- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സജിൻ മുഹമ്മദിന്റെ ജീവനെടുത്ത അപകടത്തിന് പിന്നിലെ കാരണം അജ്ഞാതം; മകന്റെ ഫോട്ടോയ്ക്കൊപ്പമുള്ള ഫെയ്‌സ് ബുക്കിലെ ആദരാജ്ഞലി പോസ്റ്റ് കണ്ട അമ്മ കിണറ്റിൽ ചാടിയത് അടുത്തു കിടന്നുറങ്ങിയ മകളെ പോലും ഉണർത്താതെ; നൊമ്പരമായി സജിനും ഷീജാ ബീഗവും
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല കാമ്പസിനകത്തുണ്ടായ വാഹനാപകടത്തിൽ മരിച്ച സജിൻ മുഹമ്മദിനു എന്താണ് സംഭവിച്ചത് എന്നതിൽ ഇനിയും വ്യക്തതയില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ യൂണിവേഴ്സിറ്റി സെക്യൂരിറ്റി ഗേറ്റ് കഴിഞ്ഞുള്ള റോഡിലെ രണ്ടു വളവുകൾക്കിടയിലായിരുന്നു അപകടം. സജിൻ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരേവന്ന ജീപ്പിൽ തട്ടി മറിഞ്ഞതാകാമെന്നാണ് സൂചന. എന്നാൽ ഇടിച്ചിട്ട ജീപ്പിനെ കണ്ടെത്താനായിട്ടില്ല. ശാസ്ത്രീയപരിശോധനയ്ക്കു ശേഷമേ അപകടകാരണത്തെക്കുറിച്ചു പറയാൻ സാധിക്കൂവെന്ന് പൊലീസ് പറഞ്ഞു.
ഇതിനൊപ്പമാണ് സജൻ മുഹമമദിന്റെ അമ്മയുടെ മരണവും വേദനയായി മാറുന്നത്. മകന്റെ വിയോഗം അറിഞ്ഞായിരുന്നു അമ്മയുടെ ആത്മഹത്യ. മകന്റെ ചിത്രത്തിനൊപ്പം ആദരാഞ്ജലികൾ എന്നെഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് കണ്ടതാണ് അമ്മയെ വേദനയിലാഴ്‌ത്തിയത്. മകന്റെ മരണവിവരമറിഞ്ഞ് ഷീജാബീഗം കിണറ്റിൽച്ചാടി ജീവനൊടുക്കി. വാഹനാപകടത്തിൽ മകൻ സജിൻ മുഹമ്മദിനു പരിക്കു പറ്റിയെന്നു മാത്രമാണ് നെടുമങ്ങാട് വെള്ളൂർക്കോണം ഗവ. എൽ.പി.സ്‌കൂൾ അദ്ധ്യാപികയായ ഷീജാബീഗത്തെ അറിയിച്ചിരുന്നത്. ഇവരെ കഴക്കൂട്ടം ആമ്പല്ലൂരിലെ കുടുംബവീട്ടിലാക്കിയശേഷം ഭർത്താവ് സുലൈമാനും ബന്ധുക്കളും വയനാട്ടിലേക്കു യാത്രതിരിക്കുകയും ചെയ്തു.
ഇതിനിടെയാണ് അമ്മ മരണം ഫെയ്‌സ് ബുക്കിൽ നിന്ന് അറിഞ്ഞത്. ഇളയ മകൾ സിയാനയെപ്പോലും ഉണർത്താതെ രാത്രി ഒന്നരയോടെ ഇവർ തൊട്ടടുത്തുള്ള വസ്തുവിലെ കിണറ്റിലേക്കു ചാടുകയായിരുന്നു. ഷീജാബീഗത്തിന്റെ മാതാവ് ആരിഫാബീവിയും സഹോദരൻ ഷാജഹാനും കുടുംബവുമാണ് കുടുംബവീട്ടിൽ താമസം. ഉറങ്ങാൻ കിടന്ന ഷീജയെ കാണാതായതു ശ്രദ്ധയിൽപ്പെട്ട ഷാജഹാനും ബന്ധുക്കളും തിരച്ചിൽ നടത്തിയപ്പോഴാണ് കിണറിന്റെ ഇരുമ്പുമറ മാറ്റിയതായി കണ്ടത്. ഇതോടെ ആത്മഹത്യയിൽ സംശയം ഉണ്ടായി.
ഫയർഫോഴ്സ് സ്ഥലത്തെത്തി ഷീജയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മകന്റെ മരണവിവരമറിഞ്ഞ് വയനാട്ടിലേക്കു യാത്രചെയ്യുകയായിരുന്ന സുലൈമാനെ തേടി ഭാര്യയുടെ മരണവിവരവുമെത്തി. അദ്ധ്യാപകദിനമായിരുന്ന ചൊവ്വാഴ്ച സ്‌കൂളിലെ ആദരിക്കൽ ചടങ്ങുകൾക്കിടയിൽനിന്നാണ് സുലൈമാൻ, ഷീജാബീഗത്തെ കൂട്ടിക്കൊണ്ടുപോയത്. ഈ പരിപാടിക്കുവേണ്ടി ഷീജാബീഗവും സഹാധ്യാപകരും ഒരാഴ്ചക്കാലത്തെ മുന്നൊരുക്കത്തിലായിരുന്നു. മകന്റെ മരണവിവരം സുലൈമാൻ മകളെയും അറിയിച്ചിരുന്നില്ല.
20 വർഷമായി ഷീജാബീഗം ഈ വിദ്യാലയത്തിലെ അദ്ധ്യാപികയാണ്. ജോലി കിട്ടി ഇവിടെയെത്തിയ ശേഷമാണ് സ്‌കൂളിനു സമീപത്തായി സ്ഥലംവാങ്ങി വീടുെവച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ വെള്ളൂർക്കോണം സ്‌കൂളിലെ പൊതുദർശനത്തിൽ ഷീജാബീഗത്തിന് ആദരാഞ്ജലിയർപ്പിക്കാൻ വിദ്യാർത്ഥികളും പൂർവവിദ്യാർത്ഥികളും നാട്ടുകാരുമടക്കം നൂറുകണക്കിനു പേരാണ് എത്തിയത്.
അതേസമയം, സജിൻ മുഹമ്മദിന്റെ അപകടമരണത്തെക്കുറിച്ചു വ്യക്തതയുണ്ടായിട്ടില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ യൂണിവേഴ്സിറ്റി സെക്യൂരിറ്റി ഗേറ്റ് കഴിഞ്ഞുള്ള റോഡിലെ രണ്ടു വളവുകൾക്കിടയിലായിരുന്നു അപകടം. സജിൻ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരേവന്ന ജീപ്പിൽ തട്ടി മറിഞ്ഞതാകാമെന്നാണ് നിഗമനം. ശാസ്ത്രീയപരിശോധനയ്ക്കു ശേഷമേ അപകടകാരണത്തെക്കുറിച്ചു പറയാൻ സാധിക്കൂവെന്ന് പൊലീസ് പറഞ്ഞു.
ഭക്ഷണം കഴിച്ച് തിരിച്ചെത്താമെന്ന് പറഞ്ഞിറങ്ങിയ സുഹൃത്തിന്റെ വിയോഗ വാർത്തയിൽ സങ്കടത്തിലാഴ്ന്ന് വെറ്ററിനറി സർവകലാശാല. ചൊവ്വ പകൽ 2.30ന് കോളേജിൽനിന്ന് ഹോസ്റ്റലിലെത്തി ഉച്ചഭക്ഷണം കഴിച്ച് ബൈക്കിൽ മടങ്ങുമ്പോഴായിരുന്നു അപകടം. ബിരുദ പഠനശേഷം ഒരു വർഷം ഇടവേളയെടുത്ത് ജോലിചെയ്തു. വീണ്ടും ബിരുദാനന്തര ബിരുദത്തിന് 2021 ബാച്ചിൽ പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ അഡ്‌മിഷൻ നേടി പഠിക്കുകയായിരുന്നു. ബുധൻ പകൽ രണ്ടോടെ മൃതദേഹം സർവകലാശാലയിൽ പൊതുദർശനത്തിന് വച്ചു. മിടുക്കനായിരുന്ന വിദ്യാർത്ഥിയെ കാണാൻ അദ്ധ്യാപകരും കോളേജിലുള്ളവരും മറ്റുള്ളവരും എത്തി പൂച്ചെണ്ടുകളും റീത്തുകളും അർപ്പിച്ചു.
പൊതുദർശനത്തിന് ശേഷം മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. അപകടകാരണം അറിയാൻ വാഹനങ്ങൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. വിശദമായ പരിശോധനക്കുശേഷമേ അപകട കാരണത്തെക്കുറിച്ച് പറയാൻ സാധിക്കുകയുള്ളുവെന്ന് വൈത്തിരി പൊലീസ് പറഞ്ഞു.