തൊടുപുഴ: കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎയുടെ ഭാര്യ ഡോ. ശാന്ത ജോസഫ് (77) നിര്യാതയായി. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറായിരുന്നു. 1971-ലായിരുന്നു ശാന്തയുമായുള്ള ജോസഫിന്റെ വിവാഹം. രാഷ്ട്രീയ ജീവിതം പലവഴികളിൽ ഒഴുകിയപ്പോഴും 'ശാന്ത'യായി കൂട്ടുനിന്ന ഭാര്യയാണ് തന്റെ ബലമെന്ന് ജോസഫ് പലതവണ പറഞ്ഞിട്ടുണ്ട്. വാപ്പുഴമേനാച്ചേരിൽ കുടുംബാഗമാണ് ഡോ. ശാന്ത. പ്രശസ്ത സാഹിത്യ നിരൂപകൻ എംപി പോളിന്റെ സഹോദര പുത്രിയായരുന്നു അവർ.

ജോസഫിന്റെ മൂത്ത സഹോദരിയുടെ ജൂനിയറായി മെഡിസിൻ പഠിച്ച ശാന്തയ്ക്ക് ആദ്യ നിയമനം ലഭിച്ചത് ജോസഫിന്റെ ഗ്രാമമായ പുറപ്പുഴയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലായിരുന്നു. അവിടെ ജോലിക്കെത്തിയ ശാന്ത, ജോസഫിന്റെ വീട്ടിൽ പേയിങ് ഗസ്റ്റായി താമസം തുടങ്ങി. അന്ന് തേവര എസ്എച്ച് കോളെജിൽ എംഎ വിദ്യാർത്ഥിയായിരുന്ന ജോസഫുമായി അടുക്കുകയും അടുപ്പം പ്രണയമായി മാറുകയുമായിരുന്നു. ഒടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വിവാഹിതരായി.

അന്നു മുതൽ ഇന്നോളം ജോസഫിന്റെ സുഖദുഃഖങ്ങളിൽ സഹയാത്രികയായിരുന്നു. രാഷ്ട്രീയത്തിലൊഴികെ എല്ലാ കാര്യത്തിലും തന്റെ അവസാന വാക്കായിരുന്നു ശാന്ത എന്നു പറയുമായിരുന്നു ജോസഫ്. ഇവർക്ക് നാലുമക്കളുണ്ട്. ഡൗൺ സിൻഡ്രോം ബാധിതനായിരുന്ന ഇളയമകൻ ജോമോൻ, 2020 നവംബർ 20-ന് ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചിരുന്നു.

മക്കൾ: അപു (കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം), യമുന, ആന്റണി, പരേതനായ ജോമോൻ ജോസഫ്. മരുമക്കൾ: അനു (അസോഷ്യേറ്റ് പ്രഫസർ, വിശ്വ ജ്യോതി എൻജിനീയറിങ് കോളജ്, വാഴക്കുളം), ഡോ. ജോ (മൗണ്ട് സീയോൺ മെഡിക്കൽ കോളജ്, കോഴഞ്ചേരി), ഉഷ.