ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവുമായ ഷിബു സോറന്‍ (81) അന്തരിച്ചു. ഒരു മാസമായി ഡല്‍ഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. ജൂണ്‍ അവസാനത്തോടെയാണ് ഷിബുസോറനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച പാര്‍ട്ടിയുടെ സ്ഥാപക നേതാവാണ് ഷിബു സോറന്‍. മകനും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനാണ് മരണ വാര്‍ത്ത അറിയിച്ചത്. ''ആദരണീയനായ ഗുരു നമ്മളെ വിട്ടുപോയി. ഇന്ന് ഞാന്‍ ശൂന്യനായി'' ഈ വാക്കുകളിലൂടെയാണ് അച്ഛന്റെ വിയോഗവാര്‍ത്ത എക്‌സിലൂടെ ഹേമന്ത് സോറന്‍ അറിയിച്ചത്.

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) യുടെ സ്ഥാപക നേതാവായ ഷിബു സോറന്‍ 38 വര്‍ഷക്കാലം പാര്‍ട്ടിയെ നയിച്ചു. ജാര്‍ഖണ്ഡിന്റെ മൂന്നാമത്തെ മുഖ്യമന്ത്രിയായി. ആദ്യം 2005 ല്‍ 10 ദിവസവും പിന്നീട് 2008 മുതല്‍ 2009 വരെയും. 2009 മുതല്‍ 2010 വരെയും. മൂന്ന് തവണ കേന്ദ്ര മന്ത്രിസഭയില്‍ കല്‍ക്കരി മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2020 മുതല്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള രാജ്യസഭാംഗമായി തുടരുകായായിരുന്നു ഷിബു സോരന്‍. എട്ട് തവണ ലോക്സഭാംഗമായ ഷിബു സോറന്‍ മൂന്ന് തവണ വീതം കേന്ദ്ര കല്‍ക്കരി വകുപ്പ് മന്ത്രിയായും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ സംസ്ഥാന അദ്ധ്യക്ഷനും ആയിരുന്നു. കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട ജാര്‍ഖണ്ഡിലെ ആദ്യ മുഖ്യമന്ത്രിയാണ് ഷിബു സോറന്‍.

അവിഭക്ത ബീഹാറിലെ രാംഗഢ് ജില്ലയിലെ ഒരു സന്താള്‍ ആദിവാസി കുടുംബത്തില്‍ ശോബരന്‍ സോറന്റെയും സോനാമുനിയുടേയും മകനായി 1944 ജനുവരി 11ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം രാഷ്ട്രീയത്തിലിറങ്ങി. 1962-ല്‍ പതിനെട്ടാമത്തെ വയസില്‍ സന്താള്‍ നവയുക്ത് സംഘ് എന്ന പ്രസ്ഥാനം രൂപീകരിച്ചു. തീവ്ര ഇടതുപക്ഷ നയങ്ങള്‍ പിന്തുടര്‍ന്ന ഈ സംഘടന നെല്‍ കൃഷി നടത്തുന്നവരുടെ ഭൂമി ബലമായി പിടിച്ചെടുക്കുകയും ആദിവാസികള്‍ അല്ലാത്തവരെ നാട്ടില്‍ നിന്ന് പുറത്താക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രക്ഷോഭം ആരംഭിച്ചതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ പത്തോളം പേര്‍ കൊല്ലപ്പെട്ടു.

ഇതിനെല്ലാം സംഘടനപരമായി നേതൃത്വം നല്‍കിയ ഷിബു സോറന്‍ 1972-ല്‍ ബീഹാറില്‍ നിന്നും വിഭജിച്ച് മറ്റൊരു സംസ്ഥാനം വേണമെന്ന ആവശ്യം ഉയര്‍ത്തി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എന്ന പുതിയൊരു പാര്‍ട്ടി രൂപികരിച്ചു. 1977-ല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയ ഷിബു സോറന്‍ ആ വര്‍ഷത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ധുംക മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് എട്ട് തവണ ലോക്‌സഭാംഗമായി. മൂന്ന് തവണ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായെങ്കിലും ആറ് മാസത്തില്‍ കൂടുതല്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നില്ല. കൊലപാതക കേസുകളില്‍ വിചാരണ നേരിട്ട ശേഷം വിധി വന്നതിനെ തുടര്‍ന്ന് മൂന്ന് തവണയും മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.

പേഴ്‌സണല്‍ സെക്രട്ടറിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസില്‍ വിചാരണയും വിധിയും നടന്നതിന്റെ പശ്ചാത്തലത്തില്‍ ഒന്നാം പ്രതിയായതിനെ തുടര്‍ന്ന് 2004 മുതല്‍ 2006 വരെ കേന്ദ്ര മന്ത്രി സ്ഥാനത്ത് നിന്ന് മൂന്ന് തവണയും രാജി വെയ്‌ക്കേണ്ടി വന്നിട്ടുണ്ട്. ജാര്‍ഘണ്ഡിലെ ഗോത്ര വിഭാഗങ്ങളുടെ പിന്തുണയോടെയാണ് സോറന്‍ രാഷ്ട്രീയത്തില്‍ വളര്‍ന്നത്. സോറന്റെ അച്ഛന്‍ ബ്ലേഡ് മാഫിയകളാല്‍ കൊല ചെയ്യപ്പെട്ടത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി. അച്ഛന്റെ ഘാതകര്‍ക്കെതിരെ സോറന്‍ നടത്തിയ പോരാട്ടം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് അടിത്തറയിട്ടു. പതിനെട്ടാം വയസില്‍ സന്താള്‍ ഗോത്രത്തില്‍പ്പെട്ട യുവാക്കളുടെ സംഘടനയുണ്ടാക്കി രാഷ്ട്രീയജീവിതം തുടങ്ങിയ അദ്ദേഹം 1971 ല്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ജനറല്‍ സെക്രട്ടറിയായി. 75 ലെ ചിരുതി കൂട്ടക്കൊല കേസിനെ തുടര്‍ന്ന് ഒളിവില്‍ പോകേണ്ടി വന്ന സോറന്‍ എന്നാല്‍ തിരിച്ച് വരവ് ഗംഭീരമാക്കി.

1980 ല്‍ ലോക്സഭാംഗമായി. 2005 മാര്‍ച്ചില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായെങ്കിലും ഭൂരിപക്ഷം തെളിയിക്കാനാവാത്തതിനാല്‍ സ്ഥാനം ഉപേക്ഷിക്കേണ്ടി വന്നു. 2003 ല്‍ നരസിംഹറാവു സര്‍ക്കാരിനെ നിലനിര്‍ത്താന്‍ പിന്തുണ നല്‍കിയതിന് കോഴ വാങ്ങിയതായി തെളിഞ്ഞതോടെ സോറന്‍ പ്രതിരോധത്തിലായി. 2004 ലും 2006 ലും കേന്ദ്രമന്ത്രിയായെങ്കിലും മറ്റൊരു കൊലക്കേസില്‍ കൂടെ പ്രതിയായതോടെ രാജിവക്കേണ്ടിവന്നതാണ് ചരിത്രം.