- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുണാകരനോട് പടവെട്ടിയ പഴയ കെപിസിസി അധ്യക്ഷന്റെ മകൻ; പികെവി മന്ത്രിസഭയിൽ ധനകാര്യം കൈകാര്യം ചെയ്ത അച്ഛന്റെ മകൻ കെപിസിസി ട്രഷററായയത് സുധാകരനെത്തിയപ്പോൾ; കെ എസ് യുവിലൂടെ തുടക്കം; വീക്ഷണത്തിൽ പത്രപ്രവർത്തകൻ; മാധ്യമ അദ്ധ്യാപകൻ; കെപിസിസി ട്രഷറർ പ്രതാപചന്ദ്രൻ അന്തരിച്ചു
തിരുവനന്തപുരം: കെപിസിസി ട്രഷറർ പ്രതാപചന്ദ്രൻ അന്തരിച്ചു. തിരുവനന്തപുരത്താണ് അന്ത്യം. സമുന്നത കോൺഗ്രസ് നേതാവും കെപിസിസി മുൻ പ്രസിഡന്റും മുൻ ധനകാര്യമന്ത്രിയുമായിരുന്ന എസ്. വരദരാജൻ നായരുടെ മകനാണ്. രാവിലെ വഞ്ചിയൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
യൂണിവേഴ്സിറ്റി കോളജിൽ കെഎസ് യുവിന്റെ കരുത്തനായ നേതാവായിരുന്നു പ്രതാപചന്ദ്രൻ. തുടർന്ന് കെഎസ് യു ജില്ലാ പ്രസിഡന്റായി. ഇതിനിടെ രാഷ്ട്രീയ രംഗത്ത് നിന്ന് അവധിയെടുത്ത് ഡൽഹിയിൽ മാധ്യമപ്രവർത്തന മേഖലയിൽ ഉപരിപഠനത്തിനു പോയി. മടങ്ങിയെത്തിയ പ്രതാപചന്ദ്രൻ പിന്നീട് പാർട്ടി മുഖപത്രത്തിൽ ജോലി ചെയ്തിരുന്നു. ഇതിനൊപ്പം തൊഴിലാളി യൂണിയൻ രംഗത്തും സജീവമായിരുന്നു. കഴിഞ്ഞ പുനഃസംഘടനയിലാണ് പ്രതാപചന്ദ്രൻ കെപിസിസി നേതൃത്വത്തിൽ എത്തിയത്. വൈകിയെത്തിയ അംഗീകാരമായിരുന്നു അത്.
എൺപതുകളിൽ കെ കരുണാകരനൊപ്പം തലയെടുപ്പുള്ള നേതാവായിരുന്നു കോൺഗ്രസിൽ എസ് വരദരാജൻ നായർ. പികെ വാസുദേവൻ മന്ത്രിസഭയിലെ ധനമന്ത്രി. കെ കരുണാകരന്റെ സംഘടനാ കരുത്തിൽ മുഖ്യമന്ത്രിയാകാതെ പോയ നേതാവ്. വരദരാജൻ നായരുടെ മകനായ വി പ്രതാപചന്ദ്രനും സമാന അനുഭവങ്ങൾ പാർട്ടിയിലുണ്ടായി. വീക്ഷണത്തിൽ സജീവമായിരുന്ന പ്രതാപചന്ദ്രനെ ആരും ഗൗനിച്ചില്ല. കോൺഗ്രസിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സജീവമായ പ്രതാപചന്ദ്രന് വലിയ സ്ഥാനങ്ങളൊന്നും ആരും വേണ്ട സമയത്ത് നൽകിയിരുന്നില്ല.
വരദരാജൻ നായർക്ക് എൻഎസ്എസുമായി അടുത്ത ബന്ധമുണ്ടായിരുന്നു. പ്രതാപചന്ദ്രനും എൻഎസ്എസുമായി അടുത്ത ബന്ധമുണ്ടായിരുന്നു. നായർ സമുദായത്തെ പാർട്ടിയുമായി അടുപ്പിക്കാനാണ് കെ സുധാകരൻ കെപിസിസി അധ്യക്ഷനായ ശേഷം പ്രതാപചന്ദ്രനെ നേതൃത്വത്തിൽ എത്തിച്ചത്. പ്രതാപചന്ദ്രൻ എന്നും എ ഗ്രുപ്പിലായിരുന്നു. ഐഎൻടിയുസിയിൽ സജീവവുമായി. ഇതിനിടെ സുധാകരന്റെ പ്രത്യേക താൽപ്പര്യമാണ് പ്രതാപചന്ദ്രനെ ട്രഷററാക്കിയത്.
കെഎസ്‌യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിട്ടാണ് തുടക്കം. ഡിസിസി ഭാരവാഹിയുമായിരുന്നു. ദീർഘ നാൾ പത്രപ്രവർത്തകൻ ആയിരുന്നു പ്രതാപചന്ദ്രൻ മാധ്യമ അദ്ധ്യാപകനുമായിരുന്നു.