മുംബൈ: പ്രമുഖ ബോളിവുഡ് നടി മാധുരി ദീക്ഷിത്തിന്റെ അമ്മ സ്‌നേഹലത ദീക്ഷിത് അന്തരിച്ചു.91 വയസ്സായിരുന്നു.ഞായറാഴ്ച രാവിലെ മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം.

മാധുരി ദീക്ഷിതും ഭർത്താവ് ഡോ. ശ്രീരാം നെനെയും സംയുക്ത പ്രസ്താവനയിലൂടെയാണ് മരണ വിവരം അറിയിച്ചത്. സംസ്‌കാര ചടങ്ങുകൾ ഉച്ചക്ക് മൂന്നിന് വർളി ശ്മശാനത്തിൽ നടക്കും. തന്റെ ജീവിത വിജയങ്ങൾക്ക് പിന്നിൽ അമ്മയാണെന്ന് മാധുരി ദീക്ഷിത് അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.

അമ്മയുടെ 90-ാം പിറന്നാളിന് മാധുരി ദീക്ഷിത് അമ്മയേക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളും കുറിപ്പും ഏറെ ശ്രദ്ധനേടിയിരുന്നു.കഴിഞ്ഞ വർഷം ജൂണിൽ, മാധുരി സ്നേഹലതയുടെ 90-ാം ജന്മദിന വേളയിൽ കുടുംബ ഫോട്ടോകൾ അടങ്ങുന്ന ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് ചെയ്തിരുന്നു.

മാധുരി തന്റെ അമ്മയ്ക്കും ഭർത്താവ് ശ്രീറാം നീനവിനും ഒപ്പമുള്ള ഫോട്ടോയാണ് പോസ്റ്റ് ചെയ്തത്. സ്‌നേഹലതയുടെ ഒറ്റയ്ക്കുള്ള ചിത്രവും ഈ പോസ്റ്റിൽ ഉണ്ടായിരുന്നു. ആ പോസ്റ്റിന്റെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു, ''ഹാപ്പി ബർത്ത്‌ഡേ, ആയ്! മകളുടെ ഏറ്റവും നല്ല സുഹൃത്താണ് അമ്മയാണ്. അതിലും വലിയ ശരി എന്റെ ജീവിതത്തിൽ ഇല്ല. എനിക്ക് വേണ്ടി ചെയ്ത എല്ലാ കാര്യങ്ങൾക്കും നന്ദി. നിങ്ങൾ പഠിപ്പിച്ച പാഠങ്ങളാണ് നിങ്ങളിൽ നിന്നും ലഭിച്ച വലിയ സമ്മാനം'എന്നായിരുന്നു കുറിപ്പ്