തിരുവനന്തപുരം: മുൻ യുഡിഎഫ് കൗൺസിലറും അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടവക്കോട് വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന വി.ആർ. സിനി അന്തരിച്ചു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണ് ശ്രീകാര്യം ഇളംകുളത്തുള്ള കുടുംബവീട്ടിൽ കുഴഞ്ഞുവീണതിനെത്തുടർന്ന് സിനി മരണപ്പെട്ടത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സിനി ഇത്തവണ ഇടവക്കോട് വാർഡിൽ നിന്ന് മത്സരിച്ചെങ്കിലും 26 വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു. ആരോഗ്യപ്രശ്നങ്ങൾക്കിടയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അവർ സജീവമായിരുന്നു. ഇതേപേരുള്ള മറ്റുരണ്ടുപേർക്ക് 44 വോട്ട് ലഭിച്ചതും സിനിയുടെ പരാജയത്തിന് കാരണമായതായി വിലയിരുത്തപ്പെടുന്നു.

സിനിയുടെ നിര്യാണത്തിൽ കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ അനുശോചനം രേഖപ്പെടുത്തി. കോർപ്പറേഷനിലെ സിഎംപിയുടെ തീപ്പൊരി കൗൺസിലറായിരുന്നു സിനിയെന്നും ഇടവക്കോട് എന്ന കോട്ട പിടിച്ചെടുക്കാൻ യുഡിഎഫ് നിയോഗിച്ച പോരാളിയായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. ആരോഗ്യപ്രശ്നങ്ങളെ വകവയ്ക്കാതെ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സിനി, യുഡിഎഫിന് ഒരു വലിയ ശക്തിയായിരുന്നുവെന്നും ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചു.