- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്നെ കാണാൻ ഒരാൾ വരുമെന്നും അകത്തേക്ക് വിടണമെന്നും പറഞ്ഞേൽപ്പിച്ച് മുറിയിലേക്ക് പോയി; സന്ദർശകൻ എത്തിയപ്പോൾ ചലനമില്ല; ആലുവയിലെ സ്വകാര്യ ഹോട്ടലിൽ കോൺഗ്രസ് നേതാവ് പി ടി പോൾ മരിച്ച നിലയിൽ
അങ്കമാലി: മേഖലയിലെ പ്രമുഖ കോൺഗ്രസ് നേതാവ് പി.ടി പോളിനെ ആലുവയിലെ സ്വകാര്യ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി അർബൻ ബാങ്ക് പ്രസിഡന്റ്, അങ്കമാലി സഹകരണബാങ്ക് പ്രസിഡന്റ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ്, മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മരണ കാരണം വ്യക്തമായിട്ടില്ല.
പകൽ 12.30നു ഹോട്ടലിൽ മുറിയെടുത്ത അദ്ദേഹത്തെ കാണാൻ 3.15ന് അങ്കമാലിയിൽ നിന്ന് ഒരാൾ എത്തിയിരുന്നു. പോൾ മുറിയിൽ ചലനമറ്റു കിടക്കുന്നതു കണ്ട സന്ദർശകൻ സ്വന്തം വാഹനത്തിൽ കാരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തന്നെ കാണാൻ ഒരാൾ വരുമെന്നും അകത്തേക്കു വിടണമെന്നും റിസപ്ഷനിൽ പറഞ്ഞേൽപിച്ചാണു പോൾ മുറിയിലേക്കു പോയത്.
മുറിയുടെ വാതിൽ അകത്തുനിന്നു പൂട്ടിയിരുന്നില്ല. മുറിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ബാഗും മൊബൈൽ ഫോണും കണ്ടെടുത്തു. അങ്കമാലിയിൽനിന്നു ഡ്രൈവർക്കൊപ്പം സ്വന്തം കാറിൽ ആലുവയിൽ എത്തിയ പോൾ എംജി ടൗൺ ഹാളിനു സമീപം ഇറങ്ങി കാർ പറഞ്ഞുവിട്ടു. തനിക്കു പോകാൻ മറ്റൊരു വാഹനം വരുമെന്നാണു ഡ്രൈവറോടു പറഞ്ഞതെന്നു പൊലീസ് പറഞ്ഞു. ടൗൺ ഹാളിനു തൊട്ടടുത്തുള്ള ഹോട്ടലിലാണു മുറിയെടുത്തത്.
കാരോത്തുകുഴി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ (ശനിയാഴ്ച) എറണാകുളം ഗവ. മെഡിക്കൽ കോളജിൽ പൊലീസ് സർജൻ പോസ്റ്റ്‌മോർട്ടം നടത്തും. സംഭവമറിഞ്ഞ് എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം. ജോൺ എന്നിവരടക്കം ഒട്ടേറെപ്പേർ ആശുപത്രിയിൽ എത്തി. മഞ്ഞപ്ര അമലാപുരം സ്വദേശിയായ പി ടി പോൾ 30 വർഷത്തിലേറെയായി അങ്കമാലിയിലാണു താമസം. ഭാര്യ: എൽസി. മകൻ: ടോം (ഓസ്‌ട്രേലിയ). മരുമകൾ: ഡോണ (ഓസ്‌ട്രേലിയ)
മറുനാടന് മലയാളി ബ്യൂറോ