ന്യൂഡൽഹി: പ്രശസ്ത വാർത്താ അവതാരക ഗീതാഞ്ജലി അയ്യർ അന്തരിച്ചു. 71 വയസായിരുന്നു. ഒരു കാലത്ത് ഇന്ത്യൻ ടെലിവിഷന്റെ പ്രധാന മുഖങ്ങളിൽ ഒരാളായിരുന്ന വ്യക്തിയാണ് ഗീതാഞ്ജലി അയ്യർ. രാജ്യത്തെ ആദ്യകാല ടെലിവിഷൻ വാർത്താ അവതാരകരിൽ പ്രമുഖയായിരുന്നു. ദൂരദർശനിലെ ആദ്യത്തെ ഇംഗ്ലീഷ് വാർത്താ അവതാരകരിൽ മുൻ നിരക്കാരിയായിരുന്ന മൂന്ന് പതിറ്റാണ്ടോളം ദൂരദർശന്റെ ഭാഗമായിരുന്നു.

ദേശീയ മാധ്യമരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അവർ 1971-ലാണ് ദൂരദർശനിൽ ചേരുന്നത്. അക്കാലത്ത് സിനിമാ താരങ്ങളേക്കാളേറെ ആരാധകരുള്ള മാധ്യമപ്രവർത്തകയായിരുന്ന ഗീതാഞ്ജലി അയ്യർ മികച്ച വാർത്ത അവതാരകയ്ക്കുള്ള പുരസ്‌കാരം 4 തവണ നേടിയിട്ടുണ്ട്.

കൊൽക്കത്തയിലെ ലൊറെറ്റോ കോളേജിൽ നിന്ന് ബിരുദവും നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഡിപ്ലോമയും നേടിയ ഗീതാഞ്ജലി അയ്യർ ടിവിയിൽ വാർത്ത വായിക്കുന്നതിന് മുമ്പ് ആകാശവാണിയിൽ വാർത്താ വായനക്കാരിയായിരുന്നു.വാർത്താ വായനയിൽ നിന്ന് അവർ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ്, ഗവൺമെന്റ് ലെയ്‌സൺ , മാർക്കറ്റിങ് മേഖലയിലേക്ക് കടന്നു. 1989-ൽ, മികച്ച വനിതകൾക്കുള്ള ഇന്ദിരാഗാന്ധി പ്രിയദർശിനി അവാർഡ് നേടി.