തിരുവനന്തപുരം: സിപിഐഎം മുൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും മുൻ നേമം എംഎൽഎയുമായ വെങ്ങാനൂർ പി ഭാസ്‌കരൻ അന്തരിച്ചു. കർഷകസംഘം ജില്ലാ പ്രസിഡന്റ്, സിപിഐ എം നേമം ഏരിയാ സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. ജില്ലാ കൗൺസിൽ അംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മൃതദേഹം ഉച്ചയ്ക്ക് 12 മുതല് സിപിഐ എം നേമം ഏരിയാ കമ്മറ്റി ഓസീസായ അവണാകുഴി സദാശിവൻ സ്മാരകമന്ദിരത്തിൽ പൊതുദർശനത്തിനുവെയ്ക്കും. സംസ്‌കാരം മൂന്നു മണിക്ക് വീട്ടുവളപ്പിൽ നടക്കും.

വെങ്ങാനൂർ ഭാസ്‌കരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. തിരുവനന്തപുരം ജില്ലയിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ സജീവമായ പങ്കാളിത്തമാണ് അദ്ദേഹം വഹിച്ചത്. കർഷകസംഘം ജില്ലാ പ്രസിഡന്റ് എന്ന നിലയിൽ കർഷകരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടു. മികച്ച നിയമസഭാ സാമാജികനുമായിരുന്നു വെങ്ങാനൂർ എന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.