മീനടം: കോട്ടയത്തെ നടുക്കി അച്ഛന്റെയും മകന്റെയും ദുരൂഹ മരണം. കോട്ടയത്ത് നടക്കാനിറങ്ങിയ അച്ഛനെയും മകനെയുാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുതുവയൽ വട്ടുകളത്തിൽ ബിനു(49), മകൻ ശിവഹരി(എട്ട്) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ഇരുവരും നടക്കാനായി ഇറങ്ങിയത്.

സ്ഥിരമായി പ്രഭാത സവാരിക്ക് പോകുന്നവരാണ്. ഏറെ നേരമായിട്ടും തിരിച്ചുവരാതിരുന്നതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരുടെയും മൃതദേഹം സമീപത്തെ കെട്ടിടത്തിൽ കണ്ടെത്തുകയായിരുന്നു. വീടിന് സമീപത്തുള്ള കെട്ടിടത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. അതുകൊണ്ട് തന്നെ മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് കരുതുന്നത്. ഇലക്ട്രിക് വർക്‌സ് തൊഴിലാളിയാണ് ബിനു. ആത്മഹത്യയിലേക്ക് നയിച്ചത് കുടുംബ പ്രശ്‌നങ്ങളാണോ മറ്റു കാരണങ്ങളാണോ എന്നതിൽ വ്യക്തത വന്നിട്ടില്ല.

മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ശിവഹരി. പാമ്പാടി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയത് നാട്ടുകാരെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ നീക്കം.