മുംബൈ: പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു. 90 വയസ്സായിരുന്നു. മുംബൈയിൽ വച്ചാണ് അന്ത്യം. വൃക്കരോഗത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. വൈകീട്ട് ആറരയോടെ മരണം സ്ഥിരീകരിച്ചതായി മകൾ പിയ ബെനഗലാണ് അറിയിച്ചത്. ഈ മാസമായിരുന്നു അദ്ദേഹത്തിന്റെ 90-ാം ജന്മദിനം. മൂന്ന് പ്രോജക്ടുകളുടെ പണിപ്പുരയിലാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

1974-ൽ പുറത്തിറങ്ങിയ 'അങ്കുർ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചത്. നിശാന്ത് (1975), മന്ഥൻ (1976), ഭൂമിക (1977) തുടങ്ങിയ അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ ഒരു മികച്ച സംവിധായകനെന്ന നിലയിൽ അദ്ദേഹത്തിൻ്റെ പ്രശസ്തി ഉറപ്പിച്ചു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന സിനിമ ജീവിതത്തിൽ നിരവധി ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

മികച്ച നിരൂപക പ്രശംസ നേടിയ മാണ്ഡി (1983), ത്രികാൽ (1985), സർദാരി ബീഗം (1996) തുടങ്ങിയ നിരവധി ചിത്രങ്ങളും അദ്ദേഹത്തിന് വെള്ളിത്തിരയിലെത്തിക്കാനായി. 2023-ൽ തിയേറ്ററുകളിൽ എത്തിയ മുജീബ്: ദ മേക്കിംഗ് ഓഫ് എ നേഷൻ ആയിരുന്നു അദ്ദേഹത്തിൻ്റെ അവസാന റിലീസ്. 1976 ൽ പത്മശ്രീ പുരസ്കാരവും, 1991 ൽ പത്മഭൂഷൺ പുരസ്കാരവും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. 2005ൽ രാജ്യത്തെ ഏറ്റവും വലിയ ചലച്ചിത്രപുരസ്കാരമായ ദാദാസാഹിബ് ഫാൽകെ അവാർഡും അദ്ദേഹത്തെ തേടിയെത്തി.

ചലച്ചിത്ര നിർമ്മാതാവ് ശേഖർ കപൂർ ബെനഗലിന് ആദരാഞ്ജലികൾ അർപ്പിച്ചു. 'അദ്ദേഹമാണ് ന്യൂ വേവ് സിനിമ സൃഷ്ടിച്ചത്, അങ്കുർ, മന്ഥൻ തുടങ്ങി എണ്ണമറ്റ ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയുടെ ദിശ മാറ്റിമറിച്ച മനുഷ്യനായി എന്നും ഓർമ്മിക്കപ്പെടും. ശബാന ആസ്മി, സ്മിതാ പാട്ടീൽ തുടങ്ങിയ മികച്ച അഭിനേതാക്കളെ അദ്ദേഹം സൃഷ്ടിച്ചു. എൻ്റെ സുഹൃത്തും വഴികാട്ടിയ്ക്കും വിട' എന്നായിരുന്നു എക്‌സ് ഹാൻഡിലിൽ കുറിച്ചത്.