ചങ്ങനാശ്ശേരി: ബാലസാഹിത്യ എഴുത്തുക്കാരനും റിട്ട. കോളേജ് അദ്ധ്യാപകനുമായ ശ്രീപാദം ഈശ്വരൻ നമ്പൂതിരി (78) അന്തരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. കേരള സർവ്വകലാശാലയുടെ ബിഎസ്സി ബോർഡ് ഓഫ് സ്റ്റഡീസിലും ഫാക്കൽറ്റി ഓഫ് സയൻസിലും അംഗമായിരുന്നു.

അർഘ്യം, അനന്തബിന്ദുക്കൾ, അഗ്‌നിശർമന്റെ അനന്തയാത്ര, അനുഭവകാലം, അർധവിരാമം, അപ്പൂപ്പൻതാടി, അമ്പിളിക്കുന്ന്, ആറാം പ്രമാണം, ആലിപ്പഴം, ആരണ്യകാണ്ഡം, ഇരട്ടിമധുരം, ഐരാവതം, ബോണി ലിയ, സന്ധ്യാ ദീപം തുടങ്ങി എഴുപതോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിക്കും ദൂരദർശനും വേണ്ടി നിരവധി ലളിതഗാനങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്.

എൻസിഇആർടി, തകഴി, സിഎൽഎസ്, എസ്‌ബിഐ, അദ്ധ്യാപക കലാസാഹിത്യ സമിതി, മന്ദസ്മിതം, തുടങ്ങിയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 1968ൽ ഫിസിക്സിൽ എംഎസ്സി നേടിയ ശേഷം അഞ്ചൽ സെന്റ് ജോൺസ് കോളേജിലും തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലുമായി 32 വർഷം അദ്ധ്യാപന മേഖലയിൽ ഇദ്ദേഹം സജീവമായിരുന്നു.