- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ അഭിനയിച്ച സിനിമ 'ഗുഡ്‌ബൈ' ഇന്ന് തിയേറ്ററിൽ; രാവിലെ അപ്രതീക്ഷിതമായി മരണം കവർന്നു; പ്രമുഖ ബോളിവുഡ് നടൻ അരുൺ ബാലിയുടെ അന്ത്യം മുംബൈയിൽ; ആദരാഞ്ജലികളുമായി ബോളിവുഡ്
മുംബൈ: പ്രമുഖ ബോളിവുഡ് നടൻ അരുൺ ബാലി അന്തരിച്ചു. 79 വയസായിരുന്നു. മുംബൈയിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. മകൻ അൻകുഷ് ആണ് മരണ വാർത്ത സ്ഥിരീകരിച്ചത്. ടിവി സീരിയൽ സ്വാഭിമാനിലൂടെയാണ് അരുൺ ബാലി ശ്രദ്ധനേടുന്നത്.
പ്രതിരോധശേഷി ഇല്ലാതാക്കുന്നത് മൈസ്തീനിയ ഗ്രാവിസ് ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു. ഈ വർഷം ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അരുൺ ബാലി ചികിത്സയോട് മികച്ച രീതിയിൽ പ്രതികരിക്കുന്നുണ്ടായിരുന്നു എന്നാണ് അൻകുഷ് പറയുന്നത്. എന്നാൽ പുലർച്ചെ 4.30 ഓടെ മരണം സംഭവിക്കുകയായിരുന്നു.
അമിതാഭ് ബച്ചനും രശ്മിക മന്ദാനയും അഭിനയിച്ച ഗുഡ്ബൈ ആണ് ഏറ്റവും അവസാനം അഭിനയിച്ച ചിത്രം. ഇന്നാണ് ചിത്രം റിലീസ് ചെയ്യുന്നത്. അതേ ദിവസം തന്നെ മരണം അദ്ദേഹത്തെ കവർന്ന ഞെട്ടലിലാണ് സഹപ്രവർത്തകരും ബോളിവുഡ് സിനിമാ ലോകവും. മരണത്തിന് പിന്നാലെ നടന് ആദരാഞ്ജലിയർപ്പിച്ച് നിരവധി പേർ രംഗത്തെത്തി.
ലേഖ് ടണ്ടന്റെ ടിവി ഷോ ദൂസ്ര കേവലിലൂടെ ഷാരുഖ് ഖാന്റെ അമ്മാവന്റെ വേഷത്തിലാണ് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ചാണക്യ, സ്വാഭിമാൻ, ദേശ് മേൻ നികല്ല ഹോഗാ ചാന്ദ് തുടങ്ങിയ നിരവധി സീരിയലുകളിൽ വേഷമിട്ടു.നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സൗഗന്ധ്, ലഗേ രഹോ മുന്നാ ഭായ്, 3 ഇഡിയറ്റ്, റെഡി, ബർഫി, കേദാർനാഥ്, സമ്രാട്ട് പൃഥ്വിരാജ്, ലാൽ സിങ് ഛദ്ദ തുടങ്ങിയവയാണ് അഭിനയിച്ച സിനിമകൾ.