- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു; അന്ത്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച്; വിട പറഞ്ഞത് സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ്; തമിഴ്‌നാട് ഗവർണർ സ്ഥാനവും അലങ്കരിച്ച വ്യക്തിത്വം
ന്യൂഡൽഹി: സുപ്രീംകോടതിയിലെ ആദ്യവനിത ജഡ്ജിയും തമിഴ്‌നാട് മുൻ ഗവർണറുമായ ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. 96 വയസായിരുന്നു. വ്യാഴാഴ്ച രാവിലെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
അണ്ണാവീട്ടിൽ മീരാസാഹിബിന്റെയും ഖദീജ ബീവിയുടെയും മകളായി 1927-ൽ പത്തനംതിട്ടയിലായിരുന്നു ഫാത്തിമ ബീവിയുടെ ജനനം. പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്‌കൂളിലെ പഠനശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്ന് രസതന്ത്രത്തിൽ ബിരുദം നേടി. തുടർന്ന് തിരുവനന്തപുരം ലോ കോളേജിൽനിന്ന് നിയമബിരുദവും കരസ്ഥമാക്കി.
1950-ൽ അഭിഭാഷകയായി എന്റോൾ ചെയ്ത ഫാത്തിമ ബീവി 1958-ലാണ് മുൻസിഫ് ജഡ്ജിയായി നിയമിതയായത്. 1968-ൽ സബ് ജഡ്ജായും 1972-ൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റായും സ്ഥാനക്കയറ്റം ലഭിച്ചു. 1974-ൽ ജില്ലാ സെഷൻസ് കോടതി ജഡ്ജിയായി. 1983-ലാണ് ഹൈക്കോടതി ജഡ്ജിയായത്. 1989-ൽ രാജ്യത്തെ ആദ്യത്തെ വനിതാ ജസ്റ്റിസായി സുപ്രീംകോടതിയിൽ നിയമിതയായി.
മൂന്നുവർഷത്തിന് ശേഷം സുപ്രീംകോടതിയിൽനിന്ന് വിരമിച്ചു. 1997 മുതൽ 2001 വരെയുള്ള കാലയളവിലാണ് തമിഴ്‌നാട് ഗവർണറായി പ്രവർത്തിച്ചത്.
മറുനാടന് മലയാളി ബ്യൂറോ