കൊച്ചി: വിടപറഞ്ഞ മുന്മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. എം.എ. കുട്ടപ്പന്റെ (76) സംസ്‌ക്കാരം ഇന്ന് വൈകിട്ട്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2001 ലെ എ.കെ. ആന്റണി മന്ത്രിസഭയിൽ പിന്നാക്ക, പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിയായിരുന്നു. നാല് തവണ നിയമസഭാംഗവുമായിരുന്നു.

ബുധനാഴ്ച രാവിലെ 10 മണിയോടെ എറണാകുളം ഡി.സി.സി. ഓഫീസിലെത്തിക്കുന്ന മൃതദേഹം 11 മണിവരെ പൊതുദർശനത്തിന്‌ െവക്കും. 11.30 മുതൽ പേരണ്ടൂർ റോഡിലെ നിവ്യ നഗറിലെ വീട്ടിലും പൊതുദർശനം ഉണ്ടായിരിക്കും. സംസ്‌കാരം നാലുമണിക്കു ശേഷം പച്ചാളം പൊതുശ്മശാനത്തിൽ നടക്കും. 1980ൽ വണ്ടൂരിൽനിന്നാണ് കുട്ടപ്പൻ ആദ്യമായി നിയമസഭയിൽ എത്തുന്നത്. 1987ൽ ചേലക്കരയിൽ നിന്നും 1996, 2001 വർഷങ്ങളിൽ ഞാറക്കലിൽ നിന്നും വിജയിച്ചു. 2001 മെയ്‌ മുതൽ 2004 ഓഗസ്റ്റ് വരെ പിന്നാക്ക - പട്ടികവിഭാഗക്ഷേമ മന്ത്രിയായിരുന്നു.

1947 ഏപ്രിൽ 12ന് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി വാളക്കുഴി ഇലവുങ്കൽ അയ്യപ്പൻ കല്യാണി ദമ്പതികളുടെ മകനായി ജനനം. എംബിബിഎസ് ബിരുദധാരിയായ അദ്ദേഹം ആതുരസേവനം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുക ആയിരുന്നു. . ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി, ആരോഗ്യവകുപ്പ്, കൊച്ചിൻ തുറമുഖ ട്രസ്റ്റ് ആശുപത്രി എന്നിവിടങ്ങളിൽ ജോലി നോക്കിയ കുട്ടപ്പൻ രാഷ്ട്രീയ പ്രവർത്തനത്തിനുവേണ്ടി ഉദ്യോഗം രാജിവെയ്ക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ ഹൗസ് സർജൻസിയിൽ സേവനം അനുഷ്ഠിക്കുമ്പോഴാണ് കുട്ടപ്പൻ മുഖ്യധാരാ രാഷ്ട്രീയത്തിൽ ആകൃഷ്ടനായത്.

കെപിസിസി ജനറൽ സെക്രട്ടറി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, കോൺഗ്രസ് (ഐ) പട്ടികജാതി/ വർഗ സെൽ സംസ്ഥാന ചെയർമാൻ, കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് അംഗം, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസ് പരിവർത്തനവാദി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ വന്ന കുട്ടപ്പൻ 1978-ൽ കോൺഗ്രസിൽ ചേർന്നു. പക്ഷാഘാതം വന്ന് പൊതുരംഗത്തുനിന്ന് മാറി നിൽക്കുകയായിരുന്നു. 2013-ൽ കുറവിലങ്ങാട്ട് എം.എ. ജോൺ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ പക്ഷാഘാതം വന്ന് വീഴുകയായിരുന്നു. ക്രമേണ പൊതുരംഗത്തുനിന്ന് ഒഴിവായി. ചികിത്സയിലൂടെ ആരോഗ്യം ഏറക്കുറെ വീണ്ടെടുത്തെങ്കിലും സജീവ രാഷ്ട്രീയത്തിലേക്ക് അദ്ദേഹം എത്തിയില്ല.

ജന്മം കൊണ്ട് പത്തനംതിട്ടക്കാരനാണെങ്കിലും കർമ്മം കൊണ്ട് ഡോ എം എ കുട്ടപ്പൻ കൊച്ചിക്കാരനായി. റിട്ട. അദ്ധ്യാപിക ബീബി ജോണാണ് ഭാര്യ. മക്കൾ: അജിത്ത് പ്രശാന്ത് (കൽപ്പറ്റ), അനന്തു പ്രവീൺ (എൽ.എൽ.ബി. വിദ്യാർത്ഥി). എറണാകുളം പേരണ്ടൂർ നിവ്യ നഗറിലെ സാകേതിലായിരുന്നു താമസം.