കണ്ണൂർ: കണ്ണൂരിന്റെ കണ്ണീരായി ശിവാനിയെന്ന ഇരുപതുവയസുകാരി. ബൈക്ക് അപകടത്തിൽ മരിച്ചവിദ്യാർത്ഥിനിക്ക് ജനിച്ചുവളർന്ന കണ്ണൂർ നഗരം സങ്കടവായ്‌പ്പോടെയാത്രാമൊഴിയേകി. കാസർകോട് പുലിക്കുന്ന് കെ.എസ്.ടി.പി റോഡിലെ കുഴിയിൽ വീണ് ബൈക്ക് മറിഞ്ഞ് സാരമായി പരിക്കേറ്റ് മംഗളുരു കെ.എം.സിയിൽ ചികിത്സയിൽ കഴിഞ്ഞ കണ്ണൂർ സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചസംഭവത്തിൽ ബൈക്ക് ഓടിച്ചസഹപാഠിക്കെതിരെ കാസർകോട് ടൗൺ പൊലിസ് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.

ചേംബർ ഓഫ് കോമേഴ്സ് മുൻ പ്രസിഡന്റ് കണ്ണൂർ സെന്റ് മൈക്കിൾ സ്‌കൂളിന് സമീപം 'സുഖ ജ്യോതിയിൽ' മഹേഷ് ചന്ദ്ര ബാലിഗയുടെ മകൾ ശിവാനി ബാലിഗ (20)യാണ് മരിച്ചത്. ഞായറാഴ്ച രാത്രി കാസർകോട് ബേക്കലിൽ നിന്നും മംഗളൂരുവിലേക്ക് പോകുകയായിരുന്ന മോട്ടോർ ബൈക്കാണ് അപകടത്തിൽപ്പെട്ടത്.

ആലപ്പുഴ മയ്യളം സ്വദേശി ഗോപാലക്കുറുപ്പിന്റെ മകൻ അജിത്ത് കുറുപ്പാണ് (20) ബൈക്ക് ഓടിച്ചത്. അജിത്ത് കുറുപ്പിന്റെ സുഹൃത്തും സഹപാഠിയുമായ ശിവാനി ബൈക്കിനു പിറകിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു. പരിക്കേറ്റ അജിത്ത് കുറുപ്പ് മംഗളുരു ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്.

മണിപ്പാൽ യൂനിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയാണ് മരിച്ച ശിവാനി ബാലിഗ. അമ്മ: അനുപമ ബാലിഗ. സഹോദരൻ: രജത് ബാലിഗ (എൻജിനിയർ ബംഗളൂരൂ). ശിവാനിയുടെ ഭൗതിക ശരീരം വൻജനാവലിയുടെ സാന്നിധ്യത്തിൽ തയ്യിൽ സമുദായ ശ്മശാനത്തിൽ സംസ്‌കരിച്ചു. ബർണശേരിയിലുള്ള വീട്ടിൽ പൊതുദർശനത്തിനായി വൻജനാവലി തന്നെയെത്തിയിരുന്നു.

രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, മേയർ ടി. ഒമോഹനൻ, വിവിധ പാർട്ടി നേതാക്കൾ, ചേംബർ ഓഫ് കൊമെഴ്സ് ഭാരവാഹികൾ തുടങ്ങിയവർ ബർണശേരിയിലുള്ള വസതിയിലെത്തി അനുശോചനമർപ്പിച്ചു. കണ്ണൂരിലെ വ്യാപാരപ്രമുഖനാണ് മഹേഷ് ചന്ദ്രബാലിഗ. വർഷങ്ങൾക്കു മുൻപെ മഹാരാഷ്്ട്രയിൽ നിന്നും കുടിയേറിയവരാണ് ഇവരുടെ കുടുംബം.

വിനായക ചതുർത്ഥിയുടെ ഭാഗമായി മുംബൈയിലെ ബന്ധുക്കളുടെ അടുത്തേക്ക് പോകാനിരിക്കെയാണ് ശിവാനിയെ ദുരന്തംതേടിയെത്തിയത്. അപകടമുണ്ടാക്കിയ പുലിക്കുന്ന് കെ. എസ്.ടി.പി റോഡിലെ കുഴി പൊതുമരാമത്ത് വകുപ്പ് അധികൃതർ അടച്ചു. നിരവധി പേരാണ് ഇവിടെ അപകടത്തിൽപ്പെട്ടത്. ജനകീയ പ്രതിഷേധത്തെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ്അധികൃതർ റോഡിലെ കുഴി അടച്ചത്.