മട്ടന്നൂർ: കഴിഞ്ഞ ദിവസം വിടപറഞ്ഞ കെ.ടി. രാധകൃഷ്ണൻ കൂടാളി എഴുത്തും വായനയും ഹൃദയത്തിൽ ചേർത്തുപിടിച്ച വ്യക്തിത്വമായിരുന്നു. സിൻഡിക്കേറ്റ് ബാങ്കിൽ ക്ലാർക്കായിരുന്ന ഇദ്ദേഹം ഏതാനും വർഷം മുമ്പ് ആരോഗ്യപരമായ കാരണങ്ങളാൽ സ്വയം വിരമിക്കുകയായിരുന്നു. തുടർന്നിങ്ങോട്ട് ഇരിക്കൂർ പെരുമണ്ണ് ശ്രീരാഗമെന്ന വീട്ടിൽ മുഴുവൻ സമയവും വായനയിലും എഴുത്തിലും സാമൂഹിക-സാംസ്‌കാരിക, ആദ്ധ്യാത്മിക പ്രവർത്തനങ്ങളിലും മുഴുകി ജീവിക്കുകയായിരുന്നു. ആദ്ധ്യാത്മിക സാംസ്കാരിക വിഷയങ്ങളിൽ അഗാധപാണ്ഡിത്യം ഉണ്ടായിരുന്ന പ്രതിഭാധനനായിരുന്നു രാധാകൃഷ്ണൻ കൂടാളി.

സമകാലിക മുഖ്യധാര സമാന്തര പ്രസിദ്ധികരണങ്ങളിലും കുറിപ്പുകളും, ലേഖനങ്ങളും, കവിതകളും എഴുതാറുണ്ടായിരുന്നു. നിരവധി വേദികളിൽ അദ്ധ്യാത്മിക പ്രഭാഷണങ്ങളും, പ്രഭാഷണങ്ങളും നടത്തിവരുന്ന ഇദ്ദേഹം 1953ൽ കൂടാളിത്താഴത്ത് വീട്ടിൽ സൗദാമിനിയമ്മയുടെയും ഒതേനൻ നമ്പ്യാരുടെയും ഇളയ മകനായി ജനിച്ചു.

പ്രൈമറി ക്ലാസ്സുകളിൽ വച്ച് തന്നെ സാഹിത്യ-കലാവാസനകളും പ്രസംഗപാടവവും വ്യക്തമാക്കി. കൂടാളി യുപി സ്‌കൂൾ, കൂടാളി ഹൈസ്‌കൂൾ എന്നീ വിദ്യാലയങ്ങളിൽ പഠനം പൂർത്തിയാക്കി. കൂടാളി ചിന്മയമിഷ്യൻ ബാലവിഹാർ അംഗമെന്ന നിലയിൽ 1964-ൽ തിരുവനന്തപുരത്ത് വെച്ച് നടന്ന ബാലകലോൽസവത്തിൽ പ്രസംഗമൽസരത്തിൽ പങ്കെടുത്ത് സ്വാമി ചിന്മയാനന്ദൻ തുടങ്ങിയവരുടെ പ്രശംസ നേടുകയുണ്ടായി. പഠനാനന്തരം കേരളത്തിന് പുറത്ത് വിവിധ കമ്പനികളിൽ ജോലിചെയ്തു. 1977-ൽ സിൻഡിക്കേറ്റ് ബാങ്ക് മങ്ങാട്ട്പറമ്പ് ബ്രാഞ്ചിൽ ജീവനക്കാരനായി ചേർന്ന് ഔദ്യോഗിക ജീവിതമാരംഭിച്ചു.

ദശപുഷ്പങ്ങൾ, കാവ്യരേണുക്കൾ, കാവ്യപർവ്വം, കാവ്യാജ്ഞാലി, സാഹിതി, കാവ്യബിംബങ്ങൾ, കേരള പെരുമ, സ്നേഹപർവ്വം, പ്രണയഗീതങ്ങൾ, ശ്രീനാരായണ ഗുരുകവിതകൾ, മലയാള കഥകൾ, ഗാണ്ഡിവം, ഓണകൊയ്ത്ത്, കാവ്യകുസുമങ്ങൾ, തിരമാലകൾ എന്റെ കൂട്ടുകാർ, പിയുടെ വഴിത്താരകൾ തുടങ്ങിയ സംയുക്ത കവിതാസമാഹാങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പളുങ്കുപണികൾ- കഥാസമാഹാരത്തിൽ കഥ പ്രസിദ്ധീകരിച്ചു. കാവ്യനക്ഷത്രങ്ങൾ എന്ന മുഖത്തലയുടെ കവിതാസമാഹരത്തിന് 33 പേജിൽ എഴുതിയ അവതാരിക ഏറെ ശ്രദ്ധേയമായിരുന്നു.

കൂടാതെ നിരവധി അവാർഡുകൾ രാധാകൃഷ്ണൻ കൂടാളിയെ തേടിയെത്തുകയുണ്ടായി. തിക്കുറിശ്ശി അവാർഡ് ആയിരുന്നു ആദ്യം ലഭിച്ചത്. കൂടാതെ മാകന്ദം അവാർഡ്, രസികശിരോമണി കോമൻനമ്പ്യാർ അവാർഡ്, ഓൾകേരള പ്രൈവറ്റ് ബാങ്ക് എംപ്ലോയിസ്, അവാർഡ്, ദേവജ സാഹിത്യപ്രതിഭ അവാർഡ് തുടങ്ങിയവയും ലഭിച്ചു. 2008-ൽ വായനയുടെ ഇടങ്ങൾ എന്ന പുസ്തകം പ്രസിദ്ധികരിച്ചു. കൂടാളി ബാലജനസഖ്യം യൂണിറ്റ് പ്രവർത്തകൻ കൂടിയായിരുന്നു. മാഹിയിൽ നിന്നും പുറപ്പെടുന്ന ഭാരതദേശം മാസികയുടെ എഡിറ്റോറിയൽ ബോർഡ് അംഗമായിരുന്നു. തുളുനാട് മാസികയുടെ മുൻ രക്ഷാധികരിസമിതിഅംഗം കൂടിയായിരുന്നു. വിദ്യാപോഷിണി കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്.

നളന്ദസാഹിത്യവേദി ഇരിട്ടി, പെരുമണ്ണ് സൗഹൃദയവായനശാല, സമദർശന ആർട്സ് ആൻഡ് സ്പോർട് ക്ലബ്ബ് തുടങ്ങിയ സാംസ്‌കാരിക സംഘടനകളുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. നിലവിൽ വായനശാലയുടെ പ്രസിഡണ്ടാണ്. രാധാകൃഷ്ണൻ കൂടാളിയുടെ വേർപാട് സാമൂഹ്യ, സാംസ്കാരിക- ആധ്യാത്മിക, സാഹിത്യ മേഖലയ്ക്ക് തീരാ നഷ്ടമാണുണ്ടായത്.വർത്തമാന പത്രങ്ങളുടെ എഡിറ്റോറിയൽ പേജുകളിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടു കെ.ടി രാധാകൃഷ്ണൻ കൂടാളിയെന്ന പേരിൽ എഴുതുന്ന അദ്ദേഹം വായനക്കാർക്ക് സുപരിചിതനായിരുന്നു.