പാലക്കാട്: പനയമ്പാടത്തില്‍ 4 വിദ്യാര്‍ത്ഥികളുടെ മരണത്തിന് കാരണമായ അപകടത്തിന് കാരണം അമിതവേഗതയും റോഡിന്റെ അശാസ്ത്രീയതയുമെന്ന് നിഗമനം. ഇറക്കവും വളവുള്ള റോഡാണ് അപകടമുണ്ടായ പനയമ്പാടത്ത്. സ്ഥിരം അപകടമേഖലയായ പനയമ്പാടത്ത് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍വാഹനവകുപ്പ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നേരത്തെ ഇവിടെ വളവില്‍ വാഹനങ്ങള്‍ക്ക് ഗ്രിപ്പ് കിട്ടാന്‍ റോഡ് പരുക്കനാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് അപകടങ്ങള്‍ കുറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് റോഡിന്റെ പരുക്കന്‍ സ്വഭാവം മാറി. മഴ പെയ്താല്‍ അപകടസാധ്യത കൂടാനും സാധ്യതയുണ്ട്. ഇന്നത്തെ അപകട കാരണം മഴയത്ത് ലോറിയുടെ നിയന്ത്രണം വിട്ട് തെന്നിമാറിയതാണോ അതോ അമിതവേഗമോ എന്നതില്‍ വ്യക്തതയില്ല.

സിമന്റ് ലോറിക്ക് എതിരെ വന്ന വാഹനത്തിനെതിരെ പൊലീസ് കേസെടുത്തു. വണ്ടൂര്‍ സ്വദേശി പ്രജീഷിനെതിരെയാണ് കേസെടുത്തത്. പ്രജീഷ് അശ്രദ്ധയോടെയും അമിതവേഗത്തിലും വാഹനമോടിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. അമിത വേഗതയിലെത്തിയ ഈ ലോറി സിമന്റ് കയറ്റിവന്ന മറ്റൊരു ലോറിയെ ഇടിച്ചാണ് അപകടമുണ്ടായത്. ലോറിക്കടിയില്‍ പെട്ട 4 പെണ്‍കുട്ടികളാണ് മരിച്ചത്. ഒരു പെണ്‍കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു.

അതേസമയം, കല്ലടിക്കോട് പനയമ്പാടത്ത് സിമന്റ് ലോറി ഇടിച്ചുകയറി മരിച്ച നാല് സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെയും കബറടക്കം വെള്ളിയാഴ്ച നടക്കും. മരിച്ച നാല് വിദ്യാര്‍ഥിനികളും കൂട്ടുകാരികളാണ്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ആയിഷ, ഇര്‍ഫാന, റിദ, നിദ എന്നിവരാണ് മരിച്ചത്.

രാവിലെ ആറോടെ മൃതദേഹങ്ങള്‍ ആശുപത്രിയില്‍നിന്ന് വീടുകളില്‍ എത്തിക്കും. രണ്ടു മണിക്കൂര്‍ നരം ഇവിടെ പൊതുദര്‍ശനം ഉണ്ടാകും.

തുടര്‍ന്ന് 8.30-ഓടെ തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുവരും. 10 മണിവരെ ഇവിടെ പൊതുദര്‍ശനത്തിനുവെച്ചശേഷം കബറടക്കത്തിനായി തുപ്പനാട് ജുമാമസ്ജിദിലേക്ക് മൃതദേഹങ്ങള്‍ എത്തിക്കും. അതേസമയം, കുട്ടികള്‍ പഠിച്ചിരുന്ന കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കില്ല.

വെള്ളിയാഴ്ച ആയതിനാലും നാല് മൃതദേഹങ്ങള്‍ മറവു ചെയ്യുന്നതിന് കൂടുതല്‍ സമയം വേണമെന്നതിനാലുമാണ് സ്‌കൂളിലെ പൊതുദര്‍ശനം വേണ്ടെന്നുവെച്ചത് എന്നാണ് കുട്ടികളുടെ ബന്ധുക്കള്‍ അറിയിക്കുന്നത്. അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്‍-സജ്ന ദമ്പതികളുടെ മകള്‍ അയിഷ, പിലാതൊടി വീട്ടില്‍ അബ്ദുള്‍ റഫീക്ക്,-സജീന ദമ്പതികളിടെ മകള്‍ റിദ ഫാത്തിമ, അബ്ദുള്‍ സലീം- നബീസ ദമ്പതികളിടെ മകള്‍ നിദ ഫാത്തിമ, അബ്ദുള്‍ സലാം- ഫരിസ ദമ്പതികളുടെ മകള്‍ ഇര്‍ഫാന ഷെറില്‍ എന്നിവരാണ് മരിച്ചത്.

കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് നാളെ അവധി പ്രഖ്യാപിച്ചു. നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായും പരീക്ഷ മറ്റൊരു ദിവസം നടത്തുമെന്നും വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.


സിമന്റ് ലോറിയില്‍ മറ്റൊരു ലോറിയിടിച്ചു

കല്ലടിക്കോട് പനയമ്പാടത്ത് നാല് വിദ്യാര്‍ഥിനികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണം സിമന്റ് ലോറിയില്‍ മറ്റൊരു ലോറി ഇടിച്ചതെന്ന്് മോട്ടോര്‍ വാഹന വകുപ്പ്. സിമന്റ് ലോറിയില്‍ മറ്റൊരു ലോറി ഇടിച്ചതോടെ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നുവെന്ന് ആര്‍ടിഒ അറിയിച്ചു. മറ്റൊരു ലോറി ഇടിച്ചശേഷം ബ്രേക്ക് ചവിട്ടി ലോറി നിര്‍ത്താന്‍ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അതിനിടെ, അപകടത്തിന് തൊട്ടു മുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നു. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് കുട്ടികള്‍ നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കരിമ്പ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ ഇര്‍ഫാന, മിത,റിദ, ആയിഷ എന്നിവരാണ് മരിച്ചത്. നാല് പേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. സിമന്റുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.മൂന്ന് മൃതദേഹങ്ങള്‍ തച്ചമ്പാറ ഇസാഫ് ആശുപത്രിയിലും ഒരു പെണ്‍കുട്ടിയുടെ മൃതദേഹം മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയിലുമാണുള്ളത്. നാലരയോടെയാണ് അപകടമുണ്ടായത്. അരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുകയായിരുന്നു അഞ്ച് വിദ്യാര്‍ത്ഥിനികള്‍. കടയില്‍ നിന്ന് മിഠായി വാങ്ങി വരികയായിരുന്നു. ഈ സമയം സിമന്റുമായെത്തിയ ലോറി കാറുമായിടിച്ച് നിയന്ത്രണം വിട്ടു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ പാഞ്ഞുകയറുകയായിരുന്നു.ലോറി വരുന്നതുകണ്ട ഒരു പെണ്‍കുട്ടി മതിലെടുത്തുചാടിയാണ് രക്ഷപ്പെട്ടത്.

പാലക്കാടേക്ക് പോവുകയായിരുന്ന ലോറിയാണ് മണ്ണാര്‍ക്കാട്ടേക്ക് വരികയായിരുന്ന ലോറിയില്‍ ഇടിച്ചത്. സിമന്റ് ലോറിയില്‍ ഇടിച്ച് അപകടമുണ്ടാക്കിയ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ നിയന്ത്രണം വിട്ട് ലോറി മറിയുകയായിരുന്നുവെന്ന സമാനമായ മൊഴിയാണ് ദൃക്‌സാക്ഷികളും നല്‍കിയിരുന്നത്. സൈഡ് കൊടുത്തപ്പോള്‍ ഇടിച്ചതാണോയെന്ന കാര്യത്തില്‍ ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ട്. സംഭവത്തില്‍ സിമന്റ് ലോറിയില്‍ ഇടിച്ച ലോറിയിലെ ഡ്രൈവറെ ഉള്‍പ്പെടെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സിമന്റ് കയറ്റിയ ലോറിയില്‍ മറ്റൊരു ലോറി ഇടിച്ചിരുന്നതായി വ്യക്തമായത്.

സിമന്റ് ലോറിയുടെ ഡ്രൈവറെയും ക്ലീനറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഇരുവരെയും പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. കാസര്‍കോട് സ്വദേശികളായ ലോറിയുടെ ഡ്രൈവര്‍ മഹേന്ദ്ര പ്രസാദ്, ക്ലീനര്‍ വര്‍ഗീസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അപകടത്തില്‍ വര്‍ഗീസിന്റെ കാലിന് പൊട്ടലുണ്ട്. മഹേന്ദ്ര പ്രസാദിന് കാര്യമായ പരിക്കില്ല. ഇരുവരും മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.