കാസർകോട്: മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡണ്ടും കാസർകോട് നഗരസഭ മുൻ ചെയർമാനുമായ ടി.ഇ. അബ്ദുല്ല (64) അന്തരിച്ചു. അസുഖ ബാധിതനായി കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചക്ക് രണ്ടര മണിയോടെയാണ് മരണം. മുസ്ലിം ലീഗ് നേതാവും മുൻ എംഎ‍ൽഎയുമായിരുന്ന പരേതനായ ടി.എ ഇബ്രാഹിമിന്റെയും സൈനബബിയുടെയും മകനായി 1959 മാർച്ച് 18ന് തളങ്കര കടവത്താണ് ജനനം. എം.എസ്.എഫിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂൾ യൂണിറ്റ് എം.എസ്.എഫ് പ്രസിഡന്റായിരുന്നു. ഹൈസ്‌കൂൾ ലീഡറായി എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

1978ൽ തളങ്കര വാർഡ് ലീഗ് സെക്രട്ടറിയായി. അവിഭക്ത കണ്ണൂർ ജില്ലാ ലീഗ് പ്രവർത്തക സമിതി അംഗം, കാസർകോട് മുനിസിപ്പൽ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്, കാസർകോട് മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി, പ്രസിഡന്റ്, കാസർകോട് ജില്ലാ ലീഗ് വൈസ് പ്രസിഡന്റ്, കാസർകോട് വികസന അഥോറിറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 2008 മുതൽ സംസ്ഥാന ലീഗ് പ്രവർത്തക സമിതി അംഗമാണ്. ചെർക്കളം അബ്ദുല്ലയുടെ നിര്യാണത്തെ തുടർന്നാണ് ജില്ലാ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്.

1988 മുതൽ കാസർകോട് നഗരസഭ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട ടി.ഇ അബ്ദുല്ല 2000ൽ തളങ്കര കുന്നിൽ നിന്നും 2005ൽ തളങ്കര പടിഞ്ഞാറിൽ നിന്നും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 27 വർഷം കാസർകോട് നഗരസഭയെ പ്രതിനിധീകരിച്ചു. മൂന്ന് തവണ കാസർകോട് നഗരസഭ ചെയർമാൻ പദവി അലങ്കരിച്ചു. അദ്ദേഹം ചെയർമാനായ 2000-2005 കാലത്ത് കേരളത്തിലെ മികച്ച നഗരസഭയായി കാസർകോടിനെ തെരഞ്ഞെടുത്തിരുന്നു.

കാസർകോട് സംയുക്ത മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി, മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി വൈസ് പ്രസിഡന്റ്, ദഖീറത്തുൽ ഉഖ്റാ സംഘം പ്രസിഡന്റ്, ടി. ഉബൈദ് ഫൗണ്ടേഷൻ ട്രഷറർ തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നു. പഴയകാല ഫുട്ബോൾ കളിക്കാരൻ കൂടിയായിരുന്ന ടി.ഇ അബ്ദുല്ല നേരത്തെ കാസർകോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

ബദ്രിയ അബ്ദുൽഖാദർ ഹാജിയുടെ മകൾ സാറയാണ് ഭാര്യ. മക്കൾ: ഹസീന, ഡോ. സഫ്വാന (ദുബായ്), റസീന, ആഷിഖ് ഇബ്രാഹിം. മരുമക്കൾ: നൂറുദ്ദീൻ (ബഹ്റൈൻ), സക്കീർ അബ്ദുല്ല (ദുബായ്), ഷഹീൻ (ഷാർജ), റഹിമ. സഹോദരങ്ങൾ: അബ്ദുൽഖാദർ, പരേതനായ മുഹമ്മദ് കുഞ്ഞി, യൂസഫ്, അഡ്വ. ടി.ഇ അൻവർ, ബീഫാത്തിമ (മുൻ കർണാടക ഹൈക്കോടതി ജഡ്ജി പരേതനായ ജസ്റ്റിസ് ഫാറൂഖിന്റെ ഭാര്യ), ആയിഷ (പരേതനായ അഡ്വ. വി.പി.പി സിദ്ദീഖിന്റെ ഭാര്യ), റുഖിയ (കെ.എസ്.ഇ.ബി എക്സ്‌ക്യൂട്ടീവ് എഞ്ചിനിയറായിരുന്നു ഷംസുദ്ദീന്റെ ഭാര്യ). മയ്യത്ത് വ്യാഴാഴ്ച രാവിലെ 10 മണിക്ക് തളങ്കര മാലിക് ദീനാർ വലിയ ജുമാ അത്ത് പള്ളിയിൽ ഖബറടക്കും.