മുള്ളേരിയ: കല്യാണ വിരുന്നിന് പോകന്നതിനിടെ ഇന്നോവ കാർ അപകടത്തിൽപെട്ട് ഉമ്മയും കുഞ്ഞും മരിച്ചു. കേരള-കർണാടക അതിർത്തിയായ കാസർകോട് ദേലംപാടി പരപ്പയിൽ തിങ്കളാഴ്ച വൈകിട്ട് 3 .45 നാണ് അപകടം. അഡൂർ കൊട്ടിയാടിയിലെ തേങ്ങാ വ്യാപാരി സാനുവിന്റെ ഭാര്യ ഷാഹിന (35), മകൾ ഫാത്തിമത് ഷസ (4) എന്നിവരാണ് മരിച്ചത്.

സാനുവിന്റെ ഉമ്മ ബീഫാത്തിമ, സഹോദരൻ അഷറഫ്, സഹോദരനായ ഹനീഫയുടെ ഭാര്യ മിസിരിയ, മകൾ ആറ് വയസുകാരി സഹറ, മറ്റൊരു സഹോദരൻ യാക്കൂബിന്റെ ഭാര്യ സെമീന, മകൾ അഞ്ചുവയസ്സുകാരി അൽഫാ ഫാത്തിമ എന്നിവർക്കാണ് പരിക്കേറ്റത്.അപകടത്തിൽ പരിക്കേറ്റവരിൽ രണ്ടു പേരെ കാസർകോട് സ്വകാര്യ ആശുപത്രിയിലും നാല് പേരെ മംഗളുരു ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്.കർണാടക സുള്ള്യയിലെ കല്യാണ വിരുന്നിൽ പങ്കെടുക്കാൻ കർണാടക ഗ്വാളിമുഖ കർണൂർ ഗോളിത്തടിയിൽ നിന്ന് യാത്ര പുറപ്പെട്ട കുടുംബമാണ് അപകടത്തിൽ പെട്ടത്. ഗ്വാളിമുഖയിൽ നിന്ന് പരപ്പയിലെത്തിയപ്പോൾ കാർ റോഡിൽ തെന്നിമാറി മരത്തിലിടിക്കുകയായിരുന്നു.

വാഹനം വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ പുറത്തെത്തിച്ചത്. കാർ മരത്തിലിടിച്ച് നിന്നതിനാൽ വൻ അപകടം ഒഴിവായി. മരിച്ചവരുടെ മൃതദേഹം സുള്ള്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.