- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഹമ്മദ് ഷഫാദ് പുഴയിൽ കാൽ തെന്നി വീഴുന്നതു കണ്ടു രക്ഷിക്കാൻ ഇറങ്ങിയ സിനാനും ഒഴുക്കിൽ പെട്ടു; പെരുമഴയിൽ പാനൂരിന്റെ കണ്ണീരോർമ്മയായി യുവാക്കൾ; മരണത്തിലും ഒരുമിച്ച് ആത്മാർത്ഥ സുഹൃത്തുക്കൾ; അന്തിമോപചാരം അർപ്പിക്കാൻ സഹപാഠികളും അദ്ധ്യാപകരും
തലശേരി: നാടിന്റെയും നാട്ടുകാരുടെയും പ്രാർത്ഥന വിഫലമാക്കി കൊണ്ടു പുഴയിൽ കാണാതായ രണ്ടാമത്തെ യുവാവിന്റെയും ചേതനയറ്റ ശരീരം കണ്ടെത്തി. ചെറുപറമ്പ് ഫീനിക്‌സ് ലൈബ്രറിക്ക് സമീപം താഴോട്ടും താഴെ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രയരോത്ത് മുസ്തഫയുടെയും മൈമൂനത്തിന്റെയും മകൻ സിനാന്റെ മൃതദേഹം അപകടം നടന്നതിന്റെ 500 മീറ്ററോളം അകലെ കുപ്പിയാട്ട് എന്ന സ്ഥലത്ത് വച്ചാണ് കണ്ടെത്തിത്.
നാട്ടുകാരും ഫയർഫോഴ്‌സും മുങ്ങൽ വിദഗ്ദ്ധരും നടത്തിയ സംയുക്തപരിശോധനയിലാണ് വെള്ളിയാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം ആറുമണിക്ക് പുഴയിൽ കുളിക്കാനിറങ്ങിയ അഞ്ചു വിദ്യാർത്ഥികളിൽ രണ്ട് പേർ ഒഴുക്കിൽ പെടുകയായിരുന്നു. ഒഴുക്കിൽപ്പെട്ട സഫാദിന്റെ മൃതദേഹം ഇന്നലെ രാത്രി തന്നെ കിട്ടിയിരുന്നു. സിനാന്റെ മൃതദേഹം കൊളവല്ലൂർ പൊലിസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം പോസ്റ്റുമോർട്ടം നടപടികൾക്കായി തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്.
ചെറുപ്പറമ്പ് ഫിനിക്‌സ് ലൈബ്രറിക്ക് പിറക് വശത്തെ ചേലക്കാട് പുഴയിൽ കുളിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. കക്കോട്ട് വയൽ രയരോത്ത് മുസ്തഫയുടെ മകൻ സിനാൻ(20), ജാതികൂട്ടം തട്ടാന്റവിട മൂസ്സയുടെ മകൻ മുഹമ്മദ് സഫാദ് (20) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ഏറെ നേരത്തെ തിരച്ചിലിനിടയിൽ മുഹമ്മദ് സഫാദിനെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുഹമ്മദ് ഷഫാദ് പുഴയിൽ കാൽതെന്നി വീഴുന്നതു കണ്ടു സിനാൻ രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു.രണ്ട് പേരും മുങ്ങുന്നത് കണ്ട് കൂടെയുള്ളവർ ഒച്ച വെക്കുകയായിരുന്നു. പരിസരവാസികൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തി. നാട്ടുകാരും ഫയർഫോഴ്‌സ് ടീമും ഏറെ നേരം രക്ഷാപ്രവർത്തനങ്ങൾ നടത്തിയാണ് ഒരാളുടെ മൃതദേഹം കിട്ടിയത്. മരിച്ച മുഹമ്മദ് സഫാദ് കല്ലി ക്കണ്ടി എൻ എ എം കോളജ് മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്.അടുത്തകൂട്ടുകാരാണ് ഷഫാദും സിനാനും. എന്നും ഒരുമിച്ചേ ഇവരെ നാട്ടുകാർ കണ്ടിരുന്നുള്ളൂ. ആത്മാർത്ഥ സുഹൃത്തുക്കളെ ഒരു സമയമാണ് മരണം മലവെള്ളപാച്ചിലിന്റെ രൂപത്തിൽ തട്ടിയെടുത്തത്.
നാട്ടുകാരും ഫയർഫോഴ്‌സും, മുങ്ങൽ വിദഗ്ധരും ഡിങ്കി ഉപയോഗിച്ചാണ് തെരച്ചിൽ നടത്തിയത്. കെ.പി.മോഹനൻ എംഎൽഎ, കുന്നോത്ത് പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ലത, വൈസ് പ്രസിഡന്റ് എൻ.അനിൽകുമാർ തുടങ്ങിയ ജനപ്രതിനിധികളും റവന്യു ഉദ്യോഗസ്ഥരും വിവരമറിഞ്ഞു സ്ഥലത്തെത്തിയിരുന്നു. തലശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം പുഴയിൽ മുങ്ങി മരിച്ച മുഹമ്മദ് സഫാദിന് പാനൂർ കണ്ണീരിൽ കുതിർന്ന യാത്രമൊഴി നൽകി കല്ലിക്കണ്ടി എൻ എ എം കോളേജ്. 12.30ന് കോളേജിലെത്തിച്ച മൃതദേഹത്തിൽ സഹപാഠികളും, അദ്ധ്യാപകരുമടക്കം നിരവധിയാളുകൾ അന്തിമോപചാരമർപ്പിച്ചു.
തലശേരി ജനറലാശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം 12.30നാണ് മുഹമ്മദ് സഫാദിന്റെ മൃതദേഹം കോളേജങ്കണത്തിൽ പൊതുദർശനത്തിന് വെച്ചത്. മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്ന് കോളേജിനവധിയാണെങ്കിലും പ്രിയ കൂട്ടുകാരനെ ഒരു നോക്കു കാണാൻ കോളേജിലേക്ക് നിരവധി വിദ്യാർത്ഥികളും ഒപ്പം അദ്ധ്യാപകരും എത്തി. കോളേജ് മാനേജമെന്റ് പ്രതിനിധികളും അന്തിമോപചാരമർപ്പിച്ചു. എം എസ് എഫ് മീഡിയ വിഭാഗം കൺവീനറായിരുന്ന ഷഫാദ് ഏവർക്കും പ്രിയങ്കരനായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കോളേജിൽ നടന്ന നാക് വിസിറ്റ് ഒരുക്കങ്ങളിൽ സജീവമായി ഷഫാദിന്റെ സാന്നിധ്യമുണ്ടായിരുന്നു. കൂട്ടുകാരന്റെ ഓർമ്മകളിൽ സഹപാഠികളും വിങ്ങിപ്പൊട്ടി.