തൃപ്പൂണിത്തുറ: കേരളത്തിന്റെ ഇതിഹാസ ക്രിക്കറ്ററാണ് പി രവിയച്ചൻ. കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനാണ്. തൃപ്പൂണിത്തുറ കോട്ടയക്കകം ലോട്ടസ് നന്ദനം അപ്പാർട്ട്‌മെന്റിലായിരുന്നു താമസം. കേരളം ആദ്യമായി രഞ്ജി ട്രോഫി മത്സരം വിജയിച്ചപ്പോൾ ടീമംഗമായിരുന്നു. ഒന്നാം ക്ലാസ് ക്രിക്കറ്റിൽ ആയിരം റൺസും നൂറുവിക്കറ്റും നേടിയ ആദ്യ മലയാളിയാണ്. കേരളാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. ബാലൻ പണ്ഡിറ്റും രവിയച്ചനുമായിരുന്നു കേരള ക്രിക്കറ്റിലെ ആദ്യ സൂപ്പർതാരങ്ങൾ. ബാലൻ പണ്ഡിറ്റിന് പിന്നാലെ രവിയച്ചനും ജീവിതത്തിലെ ഇന്നിങ്‌സിന് വിരമമിടുകയാണ്. ഇതോടെ കേരളാ ക്രിക്കറ്റിലെ ആദ്യ യുഗവും ഓർമ്മകളിലേക്ക് മാറുന്നു.

ആർഎസ്എസ് ജില്ലാ സംഘ ചാലക്, ബാലഗോകുലം സംസ്ഥാന വൈസ് പ്രസിഡന്റ്, വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ്, കുരുക്ഷേത്ര പ്രകാശൻ ട്രസ്റ്റ് മാനേജിങ് ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഥകളി കേന്ദ്രം, പൂർണത്രയീശ സംഗീത സഭ, പൂർണത്രയീശ സേവാ സംഘം, തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് എന്നീ സംഘടനകളുടെ അധ്യക്ഷ സ്ഥാനം വഹിച്ചിട്ടുണ്ട്. കൊച്ചി ഇളയ തമ്പുരാൻ അനിയൻകുട്ടൻ തമ്പുരാന്റെയും പാലിയത്തുകൊച്ചുകുട്ടി കുഞ്ഞമ്മയുടെയും മകനായി പാലിയത്ത് 1928-ലാണ് ജനനം.

1952 മുതൽ 1970 വരെ കേരളത്തിനായി രഞ്ജി ക്രിക്കറ്റിൽ 55 മത്സരങ്ങളാണ് കളിച്ചത്. 1107 റൺസും 125 വിക്കറ്റും സ്വന്തമാക്കി. ടെന്നീസ്, ഷട്ടിൽ, ടേബിൾ ടെന്നീസ്, ബോൾ ബാഡ്മിന്റൺ തുടങ്ങിയ കായിക ഇനങ്ങളിലും നേട്ടം കൈവരിച്ചിട്ടുണ്ട്.ബാറ്റ്‌സ്മാനായും ബൗളറായും ഒരുപോലെ തിളങ്ങി. 55 ഒന്നാം ക്‌ളാസ് മത്സരങ്ങളിൽ നിന്ന് നേടിയ 1107 റൺസും 125 വിക്കറ്റുമായി സംസ്ഥാനത്തെ ആദ്യത്തെ യഥാർഥ ഓൾറൗണ്ടർ ക്രിക്കറ്റർ എന്ന പദവിയും സ്വന്തമാക്കി. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്‌ളബ് ആയിരുന്നു രവിയച്ചന്റെ തട്ടകം. രണ്ടുതവണ അദ്ദേഹം കേരള ടീമിന്റെ ക്യാപ്റ്റനായിരുന്നു.

തൃപ്പൂണിത്തുറ കോവിലകത്ത് അനിയൻ തമ്പുരാന്റെയും എറണാകുളം ചേന്ദമംഗലത്ത് പാലിയം തറവാട്ടിൽ കൊച്ചുകുട്ടി കുഞ്ഞമ്മയുടെയും മകനായി 1928 മാർച്ച് 12നായിരുന്നു രവിയച്ചന്റെ ജനനം. തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്‌കൂൾ, ചേന്ദമംഗലം പാലിയം ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. തൃശൂർ സെന്റ് തോമസ് കോളജിലെ ഇന്റർമീഡിയറ്റിനു ശേഷം അണ്ണാമലൈ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടി. മകൻ: രാംമോഹൻ.മരുമകൾ: ഷൈലജ.

പാലിയത്ത് ഗോവിന്ദൻ വലിയച്ചന്റെ വിയോഗത്തെ തുടർന്ന് പാലിയം കുടുംബത്തിലെ മുതിർന്ന അംഗം പി. രവിയച്ചൻ, വലിയച്ചനായി സ്ഥാനമേറ്റിരുന്നു. പദവി പ്രകാരം പാലിയത്ത് രാമൻ കോമി എന്ന് സ്ഥാനപ്പേരുള്ള 'പാലിയത്ത് രാമൻ വലിയച്ചൻ' എന്ന പേരും അലങ്കരിച്ചു. കൊച്ചി ഇളയ തമ്പുരാൻ അനിയൻകുട്ടൻ തമ്പുരാന്റെയും പാലിയത്തുകൊച്ചുകുട്ടി കുഞ്ഞമ്മയുടെയും മകനായി പാലിയത്ത് 1928ലാണ് ജനനം.

ഭാരതീയ ഇതിഹാസങ്ങളോടൊപ്പം ലോക സാഹിത്യവും അറിഞ്ഞ വായനാ വിശാലതയുള്ള രവിയച്ചൻ സമാനതകളില്ലാത്ത വ്യക്തിത്വത്തിനുടമയാണ്. ക്രിക്കറ്റിനൊപ്പം ടെന്നീസ്, ഷട്ടിൽ, ടേബിൾ ടെന്നീസ്, ബോൾ ബാഡ്മിന്റൺ തുടങ്ങി വിവിധ കായിക വിനോദങ്ങളിലും ഒരേ പോലെ നേട്ടം കൈവരിച്ച രവിയച്ചൻ തൃപ്പൂണിത്തുറയുടെ ഹൃദയമറിയുന്ന സാംസ്‌കാരിക നായകനാണ്.

എഴുപതുകൾക്ക് മുമ്പ് രഞ്ജി ട്രോഫി മത്സരങ്ങളിൽ കേരളത്തിന്റെ പ്രകടനം എന്നും മോശമായിരുന്നെങ്കിലും രവിയച്ചനും ബാലൻ പണ്ഡിറ്റും ഉന്നതശേഷി പുലർത്തിയവരായിരുന്നു. 1952ൽ തിരുവനന്തപുരത്ത് മൈസൂരുവിനെതിരേ തിരുവിതാംകൂർ-കൊച്ചിക്കു വേണ്ടിയായിരുന്നു രവിയച്ചന്റെ രഞ്ജി ട്രോഫി അരങ്ങേറ്റം. കേരള സംസ്ഥാന രൂപവത്കരണത്തിനുശേഷം 1957-ൽ തിരുവിതാംകൂർ-കൊച്ചി ക്രിക്കറ്റ് ടീമിന്റെ പേര് കേരള എന്നാക്കിയപ്പോൾ രവിയച്ചൻ കേരളത്തിനുവേണ്ടി കളിച്ചു. 41-ാം വയസ്സിൽ ആഭ്യന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. 1960-ൽ ആന്ധ്രപ്രദേശിനെതിരേയാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ബൗളിങ് (346). ലോകത്തിലെ ഏറ്റവും പഴക്കമുള്ള പരിമിത ഓവർ ടൂർണമെന്റുകളിലൊന്നായ തൃപ്പൂണിത്തുറയിലെ പൂജാ ക്രിക്കറ്റ് ടൂർണമെന്റിലും ആദ്യകാലത്ത് കളിച്ചിരുന്നു.

1952 മുതൽ 1970 വരെ തിരുവിതാംകൂർ-കൊച്ചി, കേരള ടീമുകൾക്കായി 55 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പ്രാഥമികമായി ലെഗ് സ്പിന്നറായ അദ്ദേഹം 125 വിക്കറ്റുകളും 1107 റൺസും നേടി. കേരള ക്രിക്കറ്റ് അസോസിയേഷൻ നൽകുന്ന മികച്ച സ്പിൻ ബൗളർക്കുള്ള പുരസ്‌കാരം രവിയച്ചന്റെ പേരിലാണ്. പി. രവിയച്ചന്റെ മൃതദേഹം ചൊവ്വാഴ്ച രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിൽ പൊതുദർശനത്തിനു വെക്കും. സംസ്‌കാരം ചൊവ്വാഴ്ച മൂന്നിന് ചേന്ദമംഗലം പാലിയം കുടുംബ ശ്മശാനത്തിൽ.