- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിലെ അഞ്ചുമണ്ഡലങ്ങളിൽ യുഡിഎഫ് വിജയക്കൊടി പാറിച്ചത് എസ്ആർ ഡിസിസി അദ്ധ്യക്ഷനായ കാലത്ത്; വിടവാങ്ങിയത് കോൺഗ്രസിന്റെ ജനകീയ മുഖങ്ങളിലൊന്ന്; എസ് ആർ ആന്റണിക്ക് അന്ത്യാഞ്ജലി
കണ്ണൂർ: കണ്ണൂർ ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തെ നയിച്ച അതികായകനായ കോൺഗ്രസ് നേതാവാണ് വിടവാങ്ങിയ കോൺഗ്രസ് നേതാവ് എസ്. ആർ. ആന്റണി. ബൂത്ത്തലം മുതൽ പാർട്ടിയെ വളർത്തിയ നേതാവായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ ജനകീയ മുഖങ്ങളിലൊന്നായിരുന്നു ഈ ചെറുപുഴ സ്വദേശിയായ ഗാന്ധിയൻ നേതാവ്. 1994-വരെ കണ്ണൂർ കോൺഗ്രസ് അധ്യക്ഷനായി തുടർന്ന അദ്ദേഹം കെ.സുധാകരൻ സംഘടനാ തെരഞ്ഞെടുപ്പിലൂടെ അധ്യക്ഷ പദവിയിലെത്തിയപ്പോഴാണ് സ്ഥാനമൊഴിഞ്ഞത്.
ഡി.സി.സി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. എസ്. ആർ. ഡി.സി.സി അധ്യക്ഷനായ കാലത്താണ് കണ്ണൂർ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ യു.ഡി. എഫ് വിജയക്കൊടി പാറിച്ചത്. ഒ.ഭരതൻ പിടിച്ചെടുത്ത എടക്കാട് മണ്ഡലത്തിലെ കള്ളവോട്ടുവിഷയം ഉയർത്തിക്കൊണ്ടു കോടതിവിധിയിലൂടെ പിടിച്ചെടുത്തതും എസ്. ആറിന്റെ നേതൃപാടവങ്ങളിലൊന്നായിരുന്നു.
കെ. കരുണാകരൻ, എ.കെ ആന്റണി എന്നിങ്ങനെ ഉന്നത നേതാക്കളുമായി മാനസിക ഐക്യം പുലർത്തിയ നേതാവായിരുന്നു എസ്. ആർ. ആന്റണി. എൻ.ജി.ഒ യൂനിയൻ നേതാവ് ടി.കെ ബാലൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷനായ ജില്ലാപഞ്ചായത്തിൽ എസ്. ആറും അംഗമായിരുന്നു. പൊതു പ്രവർത്തകർക്ക് മാതൃകയായ വ്യക്തിത്വമായിരുന്നു എസ്.ആർ ആന്റണിയുടേതെന്ന് അഡ്വ.മാർട്ടിൻ ജോർജ് പറഞ്ഞു. അധികാര സ്ഥാനങ്ങൾക്കപ്പുറം അദ്ദേഹം പാർട്ടിയെ സ്‌നേഹിച്ചു.
പ്രതിസന്ധിഘട്ടങ്ങളിൽ തന്മയത്വത്തോടെ പ്രവർത്തനം മുന്നോട്ടു കൊണ്ടു പോയി. ഏതു വിഷയവും അദ്ദേഹം സധൈര്യം നേരിട്ടു. എങ്ങനെ ഒരു പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടു പോകണമെന്ന കൃത്യമായ കാഴ്ചപ്പാട് എസ്.ആർ. ആന്റണിക്കുണ്ടായിരുന്നു. ആരോടും മുഷിഞ്ഞു സംസാരിക്കാതെ എല്ലാവരേയും ചേർത്തു പിടിച്ച് അദ്ദേഹം പ്രവർത്തനം മുന്നോട്ടു കൊണ്ടുപോയി. അടുക്കും ചിട്ടയോടും കൂടി പാർട്ടി പ്രവർത്തനം എങ്ങനെ നടത്താമെന്ന് വരുംതലമുറയെ പഠിപ്പിച്ച നേതാവാണ് എസ്.ആർ.ആന്റണി. പൊതുപ്രവർത്തനരംഗത്ത് അനുകരണീയ വ്യക്തിത്വമായ എസ്.ആറിന്റെ നിര്യാണത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അനുശോചനം അറിയിക്കുന്നു. എസ്.ആർ. ആന്റണിയോടുള്ള ആദരസൂചകമായി പാർട്ടി പരിപാടികളെല്ലാം മാറ്റിവെച്ച് ജില്ലയിൽ ഞായറാഴ്ച വരെ ദുഃഖാചരണം നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ് അറിയിച്ചു.