ചെന്നൈ:  മുതിർന്ന സിപിഎം നേതാവും പോളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണൻ (68) അന്തരിച്ചു. കാൻസർ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സ തുടർചികിത്സയിൽ കഴിയവേണ് കോടിയേരിയുടെ അന്ത്യം സംഭവിച്ചത്.
അപ്പോളോ ആശുപത്രിയിൽ ശനിയാഴ്‌ച്ച വൈകുന്നേരം എട്ട് മണിയോടെ ആയരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

കഴിഞ്ഞ മാസമാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം അദ്ദേഹം ഒഴിഞ്ഞത്. തുടർന്ന് എം വി ഗോവിന്ദൻ സെക്രട്ടറിയായി ചുമതലയേറ്റിരുന്നു. സിപിഎമ്മിനെ തുടർച്ചയായി രണ്ട് തവണ അധികാരത്തിലേക്ക് നയിക്കുന്നതിൽ സംഘടനാപരമായി നിർണായക റോൾ കോടിയേരിക്ക് ഉണ്ടായിരുന്നു. മൂന്ന് തവണ അദ്ദേഹം പാർട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മൂന്നാമത്തെ തവണ പദവി പൂർത്തിയാക്കും മുമ്പാണ് അദ്ദേഹത്തിന്റെ വിയോഗം സംഭവിച്ചിരിക്കുന്നത്. ചെന്നൈയിൽ നിന്നും ആരോഗ്യവാനായി സഖാവ് തിരിച്ചു വരുമെന്ന അണികളുടെ പ്രതീക്ഷകൾ അസ്ഥാനത്തായി.

സിപിഎം വിഭാഗീയ കാലഘട്ടത്തിൽ അടക്കം പാർട്ടിയെ അച്ചടക്കതോടെ നയിച്ചു വിഎസിനെയും ഒപ്പം കൊണ്ടുപോകുന്നതിൽ കാര്യമായ പങ്ക് കോടിയേരി ബാലകൃഷ്ണൻ വഹിച്ചിരുന്നു. 2006-ൽ സിപിഎമ്മിൽ വിഭാഗീയത കൊടികുത്തി വാണിരുന്ന കാലത്ത് മധ്യസ്ഥന്റെ സ്ഥാനമായിരുന്നു അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്. പാർട്ടി വി എസ്-പിണറായി ഗ്രൂപ്പിസത്തിലേക്ക് വഴിമാറിയ കാലത്ത് കോടിയേരി വഹിച്ച പങ്ക് ചെറുതല്ല. പിന്നെ പാർട്ടിയുടെ അമരക്കാരനായി. 16 വർഷം പിണറായി വിജയൻ വഹിച്ചിരുന്ന പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം അങ്ങനെ കോടിയേരിയിലെത്തി.

പാർട്ടി നേതൃ സ്ഥാനങ്ങൾ കണ്ണൂരിൽ ഒതുക്കപ്പെടുന്നുവെന്ന് വിമർശനം വന്നിരുന്നുവെങ്കിലും കോടിയേരിയല്ലാത്ത മറ്റൊരു ഉചിതമായ പേര് അന്ന് സിപിഎമ്മിന് മുമ്പിലുണ്ടായിരുന്നില്ല. അഭ്യന്തരമന്ത്രിയിരുന്ന കോടിയേരി പാർലമെന്ററി പ്രവർത്തനത്തോട് വിടപറഞ്ഞ് പിന്നെ സമ്പൂർണ പാർട്ടി പ്രവർത്തനത്തിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു. ഭരണത്തുടർച്ചയുമായി പിണറായി മുഖ്യമന്ത്രി പദത്തിൽ തുടരുമ്പോൾ പാർട്ടി സെക്രട്ടറി പദത്തിൽ കോടിയേരി മൂന്നാമൂഴത്തിലേക്കു കടന്നു. പക്ഷെ അനാരോഗ്യം കോടിയേരിയെ വീണ്ടും വിശ്രമത്തിലേക്ക് പോകുകയാണ് ഉണ്ടായത്.

1953-ൽ കോടിയേരി മൊട്ടമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണി അമ്മയുടെയും ഇളയ മകനായിട്ടാണ് കോടിയേരിയുടെ ജനനം. ആറാം വയസ്സിൽ അച്ഛന്റെ മരണം. അമ്മയുടെ തണലിൽ നാലു സഹോദരിമാർക്കൊപ്പം ജീവിതം. സമീപത്തെ കോടിയേരി ഓണിയൻ സ്‌കൂളിൽ അന്നത്തെ കേരള സ്റ്റുഡന്റ് ഫെഡറേഷന്റെ നേതാവ്. പിന്നീട് മാഹി മഹാത്മാഗാന്ധി കോളേജിൽ പ്രീഡിഗ്രി വിദ്യാർത്ഥിയായിരിക്കെ പ്രഥമ യൂണിയൻ ചെയർമാൻ. ബാലകൃഷ്ണൻ സിപിഎമ്മിന്റെ സജീവ പ്രവർത്തകനായി മാറിയിരുന്നു അപ്പോഴേക്കും.

പതിനാറാംവയസ്സിൽ പാർട്ടി അംഗത്വം, പതിനെട്ടാം വയസ്സിൽ ലോക്കൽ സെക്രട്ടറി. ഇതിനിടയിൽ എസ്.എഫ്.ഐ.യുടെയും ഡിവൈഎഫ്ഐയുടെയും നേതൃതലങ്ങളിലും പ്രവർത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് 16 മാസം കണ്ണൂർ സെൻട്രൽ ജയിലിൽ മിസാ തടവുകാരൻ. ജയിലിൽ പിണറായി വിജയനും എംപി. വീരേന്ദ്രകുമാറും ഉൾപ്പെടെ ഒട്ടേറെപ്പേർ. പൊലീസ് മർദനത്തിൽ അവശനായ പിണറായിയെ സഹായിക്കാൻ നിയുക്തനായത് കൂട്ടത്തിൽ ഇളയവനായ ബാലകൃഷ്ണനായിരുന്നു.

അന്ന് തലശ്ശേരി മേഖലയിലെ യുവനേതാക്കളായിരുന്ന ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് ജയിൽജീവിതം കൂടുതൽ കരുത്തുപകർന്നുവെന്ന് പറയപ്പെടുന്നു. സിപിഎം. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പിണറായി സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ടി. ഗോവിന്ദനായിരുന്നു ആ സ്ഥാനത്തെത്തിയത്. അധികംവൈകാതെ സെക്രട്ടറിയുടെ ചുമതല കോടിയേരിയെ തേടിയെത്തി.

1982, 1987, 2001, 2006, 2011 തിരഞ്ഞെടുപ്പുകളിൽ തലശ്ശേരിയെ നിയമസഭയിൽ പ്രതിനിധാനം ചെയ്തു. 2001-ൽ പ്രതിപക്ഷ ഉപനേതാവായി. 2006-ൽ വി എസ്. മന്ത്രിസഭയിൽ ആഭ്യന്തര-ടൂറിസം വകുപ്പ് മന്ത്രി. 2008-ൽ 54-ാം വയസ്സിൽ പൊളിറ്റ് ബ്യൂറോയിലേക്കും 2015-ൽ സംസ്ഥാന സെക്രട്ടറി പദത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. വിഭാഗീയതയുടെ കനലുകൾ അപ്പോഴേക്കും അണഞ്ഞുതുടങ്ങിയിരുന്നു. പിണറായി പ്രവർത്തനം പാർലമെന്ററി രംഗത്തേക്കു മാറ്റിയപ്പോൾ പാർട്ടിയെ കോടിയേരി നയിച്ചു. 2018-ൽ വീണ്ടും സെക്രട്ടറി പദത്തിൽ. 2019-ൽ ചില ആരോഗ്യപ്രശ്നങ്ങൾ കോടിയേരിയെ അലട്ടിത്തുടങ്ങി. ഇതിനിടയിൽത്തന്നെയായിരുന്നു മക്കളുടെ പേരിലുള്ള വിവാദങ്ങളും. മകന്റെ അറസ്റ്റിലേക്കുവരെ വിവാദം വളർന്നു.

2020 നവംബർ 13-ന് സെക്രട്ടറിപദത്തിൽനിന്ന് സ്വമേധയാ അവധിയെടുത്തു. അങ്ങനെ ഇടക്കാലത്ത് എ.വിജയരാഘവനെ ആക്ടിങ് സെക്രട്ടറിയായി ചുമതലയേൽപിച്ചു. പക്ഷേ, ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകളുടെ ചുമതല കോടിയേരിക്കു തന്നെയായിരുന്നു. എതിരാളികൾക്കുപോലും സ്വീകാര്യമായ നയതന്ത്രം തന്നെയായിരുന്നു പാർട്ടിയിലും കേരള രാഷ്ട്രീയത്തിലും കോടിയേരിക്ക് വലിയ സ്വീകാര്യത നൽകിയത്.

 

ചികിത്സയ്ക്ക് ശേഷം വീണ്ടും സജീവമായ കോടിയേരി സെക്രട്ടറി പദത്തിലേക്ക് തന്നെ തിരിച്ചെത്തി. എന്നാൽ ഇപ്പോൾ ആരോഗ്യസ്ഥിതി അനുവദിക്കാതെ വന്നതോടെ അദ്ദേഹം സ്വയം മാറാനുള്ള താത്പര്യം പാർട്ടിയെ അറിയിച്ചു. പകരക്കാരനായി ഗോവിന്ദൻ മാഷ് എന്ന് കണ്ണൂർക്കാരനെ തന്നെ കണ്ടെത്തി. അടിമുടി പാർട്ടിയെ സ്നേഹിച്ച സൗമ്യനായ നേതാവാണ് ഒടുവിൽ വിട പറയുന്നത്. 

സിപിഎം നേതാവും തലശ്ശേരി മുൻ എംഎ‍ൽഎയുമായ എം വി രാജഗോപാലിന്റെ മകളും തിരുവനന്തപുരം ഓഡിയോ റിപ്രോഗ്രാഫിക് സെന്റർ ജീവനക്കാരിയുമായ എസ്.ആർ. വിനോദിനിയാണ് ഭാര്യ. മക്കൾ: ബിനോയ്, ബിനീഷ്. മരുമക്കൾ: ഡോ. അഖില, റിനീറ്റ. കണ്ണൂർ രാഷ്ട്രീയത്തിലെ അതികായനായ നേതാവിന് ആദരാജ്ഞലികൾ.