തിരുവനന്തപുരം: അദ്ധ്യാപികയും എഴുത്തുകാരിയുമായിരുന്ന എം.ലക്ഷ്മിക്കുട്ടിയമ്മ(87) അന്തരിച്ചു. കുഴിത്തുറ ശ്രീദേവി കുമാരി വിമൻസ് കോളേജ് പ്രിൻസിപ്പലും മലയാള അദ്ധ്യാപികയുമായിരുന്നു. കാവാലം ഓലിക്കൽ കുടുംബാംഗമാണ്. കവി അയ്യപ്പപ്പണിക്കരുടെ സഹോദരിയാണ്. മകന്റെ വസതിയായ പാപ്പനംകോട് വിശ്വംഭരൻ റോഡ് മണിയങ്കരത്തോപ്പ് ' കാവാലം വീട്ടിലായിരുന്നു അന്ത്യം.

അയ്യപ്പപ്പണിക്കരെ അനുസ്മരിച്ച് ലക്ഷ്മിക്കുട്ടിയമ്മ എഴുതിയ ' നിറവേറിയ വാഗ്ദാനം, അയ്യപ്പപ്പണിക്കർ എന്റെ കൊച്ചേട്ടൻ' എന്ന പുസ്തകം ശ്രദ്ധേയമായിരുന്നു. കവിയുടെ പതിനാറാം ചരമവാർഷികത്തലേന്നാണ് സഹോദരി വിടവാങ്ങിയത്.

പരേതനായ കെ.ബി.നായരാണ് ഭർത്താവ്. മക്കൾ; ഡോ.ആനന്ദ് കെ.ബി (റിട്ട.പ്രൊഫസർ, വി.ടി.എം.എൻ.എസ്.എസ് കോളേജ്, ധനുവച്ചപുരം), ബി.അമൃത് ലാൽ (ഡെപ്യൂട്ടി എഡിറ്റർ, ഇന്ത്യൻ എക്സ്പ്രസ്, ന്യൂഡെൽഹി). മരുമക്കൾ: ശ്രീജ പി.എം (സീനിയർ മാനേജർ, ഐ.ഒ.ബി ചാറോട്ടുകോണം) സിന്ധു വി.നായർ. സഞ്ചയനം പാപ്പനംകോട്ടെ വസതിയിൽ വെള്ളിയാഴ്ച രാവിലെ എട്ടിന്.