- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്താരാഷ്ട്ര പറക്കലിന് അകാരണമായി അയോഗ്യത കൽപിച്ചു; ഉന്നത ഉദ്യോഗസ്ഥന്റെ മാനസിക പീഡനം താങ്ങാനായില്ല; ആകാശസ്വപ്നങ്ങൾ പാതിവഴിയിലാക്കി റാഫി വിടപറഞ്ഞു; യുവപൈലറ്റിന്റെ മരണം വിശ്വസിക്കാനാവാതെ പാനൂർ കരിയാട് ഗ്രാമവാസികൾ
പാനൂർ: ആകാശ സ്വപ്നങ്ങൾ പാതിവഴിയിലാക്കി മുഹമ്മദ് റാഫി(31) ജീവനൊടുക്കിയത് കരിയാട് ഗ്രാമത്തിനെ നടുക്കി. നാടിന്റെ അഭിമാനമായിരുന്ന യുവപൈലറ്റിനെയാണ് അകാലത്തിൽ നഷ്ടമായത്. എയർ ഇന്ത്യയുടെ ഡൊമസ്റ്റിക്ക് സർവീസായ എയർ ഇന്ത്യ അലയൻസിലെ പൈലറ്റായ മുഹമ്മദ് റാഫിയുടെ വളർച്ച പിറന്ന നാട് ഹൃദയത്തിൽ അഭിമാനത്തോടെ സൂക്ഷിച്ച നേട്ടങ്ങളിലൊന്നായിരുന്നു.
ഡൽഹിയിലെ താമസസ്ഥലമായ ദ്വാരക സെക്ടറിലെ താമസസ്ഥലത്താണ് റാഫിയെ കഴിഞ്ഞദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീലങ്കൻ എയർലൈൻസിൽ പൈലറ്റായിരുന്ന റാഫി മൂന്ന് മാസം മുൻപാണ് എയർ ഇന്ത്യാ സർവീസിൽ ജോലിക്ക് കയറിയത്. അന്താരാഷ്ട്ര പറക്കലിന് തയ്യാറെടുക്കവെയാണ് ഉന്നത ഉദ്യോഗസ്ഥനിൽ നിന്നും റാഫിക്ക് കടുത്ത മാനസിക പീഡനം നേരിടേണ്ടി വന്നതെന്ന് ബന്ധുക്കൾ ഡൽഹി പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു.
റാഫിയെ അന്താരാഷ്ട്ര പറക്കലിൽ നിന്നും അകാരണമായി ഡിസ് ക്വാളിഫൈ് ചെയ്യുകയും ശമ്പളം നൽകാതിരിക്കുകയും സഹപ്രവർത്തകരുടെ മുൻപിൽ വെച്ചു അപമാനിക്കുകയും ചെയ്തതായി ബന്ധുക്കൾ പറയുന്നു. വെള്ളിയാഴ്ച്ച രാത്രിയാണ് റാഫി ഒടുവിൽ കരിയാട് പുതുശേരി പള്ളിക്ക് സമീപമുള്ള വീട്ടിലേക്ക് വിളിച്ചത്. ദീനദയാൽ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം വെള്ളിയാഴ്ച്ച നാട്ടിലേക്ക് കൊണ്ടുവന്ന് സംസ്കരിക്കും. ഇതിനായി റാഫിയുടെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഡൽഹിയിലേക്ക് പോയിട്ടുണ്ട്. പരേതനായ മുഹമ്മദ് ഹാജി-ഹാജിറ ദമ്പതികളുടെ മകനാണ് റാഫി. സഹോദരങ്ങൾ: ഷംസു, ഷംസീർ, ഷർമീന, ഷമീന, ഷാമിയ.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്