്ഥ. ഒന്നോ രണ്ടോ വാഹനങ്ങളുടെ അകമ്പടിയോടെ വന്ന മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെയാണ് സോളാർവിഷയത്തിൽ സമരപരമ്പരകൾ നടത്തിയിരുന്ന സി.പി. എം പ്രവർത്തകർ കല്ലെറിഞ്ഞത്. കാറിന്റെ ചില്ലുതെറിച്ചു നെറ്റിയിൽ മുറിവേറ്റ ഉമ്മൻ ചാണ്ടി ചോരയൊലിപ്പിച്ചു കൊണ്ടാണ് പൊലിസ് മൈതാനിയിലെത്തി സംസ്ഥാന പൊലിസ് കായിക മേള ഉദ്ഘാടനം ചെയ്തതിനു ശേഷം ആശുപത്രിയിൽ ചികിത്സ തേടിയത്.
അന്ന് കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തുവെങ്കിലും കെ.സുധാകരനുമായി സംസാരിച്ചു മുഖ്യമന്ത്രി തന്നെ അതു ഒഴിവാക്കുകയായിരുന്നു. കണ്ണൂരിന്റെ രാഷ്ട്രീയത്തിന്റെ ശരിയായ സ്വഭാവം അറിയാവുന്ന ഉമ്മൻ ചാണ്ടിക്ക് താൻ മൂലം പ്രവർത്തകരോ എതിർപാർട്ടിക്കാരോ മരിച്ചുവീഴരുതെന്നു നിർബന്ധബുദ്ധിയുണ്ടായിരുന്നു. അദ്ദേഹം പ്രതീക്ഷിച്ചതു പോലെ നിയമം അതിന്റെ വഴിക്കു പോവുകയും രാഷ്ട്രീയ സംഘർഷത്തിന്റെ മഞ്ഞുരുകുകയും ചെയ്തു.
എന്നാൽ തനിക്കെതിരെ കല്ലേറു നടത്തിയവരോട് ക്ഷമിക്കുവാനുള്ള ഉമ്മൻ ചാണ്ടിയുടെ തീരുമാനം പാർട്ടി പ്രവർത്തകർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. കല്ലുകൊണ്ടതു ഉമ്മൻ ചാണ്ടിക്കായിരുന്നുവെങ്കിലും മുറിവേറ്റത് പ്രവർത്തകരുടെ മനസിലായിരുന്നു. തനിക്കെതിരെ കല്ലേറുനടത്തിയവരിൽ ഒരാളായ തലശേരിയിലെ അന്നത്തെ സി.പി. എം പ്രാദേശിക നേതാവ് പിന്നീട് തലശേരിയിൽ നടന്ന ഒരു പരിപാടിക്കിടെ ചേർത്തുനിർത്തി കെട്ടിപ്പിടിക്കുന്നതും രാഷ്ട്രീയ കേരളം കണ്ടു.
അന്ന് താൻ മുഖ്യമന്ത്രിയായിരുന്ന നിയമസഭയിലെ രണ്ടു എംഎൽഎമാർ, സി.പി. എം സംസ്ഥാന നേതാക്കൾ എന്നിവർ തന്നെ കല്ലെറിഞ്ഞ സമരത്തിലുണ്ടായിരുന്നുവെന്നു തിരിച്ചറിഞ്ഞിട്ടും അവരുടെ പേരു പോലും കോടതിയിൽ പറയാൻ അദ്ദേഹം തയ്യാറായില്ല. അവരോടും ക്ഷമിക്കാൻ തന്നെയായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. രാഷ്ട്രീയ എതിരാളികൾ പോലും നാണിച്ചു പോയ നിലപാടായിരുന്നു ഈക്കാര്യത്തിൽ ഉമ്മൻ ചാണ്ടി സ്വീകരിച്ചത്. ഒരു രാഷ്ട്രീയ നേതാവ് എന്തായിരിക്കണമെന്നു കൊലക്കത്തി രാഷ്ട്രീയത്തിന്റെയും കൊണ്ടും കൊടുത്തും ചരിത്രവുമുള്ള കണ്ണൂരിനെ പഠിപ്പിക്കുകയായിരുന്നു അദ്ദേഹം.
2013- ഒക്ടോബർ 27- നാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി കണ്ണൂർ പൊലിസ് മൈതാനത്ത് സംസ്ഥാന കായികമേളയുടെ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ ഇരുന്നൂറിലേറെ സി.പി. എം പ്രവർത്തകർ മുഖ്യമന്ത്രിയെ സോളാർവിഷയത്തിൽ രാജിവയ്ക്കണമെന്നു ആവശ്യപ്പെട്ടു തടയുകയും ഉമ്മൻ ചാണ്ടിയുടെ കാറിനു നേരെ കല്ലെറിഞ്ഞത്. എംഎൽഎമാരായ സി.കൃഷ്ണൻ, കെ.കെ നാരായണൻ എന്നിവരുൾപ്പെടെയുള്ള നൂറ്റി പത്തു പേർക്കെതിരെയാണ് കേസെടുത്തത്.
ഈ കേസിൽ മൂന്നു പ്രതികൾ കുറ്റക്കാരെന്ന് കണ്ടു കണ്ണൂർ അസി. സെഷൻസ് സെഷൻസ് കോടതി ശിക്ഷിച്ചിരുന്നു. മുൻസി.പി. എം പ്രവർത്തകൻ സി.ഒ ടി നസീർ, സി.പി. എം പ്രവർത്തകരായ ബിജു പറമ്പത്ത് ദീപക് ചാലാട് എന്നവിരെയാണ് ശിക്ഷിച്ചത്. ദീപക് ചാലാടിന് മൂന്നുവർഷം തടവും പതിനായിരം രൂപ പിഴയും മറ്റുരണ്ടുപ്രതികളായ സി.ഒ.ടി നസീർ, ബിജുപറമ്പത്ത് എന്നിവർക്ക് രണ്ടുവർഷം വീതം തടവും പിഴയടക്കാനുമാണ് കണ്ണൂർ അസി.സെഷൻസ് കോടതി ജഡ്ജ് രാജീവൻ വാച്ചാൽ ശിക്ഷിച്ചത്.
ഈ കേസിൽ സി.പി. എം നേതാക്കളുൾപ്പെടെയുള്ള നൂറ്റിപത്തു പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തു. ഈ കേസിൽ 2022 സെപ്റ്റംബർ മുപ്പതിന് കണ്ണൂർ കോടതിയിൽ ശാരീരിക അവശതയ്ക്കിടെയിലും മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഹാജരായിരുന്നു. കോടതിയിൽ വിചാരണയ്ക്കെത്തിയ അദ്ദേഹത്തിന് ശാരീരികമായ വൈഷമ്യങ്ങളുണ്ടെന്നു മനസിലാക്കിയ ജഡ്ജ് രാജീവൻ കസേര അനുവദിച്ചിരുന്നു.
കണ്ണൂരിലെത്തിയ ഉമ്മൻ ചാണ്ടി അന്ന് ഡി.സി.സി ഓഫീസിൽ നടന്ന ആര്യാടൻ മുഹമ്മദ് അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തതിനു ശേഷമാണ് മടങ്ങിയത്. മുന്മന്ത്രി കെ.സി ജോസഫ്, ടി.സിദ്ദിഖ് എംഎൽഎ എന്നിവരാണ്് അന്ന് ഉമ്മൻ ചാണ്ടിക്കെതിരെ കല്ലെറിഞ്ഞ കേസിൽ കോടതിയിൽ ഹാജരായി സാക്ഷിപറഞ്ഞത്.