കല്‍പ്പറ്റ: വാഹനപകടത്തില്‍ അന്തരിച്ച ജെന്‍സന്റെ മൃതദേഹം സംസ്‌കരിച്ചു. വയനാട് ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടമായ ശ്രുതിയെ തനിച്ചാക്കി ജെന്‍സണും വിടവാങ്ങിയതിന്റെ ഹൃദയവേദനയോടെയാണ് ഒരു നാടൊന്നാകെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത്. എങ്ങും അത്രമേല്‍ സങ്കടമായിരുന്നു അണപൊട്ടിയൊഴുകിയത്. സഹിക്കാനാകുന്നില്ലല്ലോ എന്ന് ബന്ധുക്കളും നാട്ടുകാരും ഒരുപോലെ പറയുകയായിരുന്നു. മാതാപിതാക്കളും സഹോദരിയുമുള്‍പ്പെടെയുള്ളവര്‍ ജെന്‍സണ് അന്ത്യ ചുംബനം നല്‍കിയാണ് യാത്രയാക്കിയത്. വീട്ടില്‍ മതപരമായ ചടങ്ങുകളും സംഘടിപ്പിച്ചിരുന്നു. പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് മൃതദേഹം ആണ്ടൂര്‍ നിത്യസഹായമാതാ പള്ളിയിലേക്ക് കൊണ്ടുപോയത്. ഇവിടെ വച്ചായിരുന്നു സംസ്‌കാരം നടന്നത്.

അച്ഛനും അമ്മയും സഹോദരിയും നഷ്ടപ്പെട്ട ശ്രുതിക്ക് താങ്ങായി നിന്ന ജെന്‍സന്റെ അപ്രതീക്ഷിത വിയോഗം മലയാളികളെ ആകെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തു. സ്‌കൂള്‍ കാലം മുതല്‍ കളിച്ചുവളര്‍ന്ന കൂട്ടുകാരാണ് അവര്‍. പത്ത് വര്‍ഷക്കാലത്തെ പ്രണയവും. തനിക്ക് ജീവനുള്ളിടത്തോളം കാലം സംരക്ഷിക്കുമെന്നും അവളെ പരിപാലിക്കുമെന്നും ഉറക്കെ വിളിച്ചുപറഞ്ഞവന്‍. ഒടുക്കം ജെന്‍സണ്‍ മടങ്ങുമ്പോള്‍ ആ വാക്കുകള്‍ കരളുപിളര്‍ക്കുന്നു.

അതിവൈകാരികമായിരുന്നു ആ നിമിഷം. ജെന്‍സന്റെ ചേതനയറ്റ ശരീരം ഉള്ളുപിടഞ്ഞാണ് ശ്രുതി കണ്ടത്. കല്‍പ്പറ്റ ലിയോ ആശുപത്രിയില്‍ മൗനം തളംകെട്ടിക്കിടന്ന ഒരു മുറിയില്‍ വെച്ച് അവര്‍ അവസാനമായി കണ്ടു. ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്ന ശ്രുതി ഐ.സി.യുവില്‍ നിന്നാണ് സ്ട്രച്ചറില്‍ പ്രത്യേകമായി ഒരുക്കിയ മുറിയില്‍ ജെന്‍സണെ കാണാനായെത്തിയത്. അവസാനത്തെ കണ്ടുമുട്ടല്‍. കരച്ചിലടക്കാനാവാതെ ശ്രുതി പൊട്ടിക്കരഞ്ഞെന്നാണ് മുറിയിലുണ്ടായിരുന്നവര്‍ പറഞ്ഞത്. പിന്നാലെ സെഡേഷന്‍ കൊടുത്ത് ശ്രുതിയെ മയക്കി കിടത്തിയെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.

പൊതുദര്‍ശനത്തിന് വന്നവരെല്ലാം വിങ്ങിപ്പൊട്ടുന്ന കാഴ്ചയാണ് കണ്ടത്. ആണ്ടൂരിലെ ഓഡിറ്റോറിയത്തിലായിരുന്നു പൊതുദര്‍ശനം. പിന്നാലെ അടുത്ത ബന്ധുക്കള്‍ക്ക് കാണുന്നതിനായി വീട്ടിലേക്ക് കൊണ്ടുപോയി. നാടൊന്നാകെ ജെന്‍സണെ അവസാനമായി കാണാനായെത്തി. പൊതുപ്രവര്‍ത്തകരും രാഷ്ട്രീയനേതാക്കളുമെല്ലാം അനുശോചനം അര്‍പിക്കാനെത്തി. അത്യന്തം വൈകാരികമായിട്ടാണ് ജെന്‍സണെ അവസാനമായി ഒരുനോക്ക് കാണാനെത്തിയവരെല്ലാം പ്രതികരിച്ചത്. പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് ശേഷമാണ് പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിച്ചത്.

വീട്ടില്‍ അതി വൈകാരിക രംഗങ്ങളാണ് അരങ്ങേറിയത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ കുടുംബക്കാരും നാട്ടുകാരും നന്നേ പാടുപെട്ടു. കണ്ടു നിന്നവര്‍ക്കെല്ലാം അവരെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് അറിയില്ലായിരുന്നു. മൃതദേഹം പള്ളിയിലേക്ക് എടുത്തതോടെ ശ്രുതി മോളോട് ഞാനെന്ത് പറയും എന്നു പറഞ്ഞായിരുന്നു അമ്മ പൊട്ടിക്കറഞ്ഞത്. ജെന്‍സണെ അവസാനമായി ഒരു നോക്കുകാണാന്‍ വന്‍ ജനക്കൂട്ടമാണ് വീട്ടിലേക്കെത്തിയത്.

കല്‍പറ്റയിലെ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ജെന്‍സണ്‍ ഇന്നലെ രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ അച്ഛനും അമ്മയും അനിയത്തിയുമടക്കം 9 ഉറ്റബന്ധുക്കളെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ജെന്‍സണ്‍. വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട ശുതിയും ജെന്‍സണും സ്‌കൂള്‍ കാലം മുതല്‍ സുഹൃത്തുക്കളാണ്. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹ നിശ്ചയത്തിലേക്കും നേരത്തെ തന്നെ എത്തിയിരുന്നു.

അതിനിടയിലാണ് ഉരുള്‍പ്പൊട്ടല്‍ ദുരന്തം ശ്രുതിയുടെ ജീവിതത്തെ അപ്പാടെ ഇരുട്ടിലാക്കിയത്. ഈ ഡിസംബറില്‍ നടത്താനിരുന്ന വിവാഹം, ശ്രുതിയുടെ ഉറ്റവരെല്ലാം ദുരന്തത്തില്‍ മരണപ്പെട്ടതിനാല്‍ നേരത്തെയാക്കാന്‍ തീരുമാനിച്ചിരുന്നു. അതിനിടയിലാണ് മറ്റൊരു ദുരന്തം കൂടിയെത്തി ശ്രുതിയെ തനിച്ചാക്കിയത്. ശ്രുതിക്ക് വേണ്ടി അടച്ചുറപ്പുള്ള വീടാണ് ഇനി തന്റെ സ്വപ്നമെന്ന് പറഞ്ഞ് അവളുടെ കൈപിടിച്ചിരുന്ന, അവളെ ഒറ്റയ്ക്കാകാതെ കാത്തിരുന്ന ജെന്‍സന്‍ കൂടി യാത്രയായത് കേരളത്തിനാകെ വലിയ നോവായി മാറിയിട്ടുണ്ട്.