കാഞ്ഞങ്ങാട്: കോട്ടച്ചേരി ദിനേശ് ബീഡി സഹകരണ സംഘം പ്രസിഡന്റും സിപിഎമ്മിന്റെ പുല്ലൂരിലെ മുതിർന്ന നേതാവുമായിരുന്ന മധുരക്കാട്ടെ എം. കുഞ്ഞമ്പു (73) ട്രെയിനിൽനിന്ന് വീണു മരിച്ചു. തിങ്കളാഴ്ച ഉച്ചയോടെ ഇന്റർസിറ്റി എക്സ്പ്രസിൽ കണ്ണൂരിലെ കേന്ദ്രസംഘം ഓഫിസിലേക്കു പോകുന്നതിനിടെ നീലേശ്വരം പള്ളിക്കര കറുത്ത ഗേറ്റിനടുത്ത് എത്തിയപ്പോഴാണ് അപകടം.

ബാത്ത്റൂമിലേക്കു പോകവേ തെറിച്ചുവീണതാണെന്ന് കരുതുന്നു.നേരത്തേ ഹൃദ്രോഗചികിത്സ നടത്തിയതിന്റെ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു.നട്ടെല്ലുവേദനക്കുള്ള ചികിത്സയിലുമായിരുന്നു. സിപിഎം പെരളം രണ്ടാം ബ്രാഞ്ച് അംഗം, പി.എഫ് പെൻഷനഴ്സ് യൂനിയൻ കാഞ്ഞങ്ങാട് ഏരിയ പ്രസിഡന്റ്, ജില്ല കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു.

സിപിഎം പുല്ലൂർ ലോക്കൽ സെക്രട്ടറി, കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം, ഹോസ്ദുർഗ് താലൂക്ക് സർക്കിൾ സഹകരണ യൂനിയൻ അംഗം, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ, പുല്ലൂർ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പെരളം റെഡ് യങ് ക്ലബ് സ്ഥാപകാംഗം, പുല്ലൂർ ഗവ. ഫാം വർക്കേഴ്സ് യൂനിയൻ (സിഐ.ടി.യു) സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ലക്ഷ്മി. മക്കൾ: സുഷമ, സുനിത, സുരേഷ്. മരുമക്കൾ: സുകുമാരൻ, കൃഷ്ണൻ, ബിന്ദു. സഹോദരങ്ങൾ: നാരായണി, കൃഷ്ണൻ, കല്യാണി, ശ്യാമള, ശാന്ത.