- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കതിരൂർ നാലാം മൈലിൽ നിയന്ത്രണം വിട്ട കാറിടിച്ചു വീഴ്ത്തിയത് തലശ്ശേരിയിലെ ജന്മഭൂമി റിപ്പോർട്ടറെ; ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന എംപി ഗോപാലകൃഷ്ണന് ദാരുണാന്ത്യം; വിടപറഞ്ഞത് രാഷ്ട്രീയ സംഘർഷമേഖലയിൽ നിർഭയം പ്രവർത്തിച്ച മാധ്യമപ്രവർത്തകൻ
തലശേരി: കതിരൂർ നാലാം മൈലിൽ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായി ജന്മഭൂമി തലശ്ശേരി ബ്യൂറോ റിപ്പോർട്ടർ ശ്രീ ശൈലത്തിൽ എംപി. ഗോപാലക്യഷ്ണൻ (65) അന്തരിച്ചു. രണ്ട് ദിവസം മുൻപ് സ്വന്തം നാടായ നാലാംമൈലിലുണ്ടായ വാഹനാപകടത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം.
രണ്ടര പതിറ്റാണ്ടായി തലശ്ശേരിയിലെ ജന്മഭൂമിയുടെ മുഖമായിരുന്നു ഗോപാലകൃഷ്ണൻ. ബിജെപി തലശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ടായും ബിഎംഎസ് മേഖലാ പ്രസിഡണ്ടായും ദേശീയ പ്രസ്ഥാനങ്ങളുടെ അമരക്കാരനായും ഗോപാലകൃഷ്ണൻ പ്രവൃത്തിച്ചിട്ടുണ്ട്. തലശ്ശേരി പ്രസ്സ്‌ഫോറത്തിന്റെ വിവിധ ചുമതലകൾ വഹിച്ചിരുന്നു. ഭാര്യ: പ്രസന്ന. മക്കൾ: ശ്യാംബാബു, സംഗീത. മരുമകൾ: ഹരിത. സംസ്‌കാരം പിന്നീട് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ജന്മഭൂമി തലശ്ശേരി പ്രാദേശിക ലേഖകനായിരുന്ന എംപി. ഗോപാലകൃഷ്ണന്റെ വേർപാടിലൂടെ നഷ്ടമായത് ശ്രദ്ധേയനായ പത്രപ്രവർത്തകനെയും ഒപ്പം തലശ്ശേരി മേഖലയിലെ മികച്ച പൊതുപ്രവർത്തകനേയുമാണ്. റോഡരികിലൂടെ നടന്നു പോകവേ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കേയാണ് വെള്ളിയാഴ്‌ച്ച രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം മരണപ്പെട്ടത്. ഇരുപത് വർഷത്തിലേറെയായി ജന്മഭൂമിയുടെ തലശ്ശേരി ലേഖകനായി പ്രവർത്തിച്ചു വരുന്ന ഗോപാലകൃഷ്ണൻ ജന്മഭൂമിയിലെ മറ്റ് പ്രാദേശിക ലേഖന്മാർക്ക് മാതൃകയായിരുന്നു. സംഘർഷ കാലഘട്ടങ്ങളിലടക്കം ഏത് പാതിരാത്രിയിലും ജന്മഭൂമിക്ക് വേണ്ടി വാർത്തകൾ തയ്യാറാക്കി അയച്ചിരുന്ന അദ്ദേഹം തലശ്ശേരി മേഖലയിൽ കക്ഷി രാഷ്ട്രീയങ്ങൾക്കതീതമായി വ്യക്തി ബന്ധംവെച്ചു പുലർത്തിയ പൊതുപ്രവർത്തകൻ കൂടിയായിരുന്നു.
ബിജെപി മണ്ഡലം പ്രസിഡണ്ട്, ബിഎംഎസ് ഭാരവാഹി തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ച് തലശ്ശേരിയിലെ രാഷ്ട്രീയ-തൊഴിലാളി മേഖലയിൽ വർഷങ്ങളോളം നിറസാന്നിധ്യമായിരുന്നു. സൗമ്യമായ പെരുമാറ്റം ആരേയും ആകർഷിക്കുന്നതായിരുന്നു. ജന്മഭൂമിയിലെ എല്ലാ മേഖലയിൽ പ്രവർത്തിക്കുന്നവരുമായും സംഘപരിവാർ നേതാക്കളും പ്രവർത്തകരുമായും വളരെ അടുത്ത സുഹൃദ് ബന്ധം സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ വേർപാട് സംഘപരിവാർ പ്രസ്ഥാനങ്ങൾക്കും ജന്മഭൂമി ദിനപത്രത്തിനും തീരാനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. വിവിധ കാലയളവുകളിൽ തലശ്ശേരി പ്രസ്‌ഫോറത്തിന്റെ ഭാരവാഹിയെന്ന നിലയിൽ പ്രസ്‌ഫോറത്തിന്റെ വികസന പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.
ആദ്യകാലത്ത് കതിരൂർ മേഖലയിലെ പൊതു രംഗത്ത് സജീവമായിരുന്ന ഗോപാലകൃഷ്ണൻ തലശ്ശേരി നഗരത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായി പ്രവർത്തിക്കുകയും പിന്നീട് സംഘപരിവാർ സംഘടനകളുടെ പ്രവർത്തകനായി മാറി. ഇതിനിടയിൽ അവിചാരിതമായി പത്ര പ്രവർത്തനരംഗത്തെത്തുകയായിരുന്നു. യാതൊരു അക്കാദമിക യോഗ്യതയുമുണ്ടായിരുന്നില്ലെങ്കിലും ഈ രംഗത്തോടുള്ള ആത്മാർത്ഥമായ സമീപനം നാട്ടുകാരുടേയും ജന്മഭൂമി പ്രവർത്തകരുടേയും സ്വന്തം ഗോപാലകൃഷ്‌ണേട്ടനെ നല്ലൊരു പത്രപ്രവർത്തകനാക്കി. പതിറ്റാണ്ടുകൾ നീണ്ട തലശ്ശേരി മേഖലയെ ഭീതിയിലാഴ്‌ത്തിയ രാഷ്ടീയ സംഘർഷങ്ങൾക്കിടയിലും ആത്മധെര്യത്തോടെ സംഘർഷമേഖലയിൽ കടന്നുചെന്ന് വാർത്തകൾ ശേഖരിച്ച് റിപ്പോർട്ട് ചെയ്യുന്നതിൽ മുൻപന്തിയിലായിരുന്നു അദ്ദേഹം.
മാത്രമല്ല സംഘപരിവാർ പ്രവർത്തകനെന്ന നിലയിലും സ്വന്തം പ്രദേശത്തടക്കം സംഘർഷങ്ങളുടലെടുത്തപ്പോൾ സധൈര്യം പ്രവർത്തിച്ചു. ഏറ്റവും ഒടുവിൽ അപകടം നടന്ന ദിവസം കഴിഞ്ഞ 4ാം തീയ്യതി രാവിലെ കണ്ണൂരിൽ ജന്മഭൂമി എഡിഷൻതല യോഗത്തിൽ പങ്കെടുത്ത് ഉച്ചഭക്ഷണം കഴിച്ചാണ് മടങ്ങിയത്. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന സർക്കുലേഷൻ ക്യാമ്പയിന്റെ തലശ്ശേരി മേഖലയിലെ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള പദ്ധതികൾ ചർച്ച ചെയ്തായിരുന്നു വീട്ടിലേക്കുള്ള മടക്കം. സന്ധ്യയോടെയാണ് കതിരൂരിലെ വീട്ടിന് സമീപം മെയിൻ റോഡിൽവെച്ച് അമിത വേഗതയിലെത്തിയ കാർ ഗോപാലകൃഷ്ണനെ ഇടിച്ച് തെറിപ്പിച്ചത്. ഇതിനു ശേഷം അബോധാവസ്ഥയിലായ ഗോപാലകൃഷ്ണനെ നാട്ടുകാരും പാർട്ടി പ്രവർത്തകരുമാണ് തലശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാൽ നില ഗുരുതരമായതിനാൽ കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഒട്ടേറെ തവണ തലശ്ശേരി പ്രസ്സ് ഫോറത്തിന്റെ വിവിധ ചുമതലകളേറ്റെടുത്ത് പ്രവർത്തിച്ച ഗോപാലകൃഷ്ണൻ നിലവിൽ പ്രസ്‌ഫോറം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്.