- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗായികയും നടിയുമായ കൊച്ചിൻ അമ്മിണി അന്തരിച്ചു; വിടപറഞ്ഞത് നാടക സിനിമാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭ; ശ്രദ്ധേയയായത് 'അഗ്‌നിപുത്രി' നാടകത്തിലെ കണ്ണുതുറക്കാത്ത ദൈവങ്ങളെ...' എന്ന ഗാനം ആലപിച്ച്
കൊല്ലം: ഗായികയും നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ കൊച്ചിൻ അമ്മിണി (80) അന്തരിച്ചു. കൊല്ലം മുളങ്കാടകം മുതിരപ്പറമ്പ് പള്ളിക്കുസമീപം ഫ്‌ളാറ്റിൽ വാടകക്ക് താമസിക്കുകയായിരുന്നു. തോപ്പുംപടി കൂട്ടുങ്കൽ വീട്ടിൽ അഗസ്റ്റിൻ ബെർണാഡിന്റെയും മറിയക്കുട്ടിയുടെയും മകളായി 1942ൽ ജനനം. യഥാർഥ നാമം മേരി ജോൺ. ബന്ധുകൂടിയായ ഗായകൻ യേശുദാസിന്റെ സഹപാഠിയായിരുന്നു അമ്മിണി. ശ്രീധരൻ ഭാഗവതരായിരുന്നു സംഗീതത്തിൽ ആദ്യ ഗുരു.
12ാം വയസ്സിൽ നാടകവേദിയിലെത്തി. നൂറോളം നാടകങ്ങളിൽ നടിയും ഗായികയുമായി വേദിയിലെത്തി. 'അഗ്‌നിപുത്രി' എന്ന നാടകത്തിൽ വയലാർ എഴുതി അമ്മിണി പാടിയ 'കണ്ണുതുറക്കാത്ത ദൈവങ്ങളെ...' എന്ന ഗാനം ഹിറ്റ് നാടകഗാനങ്ങളിലൊന്നായിരുന്നു.
ചങ്ങനാശ്ശേരി ഗീഥയിൽ പ്രവർത്തിക്കുന്ന കാലത്ത് അയൽവാസിയായിരുന്ന ജോൺ ക്രൂസിനെ വിവാഹം കഴിച്ചു. 'കണ്ടം ബച്ച കോട്ടി'ലൂടെയാണ് മലയാള സിനിമയിൽ തുടക്കമിടുന്നത്. അടിമകൾ, സരസ്വതി, ഭാര്യമാർ സൂക്ഷിക്കുക, ഉണ്ണിയാർച്ച, വാഴ്‌വേമായം, കണ്ണൂർ ഡീലക്‌സ്, അഞ്ചു സുന്ദരികൾ, ഇരുളും വെളിച്ചവും തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 2011ൽ 'ദി ഹണ്ടർ' എന്ന ചിത്രത്തിൽ നസറുദ്ദീൻ ഷായുടെ അമ്മയായാണ് ഒടുവിൽ വേഷമിട്ടത്.
പിന്നീട് ഡബ്ബിങ് രംഗത്തേക്ക് തിരിഞ്ഞു. പൂർണിമ ജയറാമിന് 'മഞ്ഞിൽ വിരിഞ്ഞപൂക്കളി'ൽ ശബ്ദം നൽകിയതും അമ്മിണിയായിരുന്നു. മലയാള സിനിമയിലെ ആദ്യ ഡബ്ബിങ് ആർട്ടിസ്റ്റാണ് കൊച്ചിൻ അമ്മിണി. 1967ൽ ഇറക്കിയ 'ഇന്ദുലേഖ' എന്ന സിനിമയിൽ രണ്ടു പാട്ടുകൾ പാടി. സംഗീത നാടക അക്കാദമി പുരസ്‌കാരം, തിക്കുറിശ്ശി സ്മാരക പുരസ്‌കാരം, ഒ. മാധവൻ പുരസ്‌കാരം, സ്വരലയ, സർഗ, കാളിദാസ കലാകേന്ദ്രം എന്നിവയുടെ പ്രതിഭാ വന്ദന പുരസ്‌കാരം, ശ്രീകൃഷ്ണ നാട്യ സംഗീത അക്കാദമി പുരസ്‌കാരം തുടങ്ങി നിരവധി അവാർഡുകൾ അമ്മിണിക്ക് ലഭിച്ചിട്ടുണ്ട്. മകൾ: എയ്ഞ്ചൽ റാണി.