- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടല്ല പ്രധാനം 'ഹാർട്ട് ആണ്' എന്ന് വിശ്വസിച്ച രാഷ്ട്രീയക്കാരൻ; മോദിയുടെ ജാതകം കേരളത്തിൽ നോക്കിച്ച കൂട്ടുകാരൻ; കണ്ണൂരിലെ ഓഫീസ് ഉദ്ഘാടനത്തിലെ അവഗണന അവസാന വേദനയായി; മുകുന്ദന് അന്ത്യാജ്ഞലി
തിരുവനന്തപുരം: വോട്ടല്ല പ്രധാനം 'ഹാർട്ട് ആണ്' എന്നായിരുന്നു പിപി മുകുന്ദന്റെ പക്ഷം. സ്നേഹത്തിന്റെ ഭാഷയിലൂടെ ആരെയും കൂട്ടുകാരാക്കാൻ കഴിയുമെന്ന വിശ്വാസക്കാരനായിരുന്നു അദ്ദേഹം, സമൂഹത്തിനും സഹജീവികൾക്കും ശരിയായ ദിശ കാണിച്ചുകൊണ്ട് ഭാരതത്തിന്റെ ദേശീയതയും പൈതൃകവുമൊക്കെ നെഞ്ചേറ്റിയ പരമ്പരയിലെ ശക്തമായ സാന്നിധ്യം. സ്‌കൂൾ വിദ്യാഭ്യാസകാലത്ത് സ്വീകരിച്ച തത്വശാസ്ത്രത്തിനു വേണ്ടി മാത്രം പ്രവർത്തിച്ച് സ്വയം അതിൽ ലയിച്ച കർമ്മയോഗി. അത്തരമൊരു വ്യക്തിയാണ് കേരളത്തിന് നഷ്ടമാകുന്നത്.
എബി വാജ്‌പേജ് കേന്ദ്രം ഭരിക്കുമ്പോൾ കേരളത്തിലെ യഥാർത്ഥ അധികാര കേന്ദ്രമായിരുന്നു പിപി മുകുന്ദൻ. മലയാളികളുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്ര സർക്കാർ തീരുമാനവും അറിയണമെന്ന് വാശി പിടിച്ചിരുന്ന സംഘടനാ ജനറൽ സെക്രട്ടറി. ഡൽഹിയിൽ നിന്നുള്ള കെട്ടിയിറക്കലുകളെ മുകുന്ദൻ അംഗീകരിച്ചിരുന്നില്ല. നെഹ്‌റു യുവ കേന്ദ്രയുടെ ചുമതലക്കാരെ നിശ്ചയിക്കുന്നതിൽ പോലും ഈ വാശി മുകുന്ദൻ നടത്തി. എല്ലാ അർത്ഥത്തിലും സംഘടനയെ നിയന്ത്രിച്ചു. അച്ചടക്കമാണ് പ്രധാനമെന്ന് അടിവരയിട്ട് ആവർത്തിച്ചു. ഇത് അംഗീകരിക്കാൻ കഴിയാത്തവർ മുകുന്ദനെതിരെ കഥകൾ മെനഞ്ഞു. അങ്ങനെ ആർ എസ് എസിൽ നിന്നും മുകുന്ദൻ പിൻവാങ്ങി. ഇതോടെ ബിജെപിയിലും സ്ഥാനം നഷ്ടമായി. കുറച്ചു കാലമായി ബിജെപിയിൽ ചേർന്ന് നിൽക്കണമെന്ന് ആഗ്രഹിച്ചു. പക്ഷേ മോഹം കൊടുത്തവർ മുകുന്ദനെ അവസാന നിമിഷം ചതിക്കുകയും ചെയ്തു.
തൊണ്ണൂറുകളിൽ ഒ.രാജഗോപാൽ, കെ.ജി.മാരാർ, പി.പി.മുകുന്ദൻ എന്നീ 3 പേരുകളായിരുന്നു ഒരു കാലത്തു ബിജെപിയുടെ നേതൃനിര. വാജ്‌പേയിയും അദ്വാനിയും ഉൾപ്പെടെ ദേശീയ നേതാക്കളുമായി അടുപ്പം പുലർത്തിയിരുന്നവരാണു 3 പേരും. ഗുജറാത്തിലെ ബിജെപിയുടെ സഹസംഘടനാ സെക്രട്ടറിയായി നരേന്ദ്ര മോദിയെ ആർഎസ്എസ് നിയമിച്ച സമയത്താണു കേരളത്തിൽ മുകുന്ദൻ സംഘടനാ ജനറൽ സെക്രട്ടറിയായത്. നരേന്ദ്ര മോദി കേരളത്തിലെ പരിപാടികൾക്കെത്തുമ്പോൾ ഇരുവരും യാത്ര ഒരുമിച്ചായിരുന്നു. മോദിയുടെ ജാതകം കേരളത്തിൽ കൊണ്ടുവന്നു ജ്യോതിഷിയെ കൊണ്ടു നോക്കിച്ച സംഭവവും മുകുന്ദൻ ആവേശത്തോടെ പറയുമായിരുന്നു. മുകുന്ദന്റെ അമ്മ മരിച്ചത് അറിഞ്ഞ് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി നേരിട്ട് വിളിച്ചിരുന്നു. അമ്മയും മുകുന്ദനുമായുള്ള അത്മബന്ധം അറിയാവുന്ന മോദി ഏറെ ആശ്വസിപ്പിക്കുകയും ചെയ്തു.
മുഴുവൻ സമയ ആർഎസ്എസ് പ്രചാരകരായി ചേരുന്നവർ അണിയറയിലാണു പ്രവർത്തിക്കുക. അവർ സംഘടനയുടെ മുന്നിൽ വരുന്ന ശൈലിയില്ല. ആർഎസ്എസിന്റെ ആ ശൈലിയിൽ നിന്നു പുറത്തുവന്നയാളാണു പി.പി.മുകുന്ദൻ. സിപിഎമ്മിന്റെ കോട്ടയായ കണ്ണൂരിൽ ആർഎസ്എസ് പിടിച്ചുകയറിയത് മുകുന്ദന്റെ സംഘടനാപാടവത്തിലാണെന്ന് അക്കാലത്തെ നേതാക്കൾ ഓർമിക്കുന്നു. കണ്ണൂരിലെ ബിജെപി ഓഫീസ് ഉദ്ഘാടനത്തിന്റെ സംഘാടക സമിതിയിൽ മുകുന്ദനും റോൾ നൽകി. വേദിയിൽ പിപി മുകുന്ദൻ ഉണ്ടാകുമെന്നായിരുന്നു സൂചനകൾ. എന്നാൽ ഉദ്ഘാടനത്തിന്റെ തലേ ദിവസം രാത്രിയിൽ കഥ മാറി. മുകുന്ദനെ പ്രോട്ടോകോൾ ചർച്ചകളിൽ വേദിയിൽ നിന്ന് പുറത്താക്കി. അങ്ങനെ ആ പരിപാടിയിലും മുകുന്ദൻ എത്തിയില്ല.
ബിജെപിയിലെ ചുമതലയിൽനിന്ന് ആർഎസ്എസ് തിരിച്ചുവിളിച്ച ശേഷം മുകുന്ദൻ സംഘടനയുടെ വേലിക്കു പുറത്തായെന്നു നിരീക്ഷണങ്ങളുയർന്നു. ഇനി എന്തു പദവിയെന്നു ബിജെപിയും മുകുന്ദനും വിശദീകരിച്ചില്ല. ഇതിനിടെ കോൺഗ്രസും സിപിഎമ്മും മുകുന്ദനെ പ്രതീക്ഷയായി കണ്ടു. പക്ഷേ ആർ എസ് എസുകാരൻ അല്ലാതാകാൻ മുകുന്ദന് താൽപ്പര്യമില്ലായിരുന്നു. എത്തിയ ഇടനിലക്കാരെ എല്ലാം സ്‌നേഹത്തിന്റെ ഭാഷയിൽ നോ പറഞ്ഞ് മുകുന്ദൻ മടക്കി. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ഒ.രാജഗോപാലിനും സി.കെ. പത്മനാഭനും പ്രതീക്ഷിച്ച വോട്ട് ലഭിക്കാതെ തോറ്റപ്പോൾ മുകുന്ദൻ ആരോപണവിധേയനായി. 2 ലക്ഷം വോട്ടുവരെ മറിച്ചെന്ന് പഴി ഉയർന്നപ്പോൾ ഒരു കേന്ദ്ര നേതാവ് ചോദിച്ചു: അത്രയും വോട്ടു മറിക്കാൻ കെൽപുള്ള നേതാവായിരുന്നെങ്കിൽ അദ്ദേഹത്തെയായിരുന്നില്ലേ സ്ഥാനാർത്ഥിയാക്കേണ്ടത്?-പക്ഷേ മുകുന്ദൻ മത്സരങ്ങൾ ആഗ്രഹിച്ചിരുന്നില്ല.
ഒരാളെ പരിചയപ്പെട്ടാൽ അയാളുടെ കുടുംബസുഹൃത്തോ കുടുംബാംഗമോ ആയിത്തീരുന്ന വൈഭവം പ്രധാനപ്പെട്ടതായിരുന്നു. തിരുവനന്തപുരം ചാല കത്തിയമർന്ന സംഭവം പടരാതിരിക്കാൻ മുകുന്ദേട്ടന്റെ ഇടപെടൽ മുഴച്ചു നിൽക്കുന്നു. 1986ലെ ഹിന്ദു സംഗമമാണ് മുകുന്ദേട്ടന്റെ സാന്നിധ്യവും നേതൃപാടവവും തെളിയിച്ച ചരിത്രസംഭവം. നഗരത്തിൽ കാട്മൂടിക്കിടന്ന മാലിന്യങ്ങൾ തള്ളുമായിരുന്ന പുത്തരിക്കണ്ടം മൈതാനം വൃത്തിയാക്കിയത് വലിയ വാർത്താ പ്രാധാന്യം നേടി. നഗരത്തിലെ 19 ഗ്രൂപ്പുകൾ ഒറ്റമനസ്സോടെ ദിവസങ്ങളോളം പ്രയത്നിച്ചു. പുത്തരിക്കണ്ടത്തെ ഇന്ന് കാണുന്ന സ്ഥിതിയിലേക്ക് എത്തിച്ചത് അന്നത്തെ പ്രയത്നമായിരുന്നു. പരിചയപ്പെടുന്നവർക്കെല്ലാം പിപി മുകുന്ദൻ എന്നാൽ മുകുന്ദേട്ടനായിരുന്നു.
മാറാട് എട്ട് മത്സ്യത്തൊഴിലാളികളെ വെട്ടിക്കൊന്ന സംഭവം കേരളത്തിന്റെ മനസാക്ഷിയെ പിടിച്ചുകുലുക്കിയതായിരുന്നു. അത് സംഘർഷത്തിലേക്ക് നീങ്ങാതെ ചർച്ച നടത്തി സമവായത്തിലെത്തിയത് മുകുന്ദേട്ടന്റെ ഇടപെടൽ മൂലമായിരുന്നു. മുഖ്യമന്ത്രി ഏ.കെ. ആന്റണിയും പി.കെ. കുഞ്ഞാലിക്കുട്ടിയും കുമ്മനം രാജശേഖരനും മറ്റുമായിനടത്തിയ ചർച്ചയാണ് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം ഉൾപ്പെടെയുള്ള ധാരണയിലെത്തിയത്. കണ്ണൂരിലെ രാഷ്ട്രീയ സംഘർഷം അവസാനിപ്പിക്കാൻ അക്ഷീണപരിശ്രമം നടത്തിയത് മുകുന്ദേട്ടനാണ്. മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാരെ ഇതിനായി നിരന്തരം ബന്ധപ്പെട്ടു. നായനാരുടെ നിർദ്ദേശങ്ങളും ഉപദേശങ്ങളും ഒരുപാടുണ്ടായി. ഇ.കെ.നായനാർ ഒരിക്കൽ പറഞ്ഞു. 'കണ്ണൂരിൽ എം വിഗോവിന്ദനെ ബന്ധപ്പെട്ടാൽമതി. ഓൻ ഇടപെട്ടാലേ നടക്കൂ. ഞാനും പറയാം. മറ്റുള്ളതെല്ലാം കണക്കാടോ' എന്ന്.
തിരുവനന്തപുരത്ത് ബിജെപിക്ക് ഇന്നത്തെ ശക്തിക്കും സ്വാധീനത്തിനും മുഖ്യകാരണം പ്രശ്നങ്ങളിൽ സംയോജിതമായ ഇടപെടലുകളും മുകുന്ദേട്ടന്റെ സമ്പർക്കവും കൊണ്ടാണെന്ന് തന്നെ പറയേണ്ടിവരും. തിരുവനന്തപുരത്ത് ഉദ്യോഗസ്ഥ പ്രമുഖരും സിനിമാ -സാഹിത്യമേഖലയിലെ പ്രമുഖരുമൊക്കെയായി ബിജെപിയുമായി ചേർന്നു പ്രവർത്തിക്കാനും സൗഹൃദമുണ്ടാക്കാനും മുകുന്ദേട്ടന്റെ കഴിവ് ഏറെ പ്രയോജനപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ