പത്തനംതിട്ട: ക്ലാസ് എടുത്തു കൊണ്ടിരിക്കേ കുട്ടികൾക്ക് മുന്നിൽ കുഴഞ്ഞു വീണ നഴ്സറി സ്‌കൂൾ അദ്ധ്യാപിക പിന്നീട് ആശുപത്രിയിൽ ചികിൽസയിലിരിക്കേ മരിച്ചു. മൈലപ്ര സേക്രഡ് ഹാർട്ട് നഴ്സറി സ്‌കൂളിലെ മുഖ്യഅദ്ധ്യാപിക വടശേരിക്കര കരിപ്പോൺ പുത്തൻവീട്ടിൽ സാറാമ്മ തോമസ് (മിനി 47 )ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ പത്തരയോടെ കൂടി ക്ലാസ് മുറിയിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടു കുഴഞ്ഞു വീണ അദ്ധ്യാപികയെ സഹപ്രവർത്തകർ ആദ്യം ജനറൽ ആശുപത്രിയിലാണ് എത്തിച്ചത്. അവിടെ നിന്ന് മുത്തൂറ്റ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മണിയാർ പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാൻ കെ.എ.തോമസ് ആണ് ഭർത്താവ്.
മക്കൾ: മാത്യു കെ. ടോം, ഇവാനിയോസ് തോമസ്. സംസ്‌കാരം പിന്നീട്.

നൂറുകണക്കിന് കുരുന്നുകളെ അക്ഷരലോകത്ത് പിച്ച വച്ച് നടക്കാൻ പ്രാപ്തയാക്കിയ അദ്ധ്യാപികയായിരുന്നു സാറാമ്മ. കുഞ്ഞുങ്ങളുടെ മുന്നിൽ തങ്ങളുടെ ടീച്ചർ കുഴഞ്ഞു വീണ് ജീവൻ വെടിഞ്ഞത് ഞെട്ടലോടെയാണ് ശിഷ്യഗണങ്ങൾ കേട്ടത്.