- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ ശൂരനാട് രാജശേഖരന്‍ അന്തരിച്ചു; വിടവാങ്ങുന്നത് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം; പത്രപ്രവര്‍ത്തകനായി തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തനം; വീക്ഷണം മാനേജിംഗ് എഡിറ്റര്‍; പാര്‍ലമെന്ററീ വ്യാമോഹം കാട്ടാത്ത കോണ്‍ഗ്രസ് നേതാവ്; അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി കോണ്‍ഗ്രസ്
കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ ശൂരനാട് രാജശേഖരന്‍ ( 76 ) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊല്ലം ശാസ്താംകോട്ട ഡിബി കോളജില്‍ കേരള വിദ്യാര്‍ഥി യൂണിയന്‍ പ്രവര്‍ത്തകനായി തുടങ്ങിയ ശൂരനാട് രാജശേഖരന്‍ കെഎസ്യു സംസ്ഥാന ഭാരവാഹി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി, കൊല്ലം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗമായിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കേരളത്തിലെ മികച്ച സഹകാരികളില്‍ ഒരാളാണ്. പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും ഓരോ തവണ മത്സരിച്ചിട്ടുണ്ട്.
1949 ജനുവരി 18ന് കൊല്ലം ജില്ലയിലെ ശൂരനാട്ട് ജനനം. അച്ഛന്‍: പി. എന്‍. രാഘവന്‍ പിള്ള, അമ്മ: കെ. ഭാര്‍ഗ്ഗവി അമ്മ. മാലുമേല്‍ ഗവ. എല്‍. പി. സ്‌കൂള്‍ തഴവ ആദിത്യവിലാസം ഗവ. ഹൈസ്‌ക്കൂള്‍, ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജ്, ചങ്ങനാശ്ശേരി സെയ്ന്റ് ബര്‍ക്ക്മാന്‍സ് കോളജ്, തിരുവനന്തപുരം ലാ അക്കാദമി-ലാ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കാലിക്കട്ട് സര്‍വ്വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടി. പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചു. കൊല്ലം പ്രസ്സ് ക്ലബ്ബ് പ്രസിഡന്റായിരുന്നു. എല്‍ ഐ സി ഓഫ് ഇന്ത്യയുടെ ഭരണസമിതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായി ഡയറക്ടറായും പ്രവര്‍ത്തിച്ചു. വീക്ഷണം ദിനപത്രത്തിന്റെ മാനേജിങ് എഡിറ്ററുമാണ്. ഭാര്യ: ഉദയാ രാജശേഖരന്‍. മക്കള്‍: ലക്ഷ്മി, നിശാന്ത് മേനോന്‍, അരുണ്‍ ഗണേഷ്, ദേവി. മാറുന്ന ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയം 2019-ആണ് പ്രധാന കൃതികള്‍. മലയാള ഭാഷാ പണ്ഡിതനായിരുന്ന ശൂരനാട് കുഞ്ഞന്‍പിള്ളയുടെ അടുത്ത ബന്ധു കൂടിയായിരുന്നു ശൂരനാട് രാജശേഖരന്‍.
പാര്‍ലമെന്ററീ രാഷ്ട്രീയത്തോട് കൂടുതല്‍ താല്‍പ്പര്യം ശൂരനാട് കാട്ടിയിരുന്നില്ല. 2016ല്‍ ചാത്തന്നൂരില്‍ മത്സരിച്ചെങ്കിലും നിയമസഭയിലേക്ക് ജയിച്ചില്ല. ജോസ് കെ മാണിക്കെതിരെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. സൗമ്യമായ ഇടപെടലായിരുന്നു ശൂരനാടിന്റെ മുഖമുദ്ര. കോണ്‍ഗ്രസില്‍ കരുണാകരനൊപ്പം നിലയുറപ്പിച്ച നേതാവ് കൂടിയായിരുന്നു. സമകാലീന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഗ്രൂപ്പിന് അതീതമായ നിലപാടുകളായിരുന്നു ശൂരനാടിന്റേത്.