തിരുവനന്തപുരം: മറുനാടന്‍ മലയാളിയും സഹോദര സ്ഥാപനമായ യുകെയില്‍ പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും തിരുവനന്തപുരത്തെ ചപ്പാത്തില്‍ പ്രവര്‍ത്തിക്കുന്ന ശാന്തിഗ്രാം എന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടെ നടത്തിയ മേപ്പാടി അപ്പീലില്‍ അപ്പനോ അമ്മയോ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് നല്‍കുന്ന ആകെ തുക ഒരു കോടി 12 ലക്ഷം രൂപ. മുഴുവന്‍ തുകയും വിതരണത്തിന് തയ്യാറായി ശാന്തിഗ്രാമിന്റെ അക്കൗണ്ടില്‍ എത്തിക്കഴിഞ്ഞു. മേപ്പാടി ഗ്രാമ പഞ്ചായത്തിന്റെയും സ്ഥലത്തെ സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായത്തോടെ ഫണ്ട് നല്‍കുന്ന 28 പേരെ തെരഞ്ഞെടുത്തിട്ടുണ്ട്.

ഇവരില്‍ 11 പേര്‍ക്ക് അഞ്ച് ലക്ഷം രൂപവീതം നല്‍കുമ്പോള്‍ 12 പേര്‍ക്ക് മൂന്നര ലക്ഷം രൂപ വീതവും അഞ്ച് പേര്‍ക്ക് മൂന്ന് ലക്ഷം രൂപയും വീതമാണ് നല്‍കുന്നത്. ചൂരല്‍മല സ്വദേശിയായ അജയുടെയും മറ്റു സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് അര്‍ഹതപെട്ടവരെ തെരഞ്ഞെടുത്തത്. ഈ ലിസ്റ്റ് പഞ്ചായത്ത് ഭാരവാഹികളുടെയും സ്ഥലം എംഎല്‍എയുടെയും പരിഗണക്ക് അയച്ചതിനു ശേഷമാണ് അന്തിമ രൂപം നല്‍കിയത്. കണ്ടെത്താന്‍ കഴിഞ്ഞ അച്ഛനോ അമ്മയോ മരിച്ച കുട്ടികള്‍ക്കെല്ലാം തന്നെ സഹായം നല്‍കുന്നുണ്ട്. ഇനി ഈ ലിസ്റ്റില്‍ മാറ്റം വരുത്തുകയോ ആരെങ്കിലും കൂട്ടിച്ചേര്‍ക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നതല്ല.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ഫണ്ട് ശേഖരണാര്‍ത്ഥം 28 പേര്‍ സ്‌കൈ ഡൈവിങ് നടത്തി ശേഖരിച്ചത് 77 ലക്ഷം രൂപയാണ്. മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ മാത്രം സ്‌കൈ ഡൈവിംഗിലൂടെ യുകെയില്‍ 15 ലക്ഷം രൂപ ശേഖരിച്ചു. യുകെയിലെ നിരവധി നേഴ്സിങ് ഹോമുകളുടെ ഉടമയും ഒഐസിസി പ്രസിഡന്റുമായ ഷൈനു ക്ലെയര്‍ മാത്യുസ് 11 ലക്ഷം രൂപയും കായല്‍ റെസ്‌റ്റോറന്റ് ഉടമയായ ജെയ്‌മോന്‍ വഞ്ചിത്താനം ഒന്‍പതു ലക്ഷം രൂപയും ഫാ. ജോര്‍ജ്ജ് പുത്തൂര്‍ മൂന്നു ലക്ഷം രൂപയും സാം ജോര്‍ജ്ജ് തിരുവാതിലില്‍, നോയല്‍ സാബു എന്നീ കുട്ടികള്‍ മൂന്നു ലക്ഷം രൂപ വീതവും സമാഹരിച്ചു.

ബ്രിട്ടീഷ് മലയാളി- മറുനാടന്‍ മലയാളി വായനക്കാര്‍ നല്‍കിയ സംഭാവനയാണ് ഈ തുക. മറുനാടന്‍ മലയാളിയുടെ വായനക്കാര്‍ ശാന്തിഗ്രാമിന്റെ അക്കൗണ്ടിലേക്ക് 35 ലക്ഷം രൂപ നല്‍കി. യുകെയില്‍ നിന്നുള്ള പണം ശാന്തിഗ്രാമിന്റെ അക്കൗണ്ടില്‍ എത്തിയതോടെയാണ് ആകെ തുക 1.12 കോടി രൂപ ആയി മാറിയത്. സഹായത്തിനായി തെരഞ്ഞെടുക്കപ്പെട്ടവരുടെ പൂര്‍ണവിവരമാണ് ചുവടെ കൊടുത്തിരിക്കുന്നത്:

അഞ്ച് ലക്ഷം വീതം ലഭിക്കുന്നവര്‍


മൂന്നര ലക്ഷം വീതം ലഭിക്കുന്നവര്‍


മൂന്ന് ലക്ഷം വീതം ലഭിക്കുന്നവര്‍


ഇത്തരത്തില്‍ 28 പേര്‍ക്കാണ് വയനാട് ഉരുള്‍പൊട്ടല്‍ അതിജീവന പദ്ധതിയിലേക്ക് ബ്രിട്ടീഷ് മലയാളിയും മറുനാടന്‍ മലയാളിയും ചേര്‍ന്ന് സഹായം എത്തിക്കുന്നത്. ഞങ്ങളുടെ പ്രാദേശിക പ്രതിനിധിയും കോ-ഓര്‍ഡിനേറ്ററുമായ അജയ് മുഖേനെ ഏതാണ്ട് 70-ലധികം അപേക്ഷകളാണ് ലഭിച്ചത്. തുടര്‍ന്ന് പ്രാദേശിക എം.എല്‍.എ ടി സിദ്ദിഖ്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബാബു, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, പ്രാദേശിക സന്നദ്ധ സംഘടനകളായ ആര്‍ഷഭാരത ബഹുജന സമിതി, എബ്രഹാം തുടങ്ങിയവരിലൂടെ അന്വേഷണം നടത്തുകയും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സാബു ചുണ്ടക്കാട്ടിലും മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയും അടങ്ങുന്ന സംഘം ദുരന്ത ബാധിത പ്രദേശത്ത് എത്തി നേരിട്ടെത്തി കാര്യങ്ങള്‍ മനസിലാക്കുകയും ചെയ്തു.


തുടര്‍ന്ന് തിരഞ്ഞെടുത്ത 28 അപേക്ഷകളില്‍ നിന്നും ദുരന്തത്തിന്റെ തീവ്രത, നിലവിലെ സാഹചര്യം, പ്രായം എന്നിവ അനുസരിച്ച് അവയെ മൂന്നായി തരം തിരിക്കുകയായിരുന്നു. അങ്ങനെയാണ് ആദ്യ മുന്‍ഗണനാ ഗുണഭോക്താക്കളായ 11 പേര്‍ക്ക് അഞ്ചു ലക്ഷം രൂപാ വീതവും രണ്ടാം കാറ്റഗറിയില്‍പ്പെട്ടവര്‍ക്ക് 3,50,000 രൂപാ വീതവും ബാക്കിയുള്ള മൂന്നാം മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അഞ്ചു പേര്‍ക്ക് 3,00,000 ലക്ഷം രൂപാ വീതവും നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. 28 പേരില്‍ ആറു നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ടിട്ടുണ്ട്.




വയനാട് ഉരുള്‍പ്പൊട്ടല്‍ അതിജീവന പദ്ധതിയിലേക്ക് 1,12,44,651.36 രൂപയാണ് ആകെ ലഭിച്ചത്. ഇതില്‍ സ്‌കൈ ഡൈവിംഗിലൂടെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സമാഹരിച്ചത് യുകെ ഗവണ്‍മെന്റില്‍ നിന്നുള്ള 25% ഗിഫ്റ്റ് എയ്ഡും ഉള്‍പ്പെടെ 71,600 പൗണ്ടാണ്. മറുനാടന്‍ മലയാളി മുഖേന നടത്തിയ അപ്പീലില്‍ തിരുവനന്തപുരത്തെ ശാന്തിഗ്രാമിന്റെ പ്രാദേശിക ബാങ്ക് അക്കൗണ്ടിലേക്ക് 3,500,651.36 രൂപയും ലഭിച്ചു. വയനാട് അതിജീവന പദ്ധതിയ്ക്കായി 1,12,00,000 രൂപ നീക്കിവച്ച ശേഷം അവശേഷിക്കുന്ന 44,651.36 രൂപ ദുരന്ത ബാധിതരായ ആളുകള്‍ക്ക് യഥാസമയം മരുന്ന് ചെലവുകള്‍ വാങ്ങുന്നതിന് വിതരണം ചെയ്യും. വ്യക്തിഗത വിതരണത്തിനായി മൊത്തക്കച്ചവട അടിസ്ഥാനത്തില്‍ മരുന്നുകള്‍ വാങ്ങാന്‍ ഇത് മെഡിക്കല്‍ വിതരണക്കാര്‍/ഷോപ്പ് എന്നിവരുമായി ബന്ധപ്പെട്ട് ശാന്തിഗ്രാം ക്രമീകരിക്കും. ഡോക്യുമെന്റേഷന്‍ ആവശ്യങ്ങള്‍ക്കായി ആവശ്യമായ പേയ്‌മെന്റ്/ബില്ലുകള്‍ ബിഎംസിഎഫ് ട്രസ്റ്റിന് സമര്‍പ്പിക്കുന്നതാണ്.

ഏറെ വൈകാതെ ഫണ്ട് വിതരണം നടത്തുന്നതാണ്. വയനാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ചട്ടലംഘനമാകുമോ എന്ന് പരിശോധിക്കേണ്ടത് കൊണ്ടാണ് അല്‍പ്പം വൈകുന്നത്. ശാന്തിഗ്രാം അക്കൗണ്ടില്‍ പണം നല്‍കിയ മുഴുവന്‍ പേരുടെയും ലിസ്റ്റ് പണം നല്‍കിയ ആര് ചോദിച്ചാലും അയച്ചു നല്‍കുന്നതാണ്. ഇങ്ങനെ പണം നല്‍കിയവരുടെ ഒരു വാട്‌സ്ആപ് ഗ്രൂപ്പും പ്രവര്‍ത്തിച്ചു വരുന്നു.