- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിരിയും ചിന്തയും അടങ്ങിയ ഓർമകൾ ബാക്കി വച്ച് കടന്നുപോയ ഇന്നസെന്റിന് അന്ത്യാഞ്ജലി അർപ്പിച്ച് മലയാളികൾ; ആസ്വാദകരെ നർമത്താൽ സമ്പന്നരാക്കിയ ഇന്നസെന്റ് എന്നും ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി; വിലാപയാത്ര കൊച്ചിയിൽ നിന്ന് ഇരിങ്ങാലക്കുടയിലേക്ക് പുറപ്പെട്ടു; സംസ്‌കാരം നാളെ
കൊച്ചി: മലയാളികളെ ചിരിപ്പിച്ചും, ചിന്തിപ്പിച്ചും കടന്നുപോയ നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തുകയാണ് സിനിമാ പ്രവർത്തകരും, ആരാധകരും. രാവിലെ എട്ടു മുതൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലാണ് ഇന്നസെന്റിന്റെ മൃതദേഹം പൊതു ദർശനത്തിന് വെച്ചത്. 11.30 മണിയോടെ സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്നു മണി വരെ ഇരിങ്ങാലക്കുട ടൗൺഹാളിൽ പൊതു ദർശനത്തിന് വെക്കും. മൂന്നു മണിക്കു ശേഷം ഇന്നസെന്റിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും.
ഇന്നസന്റിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ആസ്വാദകഹൃദയങ്ങളെ നർമം കൊണ്ട് നിറച്ച ഇന്നസന്റ് എന്നും ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും അനുശോചനം അറിയിക്കുന്നതായും ആത്മാവിനു നിത്യശാന്തി നേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
അനുകരണീയമായ ശൈലിയിലൂടെ ജനങ്ങളുടെ ഹൃദയത്തിൽ ആഴത്തിലുള്ള മുദ്ര പതിപ്പിച്ച വ്യക്തിയാണ് ഇന്നസെന്റ് എന്ന് രാഹുൽ ഗാന്ധി അനുസ്മരിച്ചു.
പോസ്റ്റിന്റെ പൂർണ്ണ രൂപം:
'മലയാളത്തിലെ പ്രമുഖ നടനും, മുൻ എംപിയും, സർവോപരി വിസ്മയിപ്പിക്കുന്ന മനുഷ്യനുമായ ഇന്നസെന്റിന്റെ വിയോഗത്തിൽ ദുഃഖമുണ്ട്. അനുകകരിക്കാനാവാത്ത ശൈലിയിലൂടെ ജനങ്ങുടെ ഹൃദയത്തിലും മനസ്സിലും അദ്ദേഹം ചിര പ്രതിഷ്ഠ നേടി. തന്റെ നടനത്തിലൂടെ ആളുകളെ ചിരിപ്പിച്ച അദ്ദേഹം, കാൻസറിന് എതിരെ ധീരമായി പോരാടി. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ലക്ഷക്കണക്കിന് പേർക്ക് പ്രചോദനമായിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തെയും, സുഹൃത്തുകളെയും, ആരാധാകരെയും അനുശോചനം അറിയിക്കുന്നു.'
കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ, സംവിധാകൻ ഫാസിൽ, സിബി മലയിൽ, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ തുടങ്ങി നിരവധി പ്രമുഖർ അന്ത്യോപചാരം അർപ്പിക്കാനെത്തി. നിരവധി സിനിമാ സംഘടനാ പ്രതിനിധികളും അന്തിമോപചാരം അർപ്പിക്കാനെത്തി. താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു, സിപിഎം ജില്ലാ സെക്രട്ടറി സി എം മോഹനൻ തുടങ്ങിയവർ ഇൻഡോർ സ്റ്റേഡിയത്തിലെത്തിയിരുന്നു.
ഇന്നസെന്റിന്റെ സംസ്‌കാരം നാളെ ഇരിങ്ങാലക്കുടയിൽ നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. കൊച്ചിയിലെ വി.പി.എസ്. ലേക്ഷോർആശുപത്രിയിൽ വെച്ച് ഇന്നലെ രാത്രിയായിരുന്നു ഇന്നസെന്റിന്റെ മരണം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം.
വൈകീട്ട് 3.30 മണിവരെ ഇരിങ്ങാലക്കുട ടൗൺഹാളിൽ പൊതുദർശനമുണ്ടാവും. ശേഷം വീട്ടിലേക്ക് കൊണ്ടുപോവും. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ ചൊവ്വാഴ്ച രാവിലെ 10നാണ് സംസ്‌കാരം. കൊച്ചിയിലെ വി.പി.എസ്. ലേക്ഷോർ ആശുപത്രിയിൽ ഞായറാഴ്ച രാത്രി 10.30-ഓടെയായിരുന്നു ഇന്നസെന്റിന്റെ അന്ത്യം.
ഇന്നസെന്റ് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യതാരങ്ങളിൽ ഒരാളാണ്. വിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായിരുന്നു. സത്യൻ അന്തിക്കാട്, ഫാസിൽ, പ്രിയദർശൻ, സിദ്ദിഖ്-ലാൽ സിനിമകളിലെ ഇന്നസെന്റിന്റെ കഥാപാത്രങ്ങൾ ഏറെ ജനപ്രിയമാണ്.
750 ഓളം ചിത്രങ്ങളിൽ അഭിനനയിച്ച ഇന്നസെന്റ് 1972 - ൽ 'നൃത്തശാല' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. അദ്ദേഹം ഏറെക്കാലം ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനവും അലങ്കരിച്ചിരുന്നു. കാൻസർ രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയായിരുന്നു ഇന്നസെന്റ്. രോഗത്തെ തന്റെ ഇച്ഛാശക്തി കൊണ്ട് നേരിട്ട അദ്ദേഹം, കാൻസർ വാർഡിലെ ചിരി ഉൾപ്പടെ പല പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. 2014ൽ ചാലക്കുടിയിൽനിന്ന് എൽഡിഎഫ് സ്വതന്ത്രനായി ലോക്‌സഭാംഗമായ ഇന്നസെന്റ് ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലറും 'അമ്മ'യുടെ പ്രസിഡന്റുമായിരുന്നു. 51 വർഷത്തിനിടെ എഴുനൂറ്റമ്പതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. പുറത്തിറങ്ങാനുള്ള 'പാച്ചുവും അത്ഭുതവിളക്കും' അവസാന ചിത്രം.
'മഴവിൽക്കാവടി'യിലെ അഭിനയത്തിന് 1989ൽ മികച്ച സഹനടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. ഇന്നസെന്റ് നിർമ്മിച്ച 'വിടപറയുംമുമ്പേ', 'ഓർമയ്ക്കായി' എന്നീ ചിത്രങ്ങൾ മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് നേടി. 'പത്താം നിലയിലെ തീവണ്ടി'യിലൂടെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങളുംനേടി.
ഇരിങ്ങാലക്കുട തെക്കേത്തല വറീതിന്റെയും മാർഗലീത്തയുടെയും മകനായി 1948 ഫെബ്രുവരി 28നാണ് ജനനം. ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ളവർ കോൺവെന്റ്, നാഷണൽ ഹൈസ്‌കൂൾ, ഡോൺബോസ്‌കോ, എസ്എൻഎച്ച് സ്‌കൂൾ എന്നിവിടങ്ങളിൽ പഠനം. 1972ൽ 'നൃത്തശാല'യിലൂടെ സിനിമയിൽ അരങ്ങേറി. ജീസസ്, നെല്ല് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. 'ഇളക്കങ്ങൾ', 'ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്,' 'ഒരു കഥ ഒരു നുണക്കഥ' തുടങ്ങിയ ചിത്രങ്ങൾ ഡേവിഡ് കാച്ചപ്പിള്ളിക്കൊപ്പം നിർമ്മിച്ചു.
തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മകനായി 1948 ഫെബ്രുവരി 28-ന് ഇരിങ്ങാലക്കുടയിലാണ് ഇന്നസെന്റിന്റെ ജനനം. ലിറ്റിൽ ഫ്ളവർ കോൺവെന്റ് ഹൈസ്‌കൂൾ, നാഷണൽ ഹൈസ്‌കൂൾ, ഡോൺ ബോസ്‌കോ എസ്.എൻ.എച്ച്. സ്‌കൂൾ എന്നിവിടങ്ങളിൽ പഠിച്ചു. എട്ടാം ക്ലാസ്സിൽ പഠനം അവസാനിപ്പിച്ചു. തുടർന്ന് അഭിനയത്തിൽ ഒരു കൈ പയറ്റാം എന്ന ധാരണയിൽ ഇന്നസെന്റ് പോയത് മദ്രാസിലേക്കാണ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയാണ് തുടക്കം.. ഇടയ്ക്ക് ടൈഫോയിഡ് പിടിപെട്ടതിനേ തുടർന്ന് കർണാടകയിലെ ദാവൺഗെരേയിലേക്ക് തിരിച്ചു. അവിടെ സഹോദരൻ സണ്ണി, കസിൻസായ ജോർജ്, ഡേവിസ് എന്നിവർ ഒരു തീപ്പെട്ടിക്കമ്പനി നടത്തുന്നുണ്ടായിരുന്നു. ക്രമേണ ആ കമ്പനിയിൽ ഇന്നസെന്റ് സജീവമായി.
സ്‌കൂൾ പഠന കാലം മുതൽ ഇടതുപക്ഷ അനുഭാവിയായിരുന്നു ഇന്നസെന്റ്. സിനിമയിൽ എത്തുന്നതിന് മുൻപ് ഇരിഞ്ഞാലക്കുടയിൽ മുനിസിപ്പൽ കൗൺസിലറായി. 2014 മേയിൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. 2019-ൽ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ