കോഴിക്കോട്: യു കലാനാഥൻ എന്ന യുക്തിവാദി തന്റെ 96ാംമത്തെ വയസ്സിൽ വിടവാങ്ങുന്നമ്പോൾ കേരളത്തിലെ സ്വതന്ത്രചിന്താമേഖലയിലെ ഒരു അധ്യായത്തിന് തന്നെയാണ് അവസാനമായത്. മതങ്ങൾക്കും, അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കുമെതിരെ ഒരു പതിറ്റാണ്ട് പടവെട്ടിയ ജീവിതമായിരുന്നു, അദ്ദേഹത്തിന്റെത്.

1940ൽ മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് വില്ലേജിൽ ഉള്ളിശ്ശേരി തെയ്യൻ വൈദ്യരുടെയും യു. കോച്ചിഅമ്മയുടെയും മകനായി ജനനം. വള്ളിക്കുന്ന് നേറ്റീവ് എ.യു.പി. സ്‌കൂൾ, ഫറോക്ക് ഗവ. ഗണപത് ഹൈസ്‌കൂൾ, ഫാറൂഖ് കോളേജ് എന്നിവിടങ്ങളിൽ പഠനം. 25ാം വയസ്സിൽ കേരള യുക്തിവാദി സംഘം ഓർഗനൈസിങ്ങ് സെക്രട്ടറിയായി തുടങ്ങിയ പൊതുജീവിതമാണ് അദ്ദേഹത്തിന്റെത്. യഥാസമയംവിവാഹം പോലും മറന്ന പൊതുജീവിതത്തിൽ കമ്യൂണിസ്റ്റു പാർട്ടി, യുക്തിവാദി സംഘം, അദ്ധ്യാപക വൃത്തി, പഞ്ചായത്തു പ്രസിഡണ്ട്, ഫിറ അഖിലേന്ത്യാ സെക്രട്ടറി, എഴുത്തുകാരൻ തുടങ്ങി നിരവധി മണ്ഡലങ്ങളിൽ ആറുപതിറ്റാണ്ടോളം അദ്ദേഹം പ്രവർത്തിച്ചു.പരിചയപ്പെടുന്ന വരെ ആരാധകരാക്കി മാറ്റുന്ന വ്യക്തിത്വം. നിലപാടുകളിൽ വിട്ടുവീഴ്ചയില്ലായ്മ, അറിവിന്റെ വൈവിദ്ധ്യത, പ്രസംഗങ്ങളിലെ ചാരുത ,സ്നേഹത്തിന്റെ കരുതൽ തുടങ്ങി സുഹൃത്തുക്കൾക്ക് അദ്ദേഹത്തെക്കുറിച്ച് ഒരുപാട് പറയാറുണ്ട്. ശരിക്കും ഐതിഹാസികം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ജീവിതം തന്നെയാണത്.

ശാസ്ത്രീയ വീക്ഷണം മുന്നോട്ടുവെച്ചു

മതവിമർശനവും ദൈവ വിമർശനവുമായി മാത്രം ഒതുങ്ങി നിന്ന കേരളത്തിന്റെ യുക്തിവാദ സദസുകളിലേക്ക് തീർത്തും ശാസ്ത്രീയമായ വീക്ഷണം മുന്നോട്ടുവെച്ചത് യു കലാനാഥൻ ആയിരുന്നു. അപാരമായ വായനും ഓർമ്മശക്തിയുമുണ്ടായിരുന്നു അദ്ദേഹത്തിന്, പ്രപഞ്ചോത്പത്തി മുതലുള്ള ഏത് ശാസ്ത്രീയമായ കാര്യവും കൃത്യമായ വിശദീകരിക്കാൻ കഴിയുമായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരവധിപേർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് അദ്ദേഹം യുക്തിരേഖ മാസികയിലെ തന്റെ കോളത്തിലൂടെ മറുപടി പറഞ്ഞു.

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ അദ്ദേഹം പ്രസംഗിക്കുകയും എഴുതുകയും ചെയ്ത അത്ര കേരളത്തിൽ ആരും ചെയ്തിട്ടില്ല. കാസർകോട് മുതൽ കന്യാകുമാരി വരെയുള്ള ഓരോ മുക്കിലും മൂലയിലും പോയി സംസാരിക്കാൻ അദ്ദേഹത്തിന് യാതൊരു മടിയും ഉണ്ടായിരുന്നില്ല. ഇതെല്ലാം സ്വന്തം ചെലവിലാണ് കലാനാഥൻ നിർവഹിച്ചിരുന്നത്. ആരെങ്കിലും തന്നാൽ മാത്രം വണ്ടിക്കൂലി സ്വീകരിക്കും. ചിദാനന്ദപുരി അടക്കമുള്ള ആളുകളുമായി അദ്ദേഹം സംവാദം നടത്തി. കലാനാഥൻ മാഷിന്റെ നേതൃത്വത്തിൽ നടന്ന ദിവ്യാത്ഭുത അനാരവണ യാത്രകൾക്ക് പതിനായിരക്കണക്കിന് ആളുകളെയാണ് സ്വാധീനിച്ചത്. തീക്കനലിലുടെ നടന്ന് കാണിച്ചും, ശുന്യതയിൽനിന്ന് ഭസ്മം എടുത്തുമൊക്കെ അന്ന് സായിബാബ അടക്കമുള്ള ആൾദൈവങ്ങൾ കാണിക്കുന്ന ട്രിക്കുകൾ അവർ പൊളിച്ചടുക്കി. അമൃതാനന്ദമയി മഠത്തിലെ ദൂരൂഹമരണങ്ങളിലും, സാമ്പത്തിക ക്രമക്കേടുകളിലുമെല്ലം ഇടപെട്ടു. സന്തോഷ് മാധവൻ എന്ന തട്ടിപ്പ് സ്വാമി അറസ്റ്റിലായപ്പോൾ, വ്യാജസ്വാമിമാർക്കെതിരായ കാമ്പയിനും അദ്ദേഹം നേതൃത്വം കൊടുത്തു.

ആസൂത്രണത്തിലെ വള്ളിക്കൂന്ന് മോഡൽ

ഒരു യുക്തിവാദിയായി നിലനിൽക്കുന്ന സമയത്തുതന്നെ കമ്യൂണിസ്റ്റുമായിരുന്നു യു കലാനാഥൻ. മാർക്സിസം ലെനിനിസം ഒരു സാമ്പത്തിക അന്ധവിശ്വാസമാണെന്ന് സമ്മതിക്കാൻ അദ്ദേഹം അവസാനകാലത്തുപോലും തയ്യാറായിട്ടില്ല. ഇതിന്റെ പേരിൽ യുക്തിവാദി സംഘടനകൾക്ക് അകത്തുനിന്നുതന്നെ അദ്ദേഹം ഏറെ വിമർശനം കേട്ടിട്ടുണ്ട്. എന്നും ഇടതുപക്ഷ സഹയാത്രികനായി അറിയപ്പെടാണ് അദ്ദേഹം ശ്രമിച്ചതും.

ജനകീയാസൂത്രണം കത്തിനിൽക്കുന്ന 90-കളിൽ അതിന്റെ ഐക്കൺ ആയി മാറാൻ യു കലാനാഥന് കഴിഞ്ഞിട്ടുണ്ട്. അക്കാലത്ത് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായരുന്നു അദ്ദേഹം. സംവാദങ്ങളിൽ കത്തിക്കയറുമ്പോഴും, സൗഹൃദത്തിന്റെ അതിർത്തി തകർക്കില്ല. വ്യക്തികളോടല്ല, ആശയങ്ങളോടും നിലപാടുകളോടുമാണ് മാഷിന്റെ എതിരിടൽ. അതുകൊണ്ടാണ്, ദൈവമില്ലെന്ന് പറഞ്ഞു നടക്കുന്ന ഈ പെരും 'യുക്തിവാദിയെ' മതവിശ്വാസികൾക്ക് ഭൂരിപക്ഷമുള്ള വള്ളിക്കുന്ന് നിവാസികൾ വൻഭൂരിപക്ഷത്തോടെ വിജയിപ്പിച്ചതും.സ്വന്തം 'ദൈവവിരുദ്ധത' അഗാധമായ മനുഷ്യസ്‌നേഹമായി മാറിയതുകൊണ്ടാവണം, മാഷ് വള്ളിക്കുന്നു പഞ്ചായത്തിന്റെ പ്രിയപ്പെട്ട പ്രസിഡണ്ടായി. 1995-2000ലെ മികച്ച ഗ്രാമപഞ്ചായത്തായി വള്ളിക്കുന്ന് മാറി, 'സ്വരാജ് അവാർഡി'ന് അർഹമായി. ഒരു ജനകീയ ഭരണാധികാരി എങ്ങിനെയായിരിക്കണമെന്നതിന്റെ മാതൃകയായിരുന്നു അദ്ദേഹം. വള്ളിക്കുന്നിലെ മുഴുവൻ മനുഷ്യരേയും ജാതിമത വിശ്വാസഭേദമന്യേ വികസന പ്രവർത്തനങ്ങളിൽ ഐക്യപ്പെടുത്താൻ കഴിഞ്ഞു.

അക്കാലത്ത് ജനകീയാസുത്രത്തിലെ വള്ളിക്കുന്ന് മോഡൽ പഠിക്കാനായി ഇന്ത്യയുടെ വിവധി ഭാഗങ്ങളിൽനിന്നുപോലും ആളുകൾ ഇവിടെ എത്തിയിരുന്നു. ജനങ്ങളുടെ ഇടപെടലോടെ, എങ്ങനെ സർക്കാർ പദ്ധതികൾ കാര്യക്ഷമമാക്കാം എന്നതിന്റെ തെളിവുകൾ വള്ളിക്കുന്നിൽ നിരവധിയായിരുന്നു. റോഡ്, പാലം, പച്ചക്കറികൃഷി, നെൽകൃഷി തുടങ്ങി സകലമേഖലകളിലും വള്ളിക്കുന്ന് മാതൃകമായി. പക്ഷേ പിന്നീട് അതിന്റെ തുടർച്ച നിലനിർത്താൻ കഴിഞ്ഞില്ല.

കവിതാ നാഥൻ

തിരക്കേറിയ രാഷ്ട്രീയ- യുക്തിവാദ ജീവിതത്തിനിടയിൽ മരിച്ചുപോയതാണ് കലാനാഥനിലെ കവിയെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ തമാശ പറയാറുണ്ട്. അര നൂറ്റാണ്ടുമുമ്പ് വിദ്യാർത്ഥി ജീവിതകാലം അദ്ദേഹം കവിത എഴുതുമായിരുന്നു. കോളേജ് കാലം കഴിയുമ്പോൾ രാഷ്ട്രീയ വീക്ഷണം ചേർന്ന് കാവ്യഭാഷ ഉറച്ചുവന്നു. എഴുപതുകളുടെ തുടക്കത്തിൽ ദേശാഭിമാനി പ്രസിദ്ധീകരിച്ച കവിതകളിൽ പുതിയ ഭാവുകത്വത്തിന്റെ തെളിച്ചമുണ്ടായിരുന്നു. കലാനാഥൻ പിന്നീടെപ്പോഴോ കവിയല്ലാതായി.

ഇടയ്ക്കിടക്ക് കവിയായ പഴയ മാഷിനെക്കുറിച്ച് ഓർമിപ്പിക്കുമ്പോൾ, അദ്ദേഹം പറയും, 'ഓ കവിതയോ, വെറും ടൈം വേസ്റ്റ്' എന്ന് തമാശയായി പറയും. ഇടക്ക് ആധുനിക കവിതയിലേക്ക് നീങ്ങിയ അദ്ദേഹം, ചില കവിതകൾ ഏറെ പ്രതീക്ഷയോടെ സുഹൃത്തുക്കളെ വായിച്ചു കേൾപ്പിച്ചപ്പോൾ, ആർക്കും ഒന്നും മനസ്സിലായില്ല. ആ നിരാശയാണ് കവിതയെ കയ്യൊഴിക്കാൻ കാരണമെന്നാണ് അദ്ദേഹം തന്നെ പറഞ്ഞത്. പക്ഷേ അദ്ദേഹം എഴുതിയ കവിതകൾ എല്ലാം ഗംഭീരമായിരുന്നു. 2019ലെ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള അവാർഡ് യു.കലാനാഥൻ മാസ്റ്ററെ തേടി വന്നു.

വിശ്വാസി അകത്ത് യുക്തിവാദി പുറത്ത്

എന്നും സിപിഎം സഹയാത്രികനായിരുന്നെങ്കിലും ഇടക്കാലത്ത് പാർട്ടിയുമായി ബന്ധപ്പെട്ട ഉണ്ടായ പ്രശ്നങ്ങൾ മറുച്ചുവെക്കാൻ അദ്ദേഹം തയ്യാറായില്ല. 'വിശ്വാസി അകത്ത് യുക്തിവാദി പുറത്ത്' എന്ന പേരിൽ ഏതാനും വർഷങ്ങൾക്ക് മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പ്, അദ്ദേഹവുമായി ഒരു അഭിമുഖം എടുത്ത് കവർ സ്റ്റോറിയായി പ്രസിദ്ധീകരിച്ചിരുന്നു. അതിൽ അദ്ദേഹം പറയുന്നത് സിപിഎം പോലുള്ള പുറമെ ഭൗതികവാദം പറയുന്ന ഒരു പാർട്ടിയിൽപോലും എങ്ങനെയാണ് ഒരു യുക്തിവാദി ഒറ്റപ്പെടുത്ത് എന്നാണ്. മതത്തെ എങ്ങനെയും പ്രീണിപ്പിച്ച് പത്തുവോട്ട് കിട്ടാനുള്ള ശ്രമത്തിനിടയിൽ തങ്ങളെപ്പോലുള്ള യുക്തിവാദികളെ പാർട്ടി ബാധ്യതയായാണ് കാണുന്നത് എന്നും ഉദാഹരണ സഹിതം അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. 1984ൽ സിപിഎം. അംഗത്വം ഉപേക്ഷിച്ച വ്യക്തിയാണ് കലാനാഥൻ. എന്നിട്ടും അദ്ദേഹം ജനകീയാസൂത്രണം അടക്കമുള്ള കാര്യങ്ങളിൽ പാർട്ടിയുമായി സഹകരിച്ചു.

സിപിഎമ്മിൽ ഇപ്പോളുള്ളവിൽ ഏറെയും വിശ്വാസികൾ ആണെന്നും അദ്ദേഹം പറയുന്നു. ശാസ്ത്രബോധവും സ്വതന്ത്രചിന്തയുമൊന്നും വളർത്താൻ പാർട്ടി ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വിമർശിക്കുന്നു. അതാണ് 'വിശ്വാസി അകത്ത് യുക്തിവാദി പുറത്ത്' എന്ന പ്രയോഗത്തിലൂടെ കലാനാഥൻ ഉദ്ദേശിച്ചത്. പക്ഷേ ഇങ്ങനെ വിമർശിക്കുമ്പോഴും രാഷ്ട്രീയമായി ഇടതുപക്ഷത്ത് ഉറച്ച് നിൽക്കയായിരുന്നു അദ്ദേഹം. സിപിഎമ്മിലെ മുതിർന്ന നേതാക്കളുമായെല്ലാം, സ്നേഹവും, അടുത്ത വ്യക്തിബന്ധവും അദ്ദേഹം പുലർത്തിയിരുന്നു. ഈ വ്യക്തിപരമായ മേന്മ അദ്ദേഹം എക്കാലവും പുലർത്തിയിരുന്നു. എന്താണ് യുക്തിവാദം എന്ന ചോദ്യത്തിന് യു കലാനാഥൻ ഉത്തരം പറഞ്ഞത് അപാരമായ മനുഷ്യസ്നേഹം എന്നായിരുന്നു.